Web Desk

കണ്ണൂർ

February 19, 2020, 11:15 am

ഫേസ്ബുക്കിൽ തുടങ്ങിയ പ്രണയം, കുഞ്ഞിനെ കൊന്ന് ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ തോന്നിയ ക്രിമിനൽ ബുദ്ധി: ശരണ്യയും ഒരമ്മ

Janayugom Online

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം. ആർക്കുമൊന്ന് താലോലിക്കാൻ തോന്നുന്ന ആ കുഞ്ഞിന്റെ മരണത്തിന് പിന്നിൽ അമ്മയാണെന്ന് ആരും ആദ്യം കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം തയ്യിൽ കടലിലെ കൽക്കെട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട വിയാന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ആദ്യമെ മനസ്സിലാക്കിയിരുന്നു. എന്നാൽ ആ ക്രൂരതയ്ക്കു പിന്നിലെ കൈകൾ അമ്മയുടേതാണെന്ന സത്യം അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ കൊടും ക്രൂരത ചെയ്തത്. കുഞ്ഞിന്റെ അച്ഛന്റെ നേർക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും ശരണ്യയുടെ വസ്ത്രത്തിലുണ്ടായ ഉപ്പുവെള്ളം സത്യം തെളിയിച്ചു. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.

ശരണ്യയും ഭർത്താവ് പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഫെയ്സ്ബുക് വഴിയാണു ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ കുടുംബങ്ങൾ എതിർത്തു. എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചെങ്കിലും ഇവർക്കിടയിൽ അസ്വരാസ്യങ്ങൾ പതിവായിരുന്നു. ഭാര്യ ഗർഭിണിയായ ഉടൻ പ്രണവ് ജോലിക്കായി ഗൾഫിലേക്കും പോയി. പിന്നീട് ഒരു വർഷത്തിനുശേഷമാണു തിരിച്ചെത്തിയത്. പ്രണവ് ചെലവിനു കൊടുക്കുന്നില്ലെന്ന പരാതി എപ്പോഴേയ്ക്കു ഉയർന്നിരുന്നു. ആഴ്ചയിൽ 3000 രൂപ വച്ചുകൊടുക്കാമെന്നു ധാരണയുണ്ടാക്കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഈസമയം ശരണ്യ സ്വന്തം വീട്ടിൽ താമസമാക്കിയിരുന്നു. അതിനിടയിൽ ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ശരണ്യ ബന്ധം തുടങ്ങി. ഫെയ്സ്ബുക് വഴിയാണ് ശരണ്യ കാമുകനുമായും അടുത്തത്. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. എന്നാൽ വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ ശരണ്യ തീരുമാനിച്ചത്.

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതി പറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കുഞ്ഞിനെ കൊന്നത് ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ തോന്നിയ ശരണ്യയുടെ ക്രിമിനൽ ബുദ്ധി അപ്പാടെ പാളി. അന്വേഷണ സംഘത്തിന്റെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശരണ്യ കുറ്റം സമ്മതിക്കുകയു ചെയ്തു.

ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു കുഞ്ഞിന്റെ സംസ്കാരം. വിയാന്റെ മൃതദേഹം സംസ്കരിക്കുന്നതിനു സാക്ഷികളാകാൻ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇരുവരും മകന്റെ ദേഹം അവസാനമായി കാണണമെന്ന് പൊലീസിനോടു പറഞ്ഞതുമില്ല. വിയാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്കാരം നടത്താൻ അമ്മയുടെ അച്ഛന്റെ വരവിനായി കാക്കുകയായിരുന്നു. മൽസ്യത്തൊഴിലാളിയായ വൽസരാജ് മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. വൽസരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ച് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

അതേസമയം തെളിവെടുപ്പിനു ശരണ്യയെ ഇന്ന് വീട്ടിലെത്തിച്ചപ്പോൾ വളരെ വൈകാരികമായാണ് ബന്ധുക്കൾ അടക്കം പ്രതികരിച്ചത്. എന്നാൽ യാതൊരുവിധ പതർച്ചയോ ഭാവവ്യത്യാസമോ ശരണ്യയ്ക്ക് ഉണ്ടായിരുന്നില്ല. അതേസമയം മാതാപിതാക്കളുടെ പ്രതികരണം ഏറെ വൈകാരികമായപ്പോൾ ശരണ്യ ചെറുതായി വിതുമ്പി.

Eng­lish Sum­ma­ry; kan­nur child death new updates saranya
YOU MAY ALSO LIKE THIS VIDEO