യുവചലച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

Web Desk
Posted on June 01, 2018, 9:48 am

കന്നഡ യുവചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീല്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. സിനിമ ചിത്രീകരണത്തിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍ വീണാണ് മരിച്ചത്. ഷൂട്ടിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ശ്രമം നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സംഭവ സ്ഥലത്ത് മഴനിര്‍ത്താതെ പെയ്യുകയായിരുന്നു. അതിനാല്‍‌ തന്നെ വെളളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. വെള്ളത്തിന് 20 അടി താഴ്ച്ചയുള്ള വെള്ളച്ചാട്ടത്തിലേയ്ക്കാണ് സന്തോഷ് വീണത്. ഇത് മരണത്തിന് കാരണമാകുകയായിരുന്നു. മരണ സമയത്ത് റോബോര്‍ട്ടിന്റെ വസ്ത്രമായിരുന്നു സന്തോഷ് ധരിച്ചിരുന്നത്.

കന്നടയിലെ പ്രമുഖ യുവ സംവിധായകനായിരുന്നു സന്തോഷ് ഷെട്ടി. 2013 ല്‍ പുറത്തിറങ്ങിയ കനസു-കണ്ണു തെരെദാഗ എന്ന ചിത്രം സന്തോഷിന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്ത ചിത്രമായിരുന്നു. സന്തോഷിന്റെ മരണത്തില്‍ കന്നട സിനിമ ലോകം ഞെട്ടി നില്‍ക്കുകയാണ്. പലര്‍ക്കും സംവിധായകന്റെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സംവിധായകന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.