Web Desk

January 17, 2021, 3:54 pm

കാഞ്ഞിരപ്പളളി നിയമസഭാ സീറ്റ് ;കേളികൊട്ട് ഉയരും മുമ്പ് ബിജെപിയില്‍ തര്‍ക്കം

Janayugom Online

കോട്ടയം ജില്ലിയിലെ കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി കോട്ടയത്തെ ബിജെപിയിൽ കടുത്ത തർക്കം. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും മുൻ പ്രസിഡന്റ് എൻ. ഹരിയും സ്ഥാനാർത്ഥിയാകാൻ രംഗത്തുണ്ട്. കേരളകോൺഗ്രിൽ നിന്നും ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ പിന്തുണയോടെ പാർട്ടിയിൽ എത്തിയ ആളാണ് നോബിൾ മാത്യു. അതുവഴിയാണ് ജില്ലാ പ്രസിഡൻറ് ആയതും. എന്നാൽ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹത്തെ ഇതുവരെയും ഉൾക്കൊള്ളുവാൻ കഴിയാത്ത സ്ഥിതിവിശേഷമാണ്. ജില്ലയിൽ തന്നെ നേതാക്കൾക്കിടയിൽ മുറുമുറുപ്പ് നിലനിൽക്കുന്നു. സീറ്റിനായി ഇടിച്ചുനിൽക്കുന്ന എൻ. ഹരി നേരത്തെ പാലായിൽമത്സരിച്ചതാണ്.

എന്നാൽ അദ്ദേഹം യുഡിഎഫുമായി കൂടുതൽ അടുപ്പമുളളയാളാണെന്നും പാലായിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നു കണ്ടതാണെന്നും അഭിപ്രായം ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ മുൻ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളി മുൻ എംഎൽഎയും കൂടിയായ അൽഫോൻസ് കണ്ണന്താനം നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ അത്ര താൽപര്യംപോരാ കണ്ണന്താനത്തിൻറെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവന്ന ജെ. പ്രമീളാദേവിയും കഴിഞ്ഞ തവണ മത്സരിച്ച വി. എൻ. മനോജും സീറ്റിൽ അവകാശവാദം ഉയർത്തിയിട്ടുണ്ട്. വാഴൂർ എസ് വി ആർ എൻഎസ്എസ് കോളജ് അധ്യാപിക കൂടിയായിരുന്നു പ്രമീളദേവി. എന്നാൽ കോൺഗ്രസിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങൾ എല്ലാം നേടിയതിനുശേഷം ബിജെപിയിൽ എത്തിയ പ്രമീളാദേവിയെ സ്ഥാനാർത്ഥിയാക്കുന്നതിനു എതിർപ്പ് ശക്തമാണ്.

കഴിഞ്ഞ തവണ മത്സിരിച്ചു തോറ്റ വി. എൻ മനോജിന് സീറ്റ് നൽകുന്നതിൽ ജില്ലയിലെ ചില നേതാക്കൾക്ക് താൽപര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങളിലുള്ള സംസാരം. മണ്ഡലത്തിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ ബിജെപിയാണ് ഇത്തവണ ഭരിക്കുന്നത്. എന്നാൽ കോൺഗ്രസിൻറെ പിന്തുണ ഇവിടെ രഹസ്യമായി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഈ നേട്ടത്തിൽ അവകാശവാദം ഉന്നയിച്ചാണ് ഇപ്പോൾ കാഞ്ഞിരിപ്പള്ളി മണ്ഡലത്തിൽ മത്സരിക്കാൻ നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പി സി ജോർജ്ജ് കാഞ്ഞിരപ്പളളി സീറ്റു യുഡിഎഫ് നേതൃത്വത്തിനോട് ചോദിച്ചതായുംപറയപ്പെടുന്നു. എന്നാൽ ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ട സീറ്റാണെന്നാണ് അവരുടെ വാദം. കോൺഗ്രസ് പറയുന്നത് കേരള കോൺഗ്രസ് (ജോസ് വിഭാഗം )ലെ ഡോ. എൻ ജയരാജ് വിജയിച്ചസീറ്റാണ് അദ്ദേഹം എൽഡിഎഫിൽ പോയ സാഹചര്യത്തിൽ തങ്ങൾക്ക് വേണമെന്നാണ്.

സ്ഥാനാർത്ഥിയാകുവാൻ കോൺഗ്രസിലും, കേരള കോൺഗ്രസ് (ജോസഫ് വിഭാഗം)ലും നിരവധി പേരാണ് രംഗത്തുള്ളത്. അതിനിടെ, എൻഡിഎ ഘടകകകക്ഷിയായ ബിഡിജെഎസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നൽകണമെന്ന ആവശ്യം ബിജെപി തള്ളിയിരുന്നു. ബിഡിജെഎസിന് ഇക്കുറി 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് കാരണമായി പറയുന്നത് ബിഡിജെഎസിൻറെ. പ്രധാനപ്പെട്ട സീറ്റുകൾ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം. കോവളം, വർക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂർ, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാകും തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതിൽ സീറ്റുകളിൽ താഴെ മാത്രമായിരിക്കും ഇത്തവണ ലഭിക്കുക. എന്നാൽ ബിഡിജെഎസ് ഇതു അംഗീകരിക്കില്ലെന്ന നിലപാടിലാണ്. 30 സീറ്റെങ്കിലും കിട്ടിയേമതിയാകൂ എന്നാണ് ബിഡിജെഎസിൻറെ ആവശ്യം.

eng­lish sum­ma­ry: കാഞ്ഞിരപ്പളളി നിയമസഭാ സീറ്റ്;കേളികൊട്ട് ഉയരും മുമ്പ് ബിജെപിയിൽ തർക്കം

you may also like this video