ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാറിനെ ദേശദ്രോഹ കുറ്റത്തിന്റെ പേരിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കനയ്യ കുമാറിനെയും മറ്റ് ഒമ്പതു പേരെയും പ്രോസിക്യുട്ട് ചെയ്യാനാണ് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. എന്നാൽ ഡൽഹി സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ശക്തമാകുകയാണ്. രാജ്യദ്രോഹക്കുറ്റം മനസ്സിലാക്കുന്നതിൽ കേന്ദ്രത്തേക്കാളും വിവരക്കേടാണ് ഡൽഹി സർക്കാരിന് ഉള്ളതെന്നായിരുന്നു കോൺഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചത്.
ഡൽഹി സർക്കാരിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ് പട്വർധനും രംഗത്തെത്തി. കെജ്രിവാൾ സ്വന്തം ആത്മാവിനെ ചെകുത്താന് വിൽക്കുകയാണെന്ന് ആനന്ദ് പട്വർധൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കനയ്യ കുമാറിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി പൊലീസ് കഴിഞ്ഞ വർഷമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്. 2016ൽ നടന്ന പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നതായിരുന്നു ആരോപണം. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ അനുസ്മരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അതേസമയം പ്രോസിക്യൂഷന് അനുമതി നൽകിയ ഡൽഹി സർക്കാർ തീരുമാനത്തെ കനയ്യ കുമാർ സ്വാഗതം ചെയ്തു. ദേശവിരുദ്ധമായി ഞാനൊന്നും സംസാരിച്ചിട്ടില്ല. കോടതി ഇക്കാര്യം തീരുമാനിക്കട്ടെ. മാധ്യമ വിചാരണ കോടതി വിചാരണയ്ക്കു വഴിമാറട്ടെ. എങ്കിലേ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദേശദ്രോഹ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് പുറത്തുവരൂവെന്നായിരുന്നു കനയ്യയുടെ പ്രതികരണം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.