August 14, 2022 Sunday

ബിഹാറിനെ ഇളക്കിമറിച്ച് കനയ്യയുടെ ജനഗണമന യാത്ര

Janayugom Webdesk
February 6, 2020 5:40 pm

ഓരോ കേന്ദ്രങ്ങളിലേയ്ക്കം അണമുറിയാതെ ഒഴുകിയെത്തുന്ന മഹാപ്രവാഹം. തീർച്ചയായും ബിഹാറിന്റെ മനസ് ഇടതു മതേതര ചിന്തകൾക്കൊപ്പമാണെന്ന പ്രഖ്യാപനവുമായി ആബാലവൃദ്ധം ജനവിഭാഗങ്ങളുടെ സംഗമ കേന്ദ്രങ്ങൾ. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജനഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള ജനഗണമന യാത്ര ബിഹാറിനെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ച് മുന്നേറുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പടഹധ്വനിയാവുകയാണ് ജനഗണമനയാത്ര.

ചരിത്രത്തിന്റെ ഇന്നലെകളിൽ സിപിഐയുടെ ലെനിൻഗ്രാഡെന്നറിയപ്പെട്ടിരുന്ന ബിഹാറിലെ ബഗുസരായിയിൽ ശക്തികേന്ദ്രങ്ങളായ മധുബനിയിൽ ദർഭംഗയിൽ ലഖിസരായിയിൽ പടിഞ്ഞാറൻ ചമ്പാരനിൽ കിഴക്കൻ ചമ്പാരനിൽ കിഷൻ ഗഞ്ചിൽ ഗയയിൽ, ജഹനാബാദിൽ ഖഗാസിയിൽ മധേപുരയിൽ കമ്മ്യൂണിസ്റ്റ് അടിത്തറ പുതുക്കിപ്പണിയപ്പെടുന്നുവെന്നതിന്റെ വിളംബരമാകുകയാണ് ജനഗണമന യാത്രയുടെ ഓരോ സ്വീകരണ സമ്മേളനങ്ങളും. ആദിവാസികളും അധഃസ്ഥിത ജനവിഭാഗങ്ങളും പ്രകീക്ഷയോടെ കാതോർക്കുന്നത് കമ്മ്യൂണിസ്റ്റ് യൗവനങ്ങളെയാണെന്നതിന്റെ ദൃശ്യങ്ങളാണ് എങ്ങും.

ഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് ബിഹാറിൽ കിഴക്കൻ ചമ്പാരനിലെ ബിട്ടിഹാരയിൽ ഗാന്ധി ആശ്രമത്തിൽ നിന്നായിരുന്നു ഒരുമാസക്കാലം നീളുന്ന ജനഗണമനയാത്ര ആരംഭിച്ചത്. 35 ജില്ലകളിലൂടെ സഞ്ചരിച്ച് നൂറുകണക്കിന് പൊതുസമ്മേളനങ്ങളിലും ആയിരക്കണക്കിന് കേന്ദ്രങ്ങളിലും പൊതുസമൂഹത്തോട് സംവദിച്ചാണ് യാത്ര ഒരുമാസം കഴിഞ്ഞ സമാപിക്കുക. സഞ്ചാരപഥങ്ങളിലെല്ലാം പതിനായിരങ്ങളാണ് ചുവന്ന യുവതയുടെ പ്രതീകമായി ഉദിച്ചുയർന്നു നിൽക്കുന്ന കനയ്യെയും അദ്ദേഹത്തിന്റെ കൂടെയെത്തുന്ന യുവജന വിദ്യാർഥി പ്രവർത്തകരെയും സ്വീകരിക്കാനെത്തുന്നത്.

അതുകൊണ്ടുതന്നെ വിറളിപൂണ്ട അധികാരകേന്ദ്രങ്ങളും അവരുടെ കൂലിപ്പണിയാളുകളും യാത്ര തടസപ്പെടുത്താൻ തുടക്കം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുകന്നുണ്ട്. യാത്ര തുടങ്ങുന്ന ദിവസം ബിട്ടിഹാരയിൽ ഗാന്ധി ആശ്രമത്തിൽ കനയ്യയെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചായിരുന്നു ആദ്യശ്രമം. സ്ഥലത്തെ പൂജാ ആഘോഷത്തിനിടയിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വിചിത്ര വാദം നിരത്തിയായിരുന്നു അറസ്റ്റും തടങ്കലും. യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ആയിരങ്ങൾക്കൊപ്പം അറസ്റ്റ് വാർത്തയറിഞ്ഞെത്തിയ പാർട്ടി പ്രവർത്തകരും അനുഭാവികളമെല്ലാം ചേർന്ന് പതിനായിരങ്ങളായി ജനശക്തി വർധിച്ചപ്പോൾ സംഘപരിവാറിന്റെ തിട്ടൂരവുമായെത്തി, അറസ്റ്റ് നാടകത്തിന് അരങ്ങൊരുക്കിയ പൊലീസ് പിൻമാറുകയായിരുന്നു.

