കണ്ണൂര്‍ വിമാനത്താവളം: എടിസി ടവര്‍ എയര്‍പോര്‍ട്‌സ് അതോറിറ്റിക്ക് കൈമാറി

Web Desk
Posted on December 01, 2018, 7:17 pm
കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് സര്‍വീസസ് കോംപ്ലക്‌സ് (എടിസി ടവര്‍) എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യ്ക്ക് കൈമാമാറുന്ന ചടങ്ങില്‍ നിന്ന്

കണ്ണൂര്‍: എടിസി ടവര്‍ എയര്‍പോര്‍ട്‌സ് അതോറിറ്റിക്ക് കൈമാറി. ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് സര്‍വീസസ് കോംപ്ലക്സ് (എടിസി ടവര്‍) എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യ്ക്ക് കൈമാറി. ടവറിന്‍റെ ചുമതല എഎഐ റീജ്യണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ശ്രീകുമാറിന് കിയാല്‍ എംഡി വി തുളസീദാസാണ് കൈമാറിയത്.

കേരളത്തിന്‍റെ വ്യോമഗതാഗത ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണ് എടിസി ടവര്‍ കൈമാറ്റത്തിലൂടെ നടന്നിരിക്കുന്നതെന്ന് എസ് ശ്രീകുമാര്‍ പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ണ സജ്ജമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യ കെട്ടിട സമുച്ചയമാണ് എടിസി ടവര്‍ കോംപ്ലക്സെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കിയാലിനു നല്‍കുന്ന പിന്തുണ വിലപ്പെട്ടതാണ്. തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന സവിശേഷത കൂടി കണ്ണൂര്‍ വിമാനത്താവളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിമാനത്താവളങ്ങളിലെ വ്യോമയാന ഗതാഗതം നിയന്ത്രിക്കാനുള്ള അധികാരം എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എടിസി ടവര്‍ കൈമാറിയത്. വിമാനങ്ങളുടെ വേഗത, ദിശ, ഉയരം തുടങ്ങിയവ നിയന്ത്രിക്കുന്നതിലൂടെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സുരക്ഷിതമാക്കുകയെന്നതാണ് എടിസി ടവറിന്‍റെ ചുമതല. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോവുന്ന മറ്റു വിമാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്ന് നല്‍കും. 40 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമുണ്ടെന്ന് ടവറിന്‍റെ ചുമതലയുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി പ്രദീപ് കുമാര്‍ പറഞ്ഞു. ഡിസംബര്‍ ആറോടെ ടവര്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവും. 24 മണിക്കൂറും വിമാനം വരാനും പോകാനുമുള്ള സൗകര്യം കണ്ണൂരിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജനറല്‍ മാനേജര്‍ (എടിഎം) പീറ്റര്‍ എബ്രഹാം, ജോയിന്‍റ് ജനറല്‍ മാനേജര്‍ (സിഎന്‍എസ്) ശിവകുമാര്‍, കിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എഞ്ചിനീയറിംഗ്) കെ പി ജോസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ജി പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍ & ലാന്റ്) ടി അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ മണിയറ, ഡെപ്യൂട്ടി പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍) ജെ ബിജു, പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം സി ജയരാജന്‍, സിഐഎസ്എഫ് കമാന്റര്‍ ധന്‍രാജ് ഡാനിയേല്‍, ഐടി മാനേജര്‍ ദിനേഷ് കുമാര്‍, മാനേജര്‍ (ഫയര്‍ സര്‍വീസ്) ഷൗക്കത്തലി തുടങ്ങിയവര്‍ സംബന്ധിച്ചു.