20 April 2024, Saturday

മലയോരത്തിന് പ്രതീക്ഷയുടെ ചൂളം വിളി: ചരിത്രനിമിഷത്തിനായുള്ള കാത്തിരിപ്പിൽ ജനങ്ങൾ

Janayugom Webdesk
കാഞ്ഞങ്ങാട്
August 12, 2021 1:25 pm

കാഞ്ഞങ്ങാട് പാണത്തൂർ കാണിയൂർ പാതയ്ക്ക് പുതുജീവൻ വെച്ചതോടെ കിഴക്കൻ മലയോര ഗ്രാമങ്ങളിലൂടെ തീവണ്ടി കുതിച്ച് പായുന്ന ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ജനങ്ങൾ. കാഞ്ഞങ്ങാട് പാണത്തൂർ — കാണിയൂർ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ പാതയുടെ നിർമ്മാണത്തിന് സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞതോടെ മലയോരമനസ്സിൽ പ്രതീക്ഷയുടെ ചൂളംവിളിയുണർന്നു. 2019 ‑20 ബജറ്റിൽ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് 20 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിയുടെ റിപ്പോർട്ട് ചെന്നൈ സതേൺ റയിൽവേ ചീഫ് കൺസ്ട്രക്ഷൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഡൽഹി ആസ്ഥാനമായ റയിൽവേ ബോർഡിന് അയച്ചിട്ടുണ്ട്. എന്നാൽ കർണാടക സർക്കാർ സമ്മത പത്രം നൽകിയിട്ടില്ല എന്നതാണ് റിപ്പോർട്ടിലെ പ്രധാന ന്യൂനത .

കാഞ്ഞങ്ങാട് പാണത്തൂർ കാണിയൂർ പാതയ്ക്ക് കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള കേരള അർത്തി പ്രദേശത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭയിലെ കാബിനറ്റ് യോഗത്തിൽ ധാരണയായിരുന്നു.41 കിലോമീറ്റർ സ്ഥലമാണ് ഇതിനായി കേരള സർക്കാർ ഏറ്റെടുക്കേണ്ടത്. മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചത്. 2015 മാർച്ച് 31നകം തന്നെ ഇതു സംബന്ധിച്ച മുഴുവൻ സർവേകളും പൂർത്തിയായതാണ്. കാഞ്ഞങ്ങാട് പാണത്തൂർ, സുള്ള്യ ‚ജാൽസൂർ കാണിയൂർ പാതയ്ക്ക് 90 കിലോമീറ്റർ ആണ് ദൈർഘ്യം. 2008 ൽ തന്നെ കേന്ദ്ര സർക്കാർ റയിൽവേ ബജറ്റിൽ ഇതിന് അനുമതി നൽകിയിരുന്നു. പദ്ധതി ചെലവിന്റെ അമ്പത് ശതമാനം ഇരു സംസ്ഥാനങ്ങളും വഹിക്കണ മെന്നായിരുന്നു വ്യവസ്ഥ.

ഇത് സംബന്ധിച്ച സർവേ റിപ്പോർട്ടുകൾ നേരത്തേ തന്നെ റയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. 1500 കോടി രൂപയാണ് ഇതിനായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 750 കോടി കേന്ദ്രം വഹിക്കും. ഇതിന്റെ ബാക്കി വരുന്ന അമ്പത് ശതമാനത്തിന്റെ പകുതി തുകയായ 375 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കുവാനും യോഗത്തിൽ ധാരണയായതാണ്. റയിൽവേ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ മീങ്ങോത്ത്, കൊട്ടോടി, പാണത്തൂർ, സുള്ള്യ ‚ജാൽസൂർ എന്നിവിടങ്ങളിൽ പുതിയതായി റയിൽവേ സ്റ്റേഷനുകളും ആരംഭിക്കും. ഇരിയ ‚പാണത്തൂർ എന്നിവിടങ്ങളിൽ രണ്ട് തുരങ്കങ്ങളും നിർമ്മിക്കും. കാഞ്ഞങ്ങാട് നിന്നും ബംഗളുരുവിലേക്കുള്ള യാത്രാ സമയത്തിന്റെ പകുതി സമയം മാത്രം മതിയാകും. ജോലിക്കും ചികിത്സയ്ക്കും, പഠനത്തിനുമായി നൂറ് കണക്കിന് പേർ ബംഗളുരു നഗരത്തെ നിലവിൽ ആശ്രയിക്കുന്നുണ്ട്.

കേരള-കർണാടക സംസ്ഥാനങ്ങളുടെ ബന്ധത്തില്‍ കൂടുതൽ കാര്യക്ഷമത കൈവരുന്നതിനും പാത വഴിയൊരുക്കും. 13 വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ കാലത്താണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാത എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശവും വന്നു. ബംഗളൂരുവിലേക്ക് വടക്കന്‍ കേരളത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന പാതയാണിത്. എന്നാല്‍ പാത കടന്നുപോകുന്ന കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ അനുമതിപത്രം കിട്ടാത്തതിനാല്‍ സര്‍വേ റിപ്പോര്‍ട്ട് മൂന്നുവര്‍ഷം റെയില്‍വേയുടെ ചെന്നൈ ഓഫീസില്‍ ഫയലില്‍ കിടന്നു. അതിനിടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പാതയോട് ഏറെ താല്പര്യമുണ്ടായിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കാതെ സമ്മത പത്രത്തിനായി കാത്തുനിന്നിരുന്നു. പിന്നീട് കേരളം സമ്മതപത്രം നല്‍കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; kan­jan­gad kaniyoor-track-acceptable

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.