Web Desk

January 06, 2020, 5:00 pm

അവര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് യുദ്ധം ചെയ്യുകയാണ്; ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേല്‍ക്കുകതന്നെ ചെയ്യും: കനയ്യ കുമാർ

Janayugom Online

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ മുഖമൂടി ധരിച്ച് എബിവിപി പ്രവർത്തകർ നടത്തിയ നരനായാട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവും മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിജെപി സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ കേന്ദ്ര സർക്കാർ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എത്ര നാണംകെട്ട സര്‍ക്കാരാണിത്. ആദ്യം അവര്‍ ഫീസ് വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ പൊലീസിനെക്കൊണ്ട് തല്ലിക്കും, അതില്‍ വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ലെങ്കില്‍ അക്രമിക്കാന്‍ ഗുണ്ടകളെ വിടും. അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അവര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് യുദ്ധം ചെയ്യുകയാണ്. — അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ക്ക് അടിച്ചൊതുക്കാന്‍ സാധിച്ചേക്കാം, പക്ഷേ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേല്‍ക്കുകതന്നെ ചെയ്യും. പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവര്‍ ഒരുമിച്ച് തോല്‍പ്പിക്കും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ജെഎൻയുവിൽ എബിവിപി പ്രവർത്തകർ ആക്രമം നടത്തിയത്. എബിവിപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് തെളിയിക്കുന്ന മെസ്സേജുകൾ ഇതിനോടകം പുറത്തു വന്നു. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികൾ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Eng­lish summary:kanhaiya Kumar respond about the ABVP attack in JNU

‘you may also like this video’