കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലെ ആക്രമണം; 15 പേര്‍ക്കെതിരെ കേസെടുത്തു

Web Desk
Posted on May 19, 2018, 10:16 pm

കട്ടപ്പന: കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ അതിക്രമിച്ച് കയറി ഓഫീസിലെ
ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസിലെ ഫയലുകളും മറ്റ് സാധന സാമഗ്രികളും
നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 15ഓളം പേര്‍ക്കെതിരേ കട്ടപ്പന പൊലീസ്
കേസെടുത്തു.
അഞ്ചുരുളി  സൗന്ദര്യോത്സവത്തില്‍ ബോട്ടുസവാരിക്ക് വനംവകുപ്പ്
അനുമതിയില്ലാത്തതിനാല്‍ അനധികൃതമായുള്ള ബോട്ടുയാത്ര പാടില്ലെന്ന് കാട്ടി
വനം വകുപ്പ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ
നേതൃത്വത്തിലുള്ള സംഘാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും  കാഞ്ചിയാര്‍
റെയ്ഞ്ച് ഓഫീസ് അടിച്ചുതകര്‍ക്കുകയും ഓഫീസ് ഉപരോധിക്കുകയും
ഡ്യൂട്ടിയിലുണ്ടായിരുന്ന  ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ
സംഭവത്തിലാണ് പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം ബോട്ട് യാത്രക്ക് അനുമതി നല്‍കുകയും ഇന്നലെ രാവിലെ
ഒന്‍പതോടെ ബോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.