വേറിട്ട കാഴ്ച്ചപ്പാടിന്റെ ഉടമ

കാനം രാജേന്ദ്രൻ
Posted on September 18, 2020, 5:30 am

കാനം രാജേന്ദ്രൻ

ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗ്ഗവൻ ഓർമ്മയായിട്ട് ഇന്ന് ഏഴുവർഷം തികയുന്നു. വെളിയം ഭാർഗ്ഗവൻ ഒരു പ്രക്ഷോഭകാരിയും പോരാളിയുമായിരുന്നു. തന്റെ ആശയങ്ങൾ നിത്യജീവിതത്തിൽ പകർത്തിക്കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയത്തിൽ സദാചാരവും മൂല്യബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിൽ നിന്നും വേറിട്ടു നടക്കാൻ ആഗ്രഹിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചോരപ്പാടുകൾ വീണവഴികളിലൂടെയാണ് തന്റെ തലമുറയ്ക്കൊപ്പം വെളിയവും സഞ്ചരിച്ചത്. അങ്ങനെ യാത്ര തുടങ്ങിയവർ മനസ്സിൽ കുറിച്ചിട്ട നിസ്വന്റെ അന്തിമമായ അധികാര സമ്പാദനത്തിലല്ല. അതിന്റെ ആധികളും ആകുലതകളും മനസ്സിൽ നിറയുമ്പോഴും പുതിയ യാഥാർത്ഥ്യത്തെ കണ്ണിമയ്ക്കാതെ നോക്കിക്കാണാനും തങ്ങൾക്കാവുന്ന രീതിയിൽ നിസ്വവർഗ്ഗത്തിനനുകൂലമായി മാറ്റിത്തീർക്കാനുമായിരുന്നു വെളിയത്തിന്റെ തലമുറയുടെ നിയോഗം.

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ മുഖ്യധാര പരിമിതമായ രാഷ്ട്രീയാധികാര സാധ്യതകളിലേക്ക് എടുത്തുയർത്തപ്പെടുകയും അതുയർത്തിയ വെല്ലുവിളികൾ നേരിടേണ്ടി വരികയും ചെയ്തപ്പോൾ പഴയ പോരാട്ട വീര്യത്തോടെ തന്നെ അതെല്ലാം കണ്ട, അനുഭവിച്ച, അവ നൽകിയ കർത്തൃത്വസാധ്യതകളെ പലകുറി ഫലപ്രദമായി ഉപയോഗിച്ചവരുടെ പട്ടികയിലാണ് വെളിയത്തിനുള്ള സ്ഥാനം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുതിപ്പും കിതപ്പും കണ്ട നേതാവാണ് വെളിയം. നമുക്കെല്ലാം പരിചിതമായ വെളിയത്തിന്റെ രാഷ്ട്രീയജീവിതത്തിൽ അതിന്റെ അനുരണനങ്ങളുമുണ്ട്. ഒരർത്ഥത്തിൽ മഹാരഥൻമാർക്കൊപ്പവും അൽപമൊക്കെ അവരുടെ നിഴലിലും വളർന്ന രാഷ്ട്രീയ വ്യക്തിത്വമാണത്. ജാതിവ്യവസ്ഥ വർഗ്ഗപ്പിരിവുകൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് തങ്ങൾ ജീവിച്ച മണ്ണിൽ ഉറച്ചുനിന്നു പഠിക്കുകയും അങ്ങനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സുപ്രധാനഭാഗമായി കാണുകയും ചെയ്തവരുടെ കാലം.

ഇന്ത്യൻ വിപ്ലവത്തെ കുറിച്ചുള്ള വെളിയത്തിനൊപ്പം നിന്നവരുടെ അന്വേഷണങ്ങളിലും കണ്ടെത്തലുകളിലും നിലപാടുകളിലുമെല്ലാം ഈ വലിയ ചിന്തകളുടെ ചക്രവാളം തെളിഞ്ഞുകത്തി നിൽക്കുന്നുണ്ടായിരുന്നു. എഐവൈഎഫിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1970 ൽ ഇരുപതാമത്തെ വയസ്സിൽ എന്നെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടർന്ന് എന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിവന്നു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് വാൻറോസ് ജംഗ്ഷനിൽ ആണ് പ്രവർത്തിച്ചുകൊണ്ടിരുന്നതെങ്കിലും തിരുവനന്തപുരത്ത് ഉള്ളപ്പോൾ പാർട്ടി ഓഫീസിലെ നിത്യസന്ദർശകനായിരുന്നു ഞാൻ. എഐവൈഎഫ് സെക്രട്ടറി എന്ന നിലയിൽ എന്നെ പാർട്ടി സംസ്ഥാന കൗൺസിലിലേക്ക് ക്ഷണിച്ചിരുന്നു. ഈ അവസരത്തിലാണ് മുതിർന്ന പാർട്ടി നേതാക്കളുമായി കൂടുതൽ അടുക്കാനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള സന്ദർഭം ഉണ്ടായത്. അന്ന് യുവജന — വിദ്യാർത്ഥി രംഗത്തിന്റെ ചുമതല പാർട്ടി സെക്രട്ടേറിയറ്റ് മെമ്പറായിരുന്ന ആന്റണി തോമസിനായിരുന്നു. സഖാവ് വെളിയം ഭാർഗ്ഗവന്റെ പ്രവർത്തനരംഗം അന്ന് പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ ആയിരുന്നു.

