കഞ്ചാവുമായി ‘ദൈവത്തിനെ’ എക്‌സൈസ് സംഘം പിടികൂടി

Web Desk
Posted on March 26, 2019, 9:15 pm
നെടുങ്കണ്ടം : കഞ്ചാവ് പൊതികളിലാക്കി വില്‍ക്കുവാന്‍ ശ്രമിച്ചയാളെ ഉടുമ്പന്‍ചോല എക്‌സൈസ്് സര്‍ക്കിള്‍ ഓഫീസ് സംഘം പിടികൂടി. 111 പൊതി കഞ്ചാവ് കടശ്ശിക്കടവിലെ പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടി. കടശ്ശിക്കടവ് ശിവന്‍ കോളനിയില്‍ യോഗേഷ് ഭവനത്തില്‍ മണി മകന്‍ ദൈവ (48)ത്തിനെയാണ് അറസ്റ്റ് ചെയ്തത്.  111 പൊതികളിലായി 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കമ്പത്തു നിന്നും 5000 രൂപ നല്‍കിയാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. തമിഴ്‌നാട്ടില്‍ കഞ്ചാവിനുള്ള തുക നല്‍കുകയും ഇതിന്റെ ഏജന്റ് ഒന്നാം മൈലില്‍ സാധനം എത്തിച്ച് നല്‍കുകയുമായിരുന്നു പതിവ്.  പൊതി ഒന്നിന് 200 രൂപയ്ക്കാണ് വില്പന നടത്തി വന്നിരുന്നത്. പൊതി വാങ്ങാനെന്ന വ്യാജേന ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സമീപിക്കുകയായിരുന്നു. വില്‍പ്പനയ്ക്കുള്ള പൊതികള്‍ കൈകളില്‍ കരുതുകയും ബാക്കി പൊതികള്‍ വീട്ടില്‍ സൂക്ഷിക്കുകയുമായിരുന്നു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്.എം.പി, ബാലന്‍.കെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജോ ജോസഫ് , അനൂപ്.കെ.എസ്, രതീഷ് കുമാര്‍ എം.ആര്‍, അരുണ്‍ എം.എസ്, ഷനേജ്.കെ, റജി.പി.സി എന്നിവര്‍ പങ്കെടുത്തു.