Janayugom Online
kandathuvayal murder

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; കാരണമറിഞ്ഞാല്‍ അതിശയിക്കും:വിശ്വനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Web Desk
Posted on September 21, 2018, 10:29 pm

മാനന്തവാടി: നാടിനെ നടുക്കിയ കണ്ടത്തുവയല്‍ ഇരട്ട കൊലപാതകത്തില്‍ പിടിയിലായ പ്രതി വിശ്വനാഥനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചൊവ്വാഴ്ച അറസ്റ്റിലായ വിശ്വനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിലുള്ളത്.

ചെറുപ്പം മുതല്‍ സ്ത്രീകള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ ഒളിഞ്ഞു നോട്ടവും മോഷണവുമായിരുന്നു വിശ്വന്റെ വിനോദം. പിടിക്കപ്പെട്ടാലും ഭയമില്ല. പുറത്തിറങ്ങിയാല്‍ വീണ്ടും ഒളിഞ്ഞുനോട്ടവും മോഷണവും തുടരും.

മോഷണത്തിനിടെ ഒരു തവണ കിണറ്റില്‍ വീണിട്ടും രക്ഷപ്പെട്ടു.മറ്റൊരു തവണ നാട്ടുകാര്‍ തലയടിച്ചു പൊട്ടിച്ചു.ശസ്ത്രക്രിയ നടത്തി വീണ്ടും മോഷണത്തില്‍ സജീവമായി. മോഷ്ടാവും ക്രിമിനലുമാണങ്കിലും ധൂര്‍ത്തില്ല. മദ്യപാനം മാത്രമാണ് മറ്റൊരു ഹോബി. ആശാരി പ്പണിയും കെട്ടിടം പണിയുമാണ് ജോലി. ഈ ജോലികള്‍ ഇല്ലാതാവുമ്പോള്‍ ലോട്ടറി വില്പന നടത്തും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മക്കളില്ലാത്തതിനാല്‍ ഭാര്യയുടെ ചികിത്സക്കായും നല്ല തുക ചിലവായി. ജീവിത ചെലവ് വര്‍ദ്ധിച്ചപ്പോള്‍ ഇടക്ക് ഗള്‍ഫില്‍ പോയി.അവിടെ കൃത്യമായ ശമ്പളത്തോടെ ജോലി ലഭിക്കാതെയാപ്പോള്‍ മടങ്ങിപോന്നു. വീണ്ടും മോഷണം അവസാനിപ്പിച്ച് ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരുന്നപ്പോള്‍ ഭാര്യയുടെ ആരോഗ്യനില ഗുരുതരമായി. മോഷ്ടാവാണങ്കിലും ജീവിത ചെലവുകള്‍ക്കിടയില്‍ വരുന്ന സാമ്പത്തിക ബാധ്യത നീട്ടി വക്കാന്‍ വിശ്വന്‍ തയ്യാറല്ല. മോഷ്ടിച്ചാണങ്കിലും ബാധ്യതകള്‍ തീര്‍ക്കും. ഭാര്യയുടെ ചികിത്സ,ലോട്ടറി വില്പനയ്ക്കായി കാര്‍ വാങ്ങല്‍,സ്വന്തം ചികിത്സ,ഗള്‍ഫില്‍ പോകാനുള്ള ചിലവ് എന്നിങ്ങനെയാണ് സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചത്.

