29 March 2024, Friday

കനിവ്: രണ്ടുവര്‍ഷംകൊണ്ട് നാല് ലക്ഷം ട്രിപ്പുകൾ

Janayugom Webdesk
തിരുവനന്തപുരം
September 26, 2021 6:48 pm

രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് നാല് ലക്ഷം ട്രിപ്പുകൾ. 316 ആംബുലൻസുകളും 1500 ജീവനക്കാരും ഏത് നിമിഷവും സഹായമേകുവാന്‍ സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25 നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. രണ്ട് വർഷം പിന്നിടുമ്പോൾ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് ആംബുലൻസുകൾ ഇതുവരെ ഓടിയത്. 

ഇതുവരെ 3,17,780 കോവിഡ്‌ അനുബന്ധ ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഓടിയത്. കോവിഡ്‌ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽപെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകൾ ആണ് അധികം. 18,837 ട്രിപ്പുകളാണ് ഇത്തരത്തില്‍ ഓടിയത്. 16,513 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവര്‍ക്കും 13,969 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്കേറ്റവര്‍ക്കും 3,899 ട്രിപ്പുകൾ ഗർഭ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്കും 9,571 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്കും 3,653 ട്രിപ്പുകൾ വിഷബാധയേറ്റ് അത്യാഹിതങ്ങളിൽ പെട്ടവർക്കും വൈദ്യ സഹായം നൽകുവാന്‍ കനിവ് 108 ആംബുലൻസുകൾ ഓടി. 

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108കൾ ഓടിയത്. രണ്ട് വർഷത്തിനിടയിൽ 56,115 ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കൊല്ലം 30,554, പത്തനംതിട്ട 19,933, ആലപ്പുഴ 32,058, കോട്ടയം 27,933, ഇടുക്കി 12,426, എറണാകുളം 29,123, തൃശ്ശൂർ 33,118, പാലക്കാട് 46,837, മലപ്പുറം 40,230, കോഴിക്കോട് 31,685, വയനാട് 15,438, കണ്ണൂർ 29,047, കാസർകോട് 19,293 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയ ട്രിപ്പുകളുടെ എണ്ണം. 

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ജിവികെ എമർജൻസി മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല. അടിയന്തിരഘട്ടങ്ങളിൽ പൊതുജനത്തിന് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ ഈ സൗജന്യ ആംബുലൻസ് സേവനം ലഭിക്കും. 

Eng­lish Sum­ma­ry : kanivu ambu­lances ran four lakh trips in last two years

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.