കണ്ണിറുക്കി പ്രശസ്തി നേടിയ പെൺകുട്ടിക്ക് പ്രമുഖർക്കൊപ്പം ഇരിക്കാൻ എന്ത് അർഹതയാണ്; പ്രിയ വാര്യർക്കെതിരെ പ്രമുഖ നടൻ

Web Desk
Posted on November 14, 2019, 10:20 am

അതിവേഗം ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രമായ ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലായിരുന്നു പ്രിയ വാര്യരെ വൈറലാക്കിയത്. പിന്നീട് ബോളിവുഡില്‍ നിന്നടക്കം പ്രിയയെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. വലിയ പരസ്യ കമ്പനികളില്‍ മോഡലായിട്ടും പ്രിയ അഭിനയിച്ചിരുന്നു. അതേസമയം അഭിനന്ദനങ്ങള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തിയിരുന്നു.

Related image

ഇപ്പോള്‍ കര്‍ണടകത്തില്‍ നിന്നും നടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നടൻ. നടി പ്രിയ വാര്യർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് പ്രമുഖ കന്നട നടൻ ജഗ്ഗേഷ് ആണ്. ജഗ്ഗേഷ് പ്രിയ വാര്യർക്കെതിരെ വിമർശനം ഉന്നയിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ അടുത്ത് ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഒരു ചടങ്ങിൽ അതിഥിയായി പ്രിയ പ്രകാശ് വാര്യർ എത്തിയിരുന്നു. കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അവർക്കൊപ്പം വേദി പങ്കിടാൻ പ്രിയയ്ക്ക് എന്ത് അർഹതയാണ് ഉള്ളത് എന്നാണ് ജഗ്ഗേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

KANNADA

‘അവർ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളർത്തിയ മദർതെരേസയുമല്ല. ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയത് കൊണ്ട് മാത്രം പ്രശസ്തി നേടിയ വെറുമൊരു സാധാരണ പെൺകുട്ടിയാണ്.

നൂറോളം സിനിമകൾ ചെയ്ത സംവിധായകൻ സായിബാബയ്ക്കും നിർമ്മലാനന്ദ സ്വാമിജിക്കും ഒപ്പമാണ് അവർ വേദിയിൽ ഇരുന്നത്. ഇത്രയും പ്രതിഭകൾക്കു മുമ്പിൽ കണ്ണിറുക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്’ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചത്. അതേസമയം താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയിട്ടുണ്ട്.