ഇരട്ടക്കൊല നടന്ന ജൂലൈ അഞ്ചിന് ഈ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതൊന്നുമായിരുന്നില്ല. അങ്ങനെയൊരു പതിവ് വിശ്വനില്ല.നല്ല മഴയുള്ള ദിവമായിരുന്നു അന്ന്. കുറ്റ്യാടിയില്‍ നിന്ന് മദ്യപിച്ചാണ് മാനന്തവാടിക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയത്.ടിക്കറ്റ് എടുത്തത് വീടിനടുത്തെ സ്റ്റോപ്പിലേക്കായിരുന്നുവത്രെ.ബസിലിരുന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മക്കിയാട് കാഞ്ഞിരങ്ങാട് കഴിഞ്ഞു.തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. മരണപ്പെട്ട ദമ്പതികളുടെ റോഡരികിലുള്ള വീട്ടില്‍ വെളിച്ചം കണ്ടു.വാതില്‍ തുറന്ന് കിടന്നത് ശ്രമം എളുപ്പമാക്കി. അകത്ത് കടന്നപ്പോള്‍ ഇരുവരും ഉറങ്ങുകയായിരുന്നു. കൊലപാതകമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നില്ല. സ്വയരക്ഷക്കാണ് ഒരു കമ്പിവടി കൈയ്യില്‍ കരുതിയത്. ദമ്പതികള്‍ ഉണര്‍ന്നപ്പോള്‍ അടിച്ചു വീഴ്ത്തി തലയില്‍ അമര്‍ത്തി കൊല നടത്തി.സ്വര്‍ണ്ണം മാത്രം മോഷ്ടിച്ചു.

രസകരമായ ശീലങ്ങള്‍

വിശ്വന്റെ മോഷണത്തിനുമുണ്ട് ചില പ്രത്യേകതകള്‍. മോഷ്ടിച്ച് കഴിഞ്ഞാല്‍ വെപ്രാളത്തില്‍ ഓടുന്ന പതിവൊന്നുമില്ല.മോഷണം നടത്തുന്ന സ്ഥലത്ത് നിന്ന് തന്നെ കൈയ്യും കാലും മുഖവും കഴുകി മുടി ചീകിയൊതുക്കി നല്ല സ്‌റ്റൈലില്‍ മടങ്ങും.കണ്ടത്തുവയല്‍ സംഭവത്തിന് ശേഷവും ഈ ശീലം ആവര്‍ത്തിച്ചു.അതിനിടെ ചീപ്പ് നിലത്ത് വീണ് പോയത്.കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത ചീപ്പ് തന്റേത് തന്നെയാണന്ന് വിശ്വന്‍ പൊലീസിനോട് പറഞ്ഞു.മോഷണം കഴിഞ്ഞ് മോഷണമുതലുമായി ഉറക്കം.
കണ്ടത്തുവയലില്‍ കൊലപാതകം നടത്തി മോഷ്ടിച്ച സ്വര്‍ണ്ണവുമായി പുലര്‍ച്ചെ നാല് മണി വരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി.അതിന് ശേഷം ഒരു ലോറിയില്‍ കയറി നാട്ടിലേക്ക് പോയി.ആഗസ്റ്റ് മാസം അവസാനം ഗള്‍ഫിലേക്ക് വിശ്വന്‍ മടങ്ങി പോകാനിരുന്നതാണ്.മോഷ്ടിച്ച സ്വര്‍ണ്ണം കുറ്റ്യാടിയില്‍ സേട്ടുവിന് വിറ്റ് കിട്ടിയ പണം കൊണ്ട് ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ ശസ്ത്രക്രിയ സെപ്റ്റംബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ചു.13000 രൂപ ഇതിനകം ഈ തുകയില്‍ നിന്ന് ചികിത്സക്ക് ചിലവഴിച്ചു.50,000 രൂപ ബന്ധുവായ ഒരു സ്ത്രീക്ക് കുടുംബശ്രീയിലെ ബാധ്യത തീര്‍ക്കാന്‍ കൊടുത്തു.ലോട്ടറി വില്പനക്കായി വാങ്ങിയ കാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.25000 രൂപ ആ ഇനത്തില്‍ ചിലവഴിച്ചു.എന്നാല്‍ കാര്‍ വിശ്വന്റെ കൈവശമില്ല.അനധികൃതമായി മദ്യം കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ കാര്‍ ചൊക്ലി പൊലീസ് സ്റ്റേഷനിലാണ്.
ഇനിയും ഒട്ടേറെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.