ജെഎന്‍യു: ദേശദ്രോഹക്കുറ്റം ചുമത്തി; രാഷ്ട്രീയലാക്കില്‍ കുറ്റപത്രം

Web Desk
Posted on January 14, 2019, 10:56 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാറിനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി വസന്ത്കുഞ്ച് പൊലീസ് രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിച്ചു.

രാജ്യദ്രോഹത്തിന് (ഐപിസി 124 എ) പുറമെ ഗൂഢാലോചന (120 ബി), കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് 1,200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ഗൂഢപദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2016 ഫെബ്രുവരി 9 ന് ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. കനയ്യകുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, കശ്മീര്‍ സ്വദേശികളായ അക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബാഷാരത് അലി, ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും.

എബിവിപിക്കാര്‍ നല്‍കിയ പരാതിയുടെയും അവരുണ്ടാക്കി നല്‍കിയ വ്യാജ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു 2016 ഫെബ്രുവരി 11ന് വസന്ത്കുഞ്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആദ്യം അജ്ഞാതവ്യക്തിയുടെ പേരില്‍ പരാതി ലഭിച്ചുവെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ ബിജെപിയുടെ എംപി യും എബിവിപി പ്രവര്‍ത്തകരും പരാതിയുമായെത്തുകയായിരുന്നു. ഇവര്‍ വ്യാജ ദൃശ്യങ്ങളും നല്‍കി.

ജെഎന്‍യു അറസ്റ്റിനെ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്താകെ നടന്നിരുന്നു. രാജ്യത്തുടനീളം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടത്തിയത്. എബിവിപിയുടെ നേതൃത്വത്തില്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോകളാണ് കനയ്യക്കും സംഘത്തിനും എതിരെ പൊലീസ് തെളിവായി സ്വീകരിച്ചതെന്ന് പിന്നീട് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു.

എഐഎസ്എഫ് നേതാവ് അപരാജിത രാജ അടക്കം പ്രകടനത്തില്‍ പങ്കെടുത്ത 36 പേരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് പറയുന്നു. വിദ്യാര്‍ഥി നേതാക്കളായ ഷെഹ്‌ല റാഷിദ് ഷോറ, രാമനാഗ, അശുതോഷ് കുമാര്‍, വനജ്യോത്സന ലാഹിരി തുടങ്ങിയവരെയും കുറ്റപത്രത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയിലെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറാണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കുന്നതിനും നേതൃത്വം നല്‍കിയത് എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് കാമ്പസില്‍ നടന്ന സെമിനാറിന് അനുമതി വാങ്ങിയില്ലെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യകുമാര്‍ മുന്നോട്ടുവന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉമര്‍ ഖാലിദും അനിര്‍ബനും പുറത്തുനിന്ന് ആളുകളെ കൊണ്ടുവരുന്ന കാര്യം കനയ്യകുമാറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

രാഷ്ട്രീയലക്ഷ്യത്തോടെയുണ്ടാക്കിയ കുറ്റപത്രമാണെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു. ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനില്ലാതെ കുഴയുന്ന ബിജെപിക്ക് എതിരാളികള്‍ക്കെതിരെ ദേശവിരുദ്ധത ആയുധമാക്കാനാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ക്കൊപ്പം ദേശീയതയും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് ബിജെപി ലക്ഷ്യമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സിപിഐ പ്രതിഷേധിച്ചു 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെയുള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിച്ച ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ആയിരം ദിവസങ്ങള്‍ക്ക് ശേഷമാണ് കനയ്യകുമാറിനെ അനാവശ്യമായി ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയെന്നത് മനസില്‍ വച്ചുകൊണ്ട് മേലധികാരികളെ തൃപ്തിപ്പെടുത്തുന്നതിന് ഡല്‍ഹി പൊലീസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വിവിധ അധികാര സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിനായി എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നതിന്റെ ഉദാഹരണമാണിത്. ജനങ്ങള്‍ ഈ കളികളെല്ലാം കാണുമെന്നും സര്‍ക്കാരിന്റെ പദ്ധതികള്‍ പരാജയപ്പെടുത്തുമെന്നുറപ്പാണെന്നും സെക്രട്ടേറിയറ്റ് ആത്മവിശ്വാസം രേഖപ്പെടുത്തി.