അദ്ദേഹവുമായി അടുക്കാനും ബന്ധം സ്ഥാപിക്കാനും ഇടയായ സാഹചര്യം ഉണ്ടായത് അക്കാലത്താണ്. എംഎൽഎ ക്വാർട്ടേഴ്സിലെ 27-ാം നമ്പർ മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഞാൻ പതിയെ പതിയെ അവിടെ ഒരു നിത്യസന്ദർശകനായി മാറി. അന്ന് സംസ്ഥാനതല പാർട്ടി സ്കൂൾ സഖാവ് പി ആർ നമ്പ്യാരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന കാലമായിരുന്നു. മുതിർന്ന കേഡർമാർക്കും അവരോടൊപ്പം തന്നെ യുവകേഡർമാർക്കും രാഷ്ട്രീയ പരിശീലനം നൽകാൻ പാർട്ടി വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ശ്രദ്ധിച്ചു. പാർട്ടി സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ഒരാൾ വെളിയം ഭാർഗ്ഗവനായിരുന്നു. ചെറുപ്പക്കാരായ കേഡർമാരെ പാർട്ടി നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ബോധപൂർവ്വമായ പ്രവർത്തനം ആവശ്യമുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നു. എഐവൈഎഫ് അന്ന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘടനയായിരുന്നു. സി കെ ചന്ദ്രപ്പന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ യുവാക്കളെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭ സമരങ്ങൾ നയിക്കുന്ന കാലം. തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം, 18 വയസ്സിൽ വോട്ടവകാശം തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു അവയിൽ പ്രധാനപ്പെട്ടത്.

വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് നിരവധി സമരങ്ങൾ അക്കാലത്ത് എഐവൈഎഫ് നടത്തിയിട്ടുണ്ട്. ഈ നിരന്തര സമരങ്ങളിലൂടെയും പ്രചരണ പ്രവർത്തനങ്ങളിലൂടെയും എഐവൈഎഫിന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കാനും നിരവധി പുതിയ പ്രവർത്തകരെ സജീവ പ്രവർത്തനരംഗത്തു കൊണ്ടുവരാനും കഴിഞ്ഞിരുന്നു. അങ്ങനെയുള്ള പ്രവർത്തകരെ നല്ല കമ്മ്യൂണിസ്റ്റാക്കി വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യക­തയെക്കുറിച്ച് നിരന്തരമായി ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിൽ ഒരാൾ വെളിയം ഭാർഗ്ഗവനായിരുന്നു. എഐവൈഎഫിന്റെ പരിശീലന പരിപാടികൾക്കു പുറമെ പാർട്ടി ക്ലാസുകൾ കൂടി സംഘടിപ്പിച്ച് അവരുടെ രാഷ്ട്രീയ നിലവാരം മെച്ചപ്പെടുത്തിയെടുക്കാൻ തീവ്രശ്രമം നടത്തിയതിന്റെ ഫലമായി പാർട്ടിയെ സജീവമാക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു. എഴുപതുകൾക്കുശേഷം എഐവൈഎഫ് — എഐഎസ്എഫ് പ്രവർത്തകരായി കടന്നുവന്ന സഖാക്കളാണ് ഇന്ന് കേരളത്തിലെ സിപിഐ നേതൃനിരയെ നയിക്കുന്നവരിൽ ഭൂരിപക്ഷവും. സംഘടനാരംഗത്തെ എൻ ഇ ബാലറാം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ് ഈ നേട്ടത്തിന് അടിസ്ഥാനം.

സാധാരണ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരിക്കണം സിപിഐ യുടേതെന്ന് വെളിയത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നമായ ഒരു പ്രതിച്ഛായ സിപിഐക്ക് ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും ജനപക്ഷത്ത് നിന്ന് പോരാടാനും കഴിയുന്ന ഒരു പാർട്ടിക്ക് മാത്രമേ ജനങ്ങളുടെ മനസ്സിൽ ഇടമുണ്ടാവുകയുള്ളുവെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ആ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തനം. വർഗ്ഗീയതയ്ക്കും ജനാധിപത്യധ്വംസനത്തിനും ഒക്കെ എതിരായ പ്രവർത്തനം കൂടുതൽ ശക്തമായി നടത്തേണ്ട ഒരു കാലഘട്ടമാണിത്. വെളിയത്തിന്റെ സ്മരണകൾ നമ്മുടെ വരുംകാല പ്രവർത്തനങ്ങൾക്ക് കരുത്തു പകരും.