June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വികസനത്തിന്റെ സുവര്‍ണകാലം തീര്‍ത്ത കാഞ്ഞങ്ങാട്‌

By Janayugom Webdesk
March 11, 2021

വടക്കേ മലബാറിന്റെ സാംസ്കാരിക കേന്ദ്രമായ കാഞ്ഞങ്ങാട്‌ മണ്ഡലത്തിന്‌ ഇടതിന്റെ പാരമ്പര്യമാണ്‌. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കാഞ്ഞങ്ങാട്‌ മണ്ഡലം വികസനത്തിന്റെ സുവര്‍ണകാലം തീര്‍ത്ത്‌ മുന്നേറുന്നു. വിദ്യാഭ്യാസം, തീരവികസനം, മത്സ്യമേഖല, പട്ടികജാതി-വര്‍ഗ ക്ഷേമം, ആരോഗ്യം, സാമൂഹ്യക്ഷേമം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ആരംഭിച്ച പദ്ധതികളെല്ലാം മണ്ഡലത്തിന്‌ വികസനത്തിന്റെ പുതിയ മുഖം നല്‍കുന്നതായി. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനകം എം എല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ഇ ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം കൊണ്ട്‌ മലയോര മേഖലയിലും തീരദേശ മേഖലയിലും വികസനത്തിന്റെ പുതുവെളിച്ചമെത്തിക്കാന്‍ സാധിച്ചു. വെള്ളരിക്കുണ്ട്‌ റവന്യൂ ടവര്‍, കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കോളജ്‌, കോടോത്ത്‌ ഗവ. ഐടിഐ, കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍, കരിന്തളം പോളിടെക്‌നിക്‌, കാഞ്ഞങ്ങാട്‌ സിവില്‍ സര്‍വ്വീസ്‌ അക്കാദമി, കോട്ടച്ചേരി റയില്‍വേ ഓവര്‍ ബ്രിഡ്‌ജ്‌, മടിക്കൈ ടി എസ്‌ തിരുമുമ്പ്‌ സാംസ്‌കാരിക സമുച്ചയം,യോഗ ആന്റ്‌ നാച്ചുറോപതി കോളജ്‌, കാഞ്ഞങ്ങാട്‌ അമ്മയും കുഞ്ഞും ആശുപത്രി, കാഞ്ഞങ്ങാട്‌ ടൗണ്‍ സ്ക്വയര്‍, മഞ്ഞംപൊതികുന്ന്‌, റാണിപുരം തുടങ്ങിയ ടൂറിസം പദ്ധതികള്‍, പരപ്പ ആര്‍ടിഒ ഓഫീസ്‌, ചായ്യോത്ത്‌ അഗ്രോസര്‍വ്വീസ്‌ സെന്റര്‍ തുടങ്ങിയവയും മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം അഭിവൃദ്ധിപ്പെടുത്തല്‍ സ്‌കൂളുകള്‍ക്ക്‌ മികച്ച കെട്ടിട സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വികസന നാഴിക കല്ലുകളില്‍ ചിലത്‌ മാത്രമാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ 3,530 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ നടത്തിയത്‌.

1987ല്‍ 56 വോട്ടിന്‌ ഒരു അട്ടിമറി വിജയം പഴയ ഹൊസ്‌ദുര്‍ഗ്‌ മണ്ഡലത്തില്‍ യുഡിഎഫിന്‌ അവകാശപ്പെടാമെങ്കിലും പിന്നീട്‌ ഇടതു നെടുങ്കോട്ടയായി മാറുകയായിരുന്നു. പുതിയ കാഞ്ഞങ്ങാട്‌ മണ്ഡലമായി 2011 ല്‍ മാറിയപ്പോഴും ചോരച്ചുവപ്പിന്‌ നിറം കൂടിയതേയുള്ളൂ. നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍ പഞ്ചായത്തും 2011 തെരഞ്ഞെടുപ്പോടുകൂടി കാഞ്ഞങ്ങാട്‌ നിന്നും മാറിയെങ്കിലും യുഡിഎഫിന്‌ ഇവിടെ നേട്ടമൊന്നുമുണ്ടാക്കാനായില്ല.

കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പില്‍ 1,61,302 വേട്ടുകള്‍ രേഖപ്പെടുത്തിയതില്‍ 80,558 വോട്ടുകള്‍ നേടിയാണ്‌ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ തകര്‍പ്പന്‍ വിജയമാണ്‌ നേടിയത്‌. സോഷ്യലിസ്റ്റുകാരുടെയും പിന്നീട്‌ കമ്മ്യൂണിസ്റ്റുകാരുടെയും ശക്തിദുര്‍ഗമായ ഹൊസ്‌ദുര്‍ഗ്‌ മണ്ഡലം ഇടക്കാലമത്രയും കൂടുതല്‍ ചുവന്നതേയുള്ളൂ. കെ മാധവന്‍ 1957 ലെ തെരഞ്ഞെടുപ്പില്‍ ഹൊസ്‌ദുര്‍ഗ്‌ മണ്ഡലത്തില്‍ നിന്നും ജനവിധിതേടിയെങ്കിലും 2941 വോട്ടുകള്‍ക്ക്‌ പിഎസ്‌പി യുടെ കെ ചന്ദ്രശേഖരനോട്‌ തോല്‍ക്കുകയായിരുന്നു. 1960 നടന്ന തെരഞ്ഞെടുപ്പിലും ഇവര്‍ തന്നെ മത്സരിച്ചെങ്കിലും കെ മാധവന്‌ ജയിക്കാനായില്ല. 1965ലും 67ലും സംയുക്ത സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എന്‍ കെ ബാലകൃഷ്‌ണനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. കോണ്‍ഗ്രസിലെ എം കുഞ്ഞിരാമന്‍നായരേയും എം നാരായണന്‍ നമ്പ്യാരെയുമായിരുന്നു പരാജയപ്പെടുത്തിയത്‌. എന്നാല്‍ പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ്‌ 1970ല്‍ എന്‍ കെ ബാലകൃഷ്‌ണന്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഇക്കാലയളവില്‍ സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, ആരോഗ്യം, സഹകരണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു ബാലകൃഷ്‌ണന്‍. പിന്നീട്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു ഹൊസ്‌ദുര്‍ഗ്‌. അതേസമയം 1977 മുതല്‍ ഹൊസ്‌ദുര്‍ഗ്‌ സംവരണ മണ്ഡലമായി. തുടര്‍ന്നു 1977ലും 80ലും സിപിഐയുടെ കെ ടി കുമാരനാണ്‌ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌. 1991ലും 96ലും എം നാരായണനും 2001ല്‍ എം കുമാരനും എല്‍ഡിഎഫ്‌ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2006ലെ തെരഞ്ഞെടുപ്പില്‍ പള്ളിപ്രം ബാലന്‍ തകര്‍പ്പന്‍ വിജയം കൊയ്‌തു. 2011 ലും 2016 ലും ഇ ചന്ദ്രശേഖരന്‍ വിജയിച്ചു. 2011 ല്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2016 ല്‍ 26,011 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ്‌ ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്‌. 2016 ല്‍ തെരഞ്ഞെടുക്കപ്പെട്ട ഇ ചന്ദ്രശേഖരന്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രിയായി.

കാഞ്ഞങ്ങാട്‌ നഗരസഭ, പനത്തടി, കള്ളാര്‍, കോടോംബേളൂര്‍, കിനാനൂര്‍ കരിന്തളം, മടിക്കൈ, ബളാല്‍, അജാനൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം. ഇതില്‍ കാഞ്ഞങ്ങാട്‌ നഗരസഭ, പനത്തടി, മടിക്കൈ, കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍, അജാനൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമാണ്‌. കാഞ്ഞങ്ങാട്‌മണ്ഡലത്തില്‍ 2,14,080 വോട്ടര്‍മാരാണുളളത്‌. ഇതില്‍ 1,02,509 പുരുഷന്മാരും 1,11,569 സ്‌ത്രീകളുമാണ്‌.

രണ്ട്‌ ട്രാന്‍സ്‌ജെന്റേഴ്‌സും ഉള്‍പ്പെടും. സിറ്റിംഗ്‌ എംഎല്‍എയും സിപിഐ ദേശീയ കൗണ്‍സിലംഗവും റവന്യൂ വകുപ്പ്‌ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ തന്നെയാണ്‌ ഇത്തവണയും മണ്ഡലത്തില്‍ നിന്ന്‌ ജനവിധി തേടുന്നത്‌. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കൂടുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഇടതുമുന്നണി. എന്നും ഇടതുപക്ഷത്തെ നെഞ്ചേറ്റിയ കാഞ്ഞങ്ങാട്‌ മണ്ഡലത്തില്‍ ഇത്തവണയും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം എത്രത്തോളം വര്‍ധിക്കുമെന്നേ അറിയാനുള്ളൂ.

ENGLISH SUMMARY: kan­jan­gad com­pletes gold­en age of development

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.