you may also like this video;

പിന്നീട് ഒരാഴ്ച പിന്നിടുന്നതിനിടെ രണ്ടിടങ്ങളിൽ വച്ചാണ് യാത്രാ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായത്. ചപ്രയിലും സുപോൾ ജില്ലയിൽനിന്നും സഹർസയിലേക്കു യാത്രമാധ്യേയുമായിരുന്നു അക്രമം. രണ്ടിടങ്ങളിലും വാഹനങ്ങൾക്കു സാരമായ കേടുപറ്റി. ചില പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി മോഡി ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ചാലകശക്തിയായി മാറിയതുമുതൽ കനയ്യ കേന്ദ്ര ഭരണാധികാരികളുടെയും സംഘപരിവാർ തെമ്മാടിക്കൂട്ടങ്ങളുടെയും കണ്ണിലെ കരടായിരുന്നു. അന്നുമുതൽ തുടങ്ങിയ ശത്രു സംഹാരമനോഭാവത്തോടെയുള്ള അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന് മാത്രം. എഐവൈഫും എഐഎസ്എഫും സംഘടിപ്പിച്ച,

കനയ്യ കൂടി പങ്കെടുത്ത ലോങ്മാർച്ചിനിടെ പതിനഞ്ചിലധികം തവണയാണ് സംഘപരിവാർ അക്രമം അഴിച്ചുവിട്ടത്. മറ്റൊരു യുവജന വിദ്യാർഥി പ്രസ്ഥാനത്തിനും സാധ്യമാകാത്ത വിധം കന്യാകുമാരിയിൽ നിന്ന് തുടങ്ങി പഞ്ചാബിലെ ഹുസൈനിവാലയിൽ സമാപിച്ച ലോങ്മാർച്ചിനെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമിച്ചു. നിരവിധി പേർക്കാണ് അന്ന് പരിക്കേറ്റത്. അക്രമത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും സംഘിക്കൂട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പോരാട്ടയൗവനം അക്രമത്തിന് മുന്നിൽ തളരില്ലെന്ന ചരിത്ര സത്യമറിയാത്ത സംഘപരിവാർ ശക്തികളുടെ ഓരോ അക്രമമുണ്ടാകുമ്പോഴും പതിന്മടങ്ങ് ശക്തിയോടെ യുവശക്തി മുന്നേറുന്ന കാഴ്ചയാണ് ഇന്ത്യൻ ഗ്രാമ നഗരങ്ങളിൽ നിന്ന് കാണാനാവുന്നത്.

കല്ലെറിഞ്ഞും കൂവിയും തോല്പിക്കാമെന്ന പഴഞ്ചൻ ധാരണകളെ പൊളിച്ചെഴുതിയാണ് സിപിഐയും ബഹുജന സംഘനകളും നേതൃത്വം നൽകുന്ന, നൂറുകണക്കിന് ബഹുജന സംഘടനകളും സാമൂഹ്യ — സന്നദ്ധ സംഘടനകളും പിന്തുണയ്ക്കുന്ന, പതിനായിരങ്ങൾ കൂടെ സഞ്ചരിക്കുകയും പൊതുസമ്മേളന കേന്ദ്രങ്ങളിൽ ലക്ഷങ്ങളും പതിനായിരങ്ങളും കൂടിച്ചേരുകയും ചെയ്യുന്ന ജമഗണമന യാത്ര മുന്നേറുന്നത്.

ഒന്നുറപ്പാണ് — ചരിത്രത്തിന്റെ അനിവാര്യതയെന്നപോലെ ചില തെറ്റുതിരുത്തലുകൾ സംഭവിക്കുക തന്നെചെയ്യും. ബിഹാറിൽ ജനഗണ മന യാത്രയുടെ സ്വീകരണ കേന്ദ്രങ്ങൾ അതാണ് വിളിച്ചുപറയുന്നത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളെ കൈവിട്ടുപോയതിന്റെ പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാവുകയാണ് തങ്ങളെന്ന് ബിഹാർ വിളംബരം ചെയ്യുകയാണിപ്പോൾ. കമ്മ്യൂണിസ്റ്റ് അടിത്തറയിലല്ലാതെ അധഃസ്ഥിതന്റെ ജീവിതവിമോചനമില്ലെന്ന എക്കാലത്തെയും വലിയ സത്യം പ്രകമ്പനം കൊള്ളുകയാണ് ബിഹാറിലെ ഗ്രാമ — നഗരങ്ങളിൽ ഇപ്പോൾ കനയ്യകുമനാർ നയിക്കുന്ന ജനഗണമനയാത്രയിലൂടെ.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.