ഒന്നരവയസ്സുകാരനെ കടൽതീരത്ത് മരച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മതന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞപ്പോൾ ഞെട്ടിയത് കേരളമൊന്നാകെ. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ കൊടും ക്രൂരത ചെയ്തത്. കുഞ്ഞിന്റെ അച്ഛന്റെ നേർക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും ശരണ്യയുടെ വസ്ത്രത്തിലുണ്ടായ ഉപ്പുവെള്ളം സത്യം തെളിയിച്ചു. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.
ശരണ്യയും ഭർത്താവ് പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ‑പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേർന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നൽകി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനകൾക്കായി ശേഖരിച്ചിരുന്നു. കടൽഭിത്തിക്കരികിൽ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തിൽ കടലിൽ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണൽതരികളോ ഉണ്ടാകും. ഇക്കാര്യങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങൾ ശേഖരിച്ചത്.
English summary: kannur child death new updates
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.