Tuesday
19 Nov 2019

അഞ്ചു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ

By: Web Desk | Saturday 10 August 2019 7:14 PM IST


കോട്ടയം: അഞ്ചു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കാറിന്റെ സ്പീക്കര്‍ ബോക്‌സില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായാണ് യുവാക്കൾ എക്സൈസ് പിടിയിലായത്. പുതുപ്പള്ളി സ്വദേശി അജിത് മാണി (30), ഇയാളുടെ ഭാര്യാ സഹോദരന്‍ ആലപ്പുഴ ചക്കുളത്ത്കാവ് സ്വദേശി മനു മധു (19) എന്നിവരാണ് പിടിയിലായത്.  ഇന്ന്  ഉച്ചയോടെ മണര്‍കാട് ഭാഗത്തെ പെട്രോൾ  പമ്പിന് സമീപത്തു നിന്നുമാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

പുതുപ്പള്ളിയില്‍ തുണിക്കട നടത്തുകയാണ് അജിത്. തുണിയെടുക്കാനെന്ന പേരിലാണ് അജിത്തും മനുവും തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നത്. തുണിയെടുത്ത ശേഷം തിരികെ വരുമ്പോള്‍ കാറിന്റെ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ പൊതികളിലാക്കി കഞ്ചാവ് ഒളിപ്പിക്കും. തുടര്‍ കേരളത്തിന്റെ അതിര്‍ത്തി കടക്കുമ്പോള്‍ മുതല്‍ വിവിധ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ഇത് വിതരണം ചെയ്യം. ആയിരം രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് 20,000 മുതല്‍ 2,5000 രൂപയ്ക്ക് വരെയാണ് പ്രതികള്‍ വിറ്റിരുന്നത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എച്ച്.നൂറുദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് വി.പി , പ്രിവന്റീവ് ഓഫിസര്‍മാരായ ടി.എസ് സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഞ്ജിത്ത് രമേശ്, റെജി കൃഷ്ണ, ജീമോന്‍, അമല്‍ വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related News