ജൻ ഗൺ മൻ യാത്രയുടെ സമാപനം; പട്നയിൽ ലക്ഷങ്ങളുടെ റാലി നാളെ

Web Desk

പട്ന

Posted on February 26, 2020, 8:39 pm

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറിന്റെ നേതൃത്വത്തിൽ നടന്ന ജൻ ഗൺ മന യാത്ര നാളെ സമാപിക്കും. പട്ന ഗാന്ധി മൈതാനിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം. റാലിയിൽ പങ്കെടുക്കുന്നതിന് രണ്ടു ദിവസമായി ആളുകൾ ബിഹാറിന്റെ തലസ്ഥാനത്തേയ്ക്ക് ഒഴുകുകയാണ്. സംഘാടകരുടെ കണക്കുക്കൂട്ടലുകൾ തെറ്റിക്കുന്ന പങ്കാളിത്തമുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

35 ജില്ലകളിലൂടെ 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് യാത്ര സമാപിക്കുന്നത്. ചെറുതും വലുതുമായ 50ലധികം പൊതുസമ്മേളനങ്ങളാണ് യാത്രയുടെ സ്വീകരണത്തിനായി സംഘടിപ്പിക്കപ്പെട്ടത്. 30, 000 മുതൽ ഒന്നര ലക്ഷം വരെ ബഹുജനങ്ങൾ ഈ സ്വീകരണങ്ങളിൽ പങ്കെടുത്തുവെന്നാണ് കണക്ക്. നൂറുകണക്കിന് ബഹുജനസംഘടനകൾ പിന്തുണച്ചിരുന്നുവെങ്കിലും സിപിഐയുടെ നേതൃത്വത്തിലായിരുന്നു എല്ലായിടങ്ങളിലും ബഹുജനറാലികൾ സംഘടിപ്പിച്ചത്. ഇപ്റ്റയുടെ സാംസ്കാരിക വിഭാഗമാണ് യാത്രയിൽ കലാപരിപാടികൾ ഒരുക്കിയത്.

ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30‑ന് ചമ്പാരൻ ജില്ലയുടെ തലസ്ഥാനമായ ബേട്ടിയയിലെ ബിധ്ദ്വാ ഗാന്ധി ആശ്രമത്തിൽ നിന്നാണ് കനയ്യകുമാറിന്റെ യാത്ര ആരംഭിച്ചത്. തുടക്കം മുതൽ യാത്ര തടയുന്നതിനുള്ള ശ്രമങ്ങളുണ്ടായി. എട്ടുതവണയാണ് വിവിധ സംഘപരിവാർ സംഘടനകൾ യാത്രാ വാഹനങ്ങളെ ആക്രമിച്ചത്. തുടക്കം മുതൽ സിപിഐ നേതൃത്വത്തിലുള്ള പീപ്പിൾസ് വോളണ്ടിയർ കോറിന്റെ പരിശീലനം സിദ്ധിച്ച പ്രവർത്തകർ യാത്രയെ അനുഗമിക്കുന്നുണ്ടായിരുന്നു. 29 ന് പട്നയിൽ സമാപിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാൽ പട്ന മൈതാനം അനുവദിക്കാതിരിക്കുന്നതിന് അധികൃതർ കുതന്ത്രം മെനഞ്ഞതിനാൽ സമാപനം രണ്ടുദിവസം നേരത്തേ ആക്കുകയായിരുന്നു.

Eng­lish Sum­ma­ry; Kan­haiya Kumar Jan Gan Man Yatra

YOU MAY ALSO LIKE THIS VIDEO