കണ്ണന്താനത്തിന്റേത് രാഷ്ട്രീയ അല്‍പ്പത്തരം: വി എസ് സുനില്‍ കുമാര്‍

Web Desk
Posted on February 24, 2019, 9:29 pm

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംഘടിപ്പിച്ചത് രാഷ്ട്രീയ അല്‍പ്പമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റനുള്ള നീക്കം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി അറിയിച്ചാണ് നടത്താറുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനും മന്ത്രി എന്ന നിലയില്‍ വിവരം തന്നെ അറിയിച്ചിട്ടില്ല. ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള മര്യാദയില്ലായ്മയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നിട്ടാണ്. അല്ലാതെ കേന്ദ്രം നേരിട്ട് വന്ന് നടപ്പാക്കുകയല്ലെന്നും മന്ത്രി പറഞ്ഞു.

ഭരിക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ടാവും. എന്നാല്‍ ചിലവഴിക്കുന്നത് ഖജനാവിലെ പണമാണെന്ന ബോധം ഉണ്ടാവണം. ഏതാനും ദിവസം മുമ്പ് മാത്രമാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചത്. അതിനനുസരിച്ച് സംസ്ഥാന, ജില്ല, ബ്ലോക്ക് തല ഉദ്ഘാടനങ്ങള്‍ ക്രമീകരിക്കുകയായിരുന്നു. അതിനിടയിലാണ് സിഡിസിആര്‍ഐയില്‍ ഉദ്ഘാടന നാടകം കളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൃഷി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടതല്ല. അത് സംസ്ഥാനത്തിന്റെ വകുപ്പാണ്. സംസ്ഥാനസര്‍ക്കാരും ഇവിടെയുള്ള ജനപ്രതിനിധികളും നൂലില്‍കെട്ടിയിറക്കിയവരല്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണ്. സാമാന്യ മര്യാദയനുസരിച്ച് സംസ്ഥാനത്തെ കൃഷി മന്ത്രി എന്ന നിലയില്‍ തന്നെ കാര്യങ്ങള്‍ അറിയിക്കേണ്ടതുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണ്ടതെങ്കില്‍ സന്തോഷത്തോടെ അദ്ദേഹം ചെയ്യട്ടെ എന്ന് വയ്ക്കുമായിരുന്നു. രാഷ്ട്രീയ ഗിമ്മിക് നടത്താന്‍ കേരളം കേന്ദ്രഭരണപ്രദേശമല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ല. പരമാവധി പേര്‍ക്ക് പണം ലഭിക്കണം എന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ആഗ്രഹം അതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. അതിനിടയില്‍ രാഷ്ട്രീയ അല്‍പ്പത്തം കാട്ടിയത് ശരിയായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.