കഞ്ചാവ് ചെടികള്‍ അടിമാലി നര്‍ക്കോട്ടിക് സംഘം നശിപ്പിച്ചു

Web Desk
Posted on June 29, 2019, 6:52 pm

അടിമാലി: മുതിരപ്പുഴയാറിന്റെ തീരത്ത് കണ്ടെത്തിയ 8 കഞ്ചാവ് ചെടികള്‍ അടിമാലി നര്‍ക്കോട്ടിക് സംഘം കണ്ടെത്തി നശിപ്പിച്ചു. കഞ്ചാവിനെതിരായ പരിശോധന നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ശക്തമാക്കി വരികെയാണ് മുതിരപ്പുഴയാറിന്റെ തീരത്ത് പുറംമ്പോക്ക്  ഭൂമിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ 8 കഞ്ചാവ് ചെടികള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചത്.

ചെടികള്‍ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്
സംഘം പുഴയുടെ തീരത്തെത്തുകയും പരിശോധന നടത്തുകയും ചെടികള്‍ കണ്ടെത്തുകയുമായിരുന്നു. കുഞ്ചിത്തണ്ണി ബൈസണ്‍വാലി റോഡില്‍ കുഞ്ചിത്തണ്ണി  പാലത്തിന് സമീപത്തു നിന്നും 150 മീറ്റര്‍ ദൂരെ മാറിയായിരുന്നു കഞ്ചാവ് ചെടികള്‍ നിന്നിരുന്നതെന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍  പറഞ്ഞു. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികള്‍ക്ക് ഏകദേശം രണ്ട് മാസത്തോളം പ്രായമുള്ളതായാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍. ചെടികള്‍  വളരാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസ് പറഞ്ഞു. സ്ഥിരമായി പ്രദേശത്ത് കഞ്ചാവ്  ഉപയോഗിച്ച് വരുന്ന ആളുകള്‍ ആരെങ്കിലും ചെടികള്‍ നട്ടുവളര്‍ത്തിയതാണോയെന്ന  കാര്യം നര്‍ക്കോട്ടിക് സംഘം പരിശോധിക്കുന്നുണ്ട്. പുഴയിലൂടെ  വിത്തൊഴുകിയെത്താനുള്ള സാധ്യതയും പുഴയുടെ തീരത്തിരുന്ന് കഞ്ചാവ്  ഉപയോഗിച്ചവരുടെ കൈകളില്‍ നിന്ന് വിത്ത് താഴെ വീണ് കിളിര്‍ത്ത് വരാനുള്ള  സാധ്യതയും നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കഞ്ചാവിനെതിരെ നര്‍ക്കോട്ടിക് എക്‌സൈസ് സംഘങ്ങള്‍
കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി  ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.