കണ്ണൂര്‍ കോർപ്പറേഷൻ ഭരണം അട്ടിമറിനീക്കത്തിനിടെ യുഡിഎഫില്‍ ഭിന്നത

Web Desk

കണ്ണൂര്‍

Posted on July 16, 2019, 6:20 pm

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തവെ യുഡിഎഫില്‍ ഭിന്നത. മേയര്‍ സ്ഥാനമോ ഡെപ്യൂട്ടി മേയര്‍ സ്ഥാനമോ തങ്ങള്‍ക്കു നല്‍കണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് ഇനിയും പരിഗണിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. കോര്‍പറേഷന്‍ വിഷയം പരിഹരിക്കുന്നതു വരെ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനും കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടേണ്ടതില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. കോര്‍പറേഷന്‍ വിഷയത്തില്‍ ലീഗ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ തള്ളുകയാണെങ്കില്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ബഹിഷ്‌കരണ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് ലീഗിലെ ഒരു ഉന്നത നേതാവ് പറഞ്ഞു. നേരത്തെ ഈ വിഷയം സംബന്ധിച്ച് പ്രാദേശിക തലത്തില്‍ ലീഗ് യുഡിഎഫ് പരിപാടികളില്‍ നിന്നു വിട്ടു നിന്നിരുന്നു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല ഈ നടപടി.

ഞായറാഴ്ച രാത്രി സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് കോര്‍പറേഷന്‍ വിഷയത്തിന്‍മേല്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കടുത്ത യോഗത്തിലുള്ള തീരുമാനമായതില്‍ ഈ വിഷയം സംസ്ഥാന കമ്മിറ്റിയുടെ കൂടെ അറിവോടെയും അനുവാദത്തോടെയുമാണെന്നാണ് വിവരം. തീരുമാനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വെട്ടിച്ചുരുക്കി അവരുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനെതിരേ യുഡിഎഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ഇന്നലെ രാവിലെ കോര്‍പറേഷനു മുന്നില്‍ നടന്ന ധര്‍ണയില്‍ ലീഗ് പങ്കെടുത്തില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതില്‍ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാളും കൂടുതല്‍ രംഗത്തിറങ്ങിയത്. എന്നിട്ടും കോണ്‍ഗ്രസ് നന്ദികേടാണ് കാട്ടുന്നതെന്നും നേതൃയോഗം വിലയിരുത്തി. കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കൊണ്ടാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ മേയര്‍ സ്ഥാനം യുഡിഎഫിന് നഷ്ടപ്പെട്ടത്. തങ്ങളുടെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം ഇപ്പോഴും ധാര്‍ഷ്ട്യത്തിന്റ നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെന്ന വിമര്‍ശനവും നേതൃയോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ ജില്ലാ ലീഗ് പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി അബ്ദുല്‍ കരിം ചേലേരി,സെക്രട്ടറി കെ.പി.താഹിര്‍ വി.പി വമ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഗേഷിനെ അനുനയിപ്പിച്ച് കോര്‍പറേഷന്‍ ഭരണം പിടിക്കുന്‌പോള്‍ മേയര്‍ സ്ഥാനം തങ്ങള്‍ക്കു ലഭിക്കണമെന്നായിരുന്നു ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ തങ്ങള്‍ക്കു വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതിനിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച് ഡെപ്യൂട്ടി ഇടത് പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നേടിയെടുത്ത പി.കെ. രാഗേഷിനെ അനുനയിപ്പിച്ച് ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരേ പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. പാര്‍ട്ടിയെ തള്ളിപറഞ്ഞ് മത്സരിച്ചയാളെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് ശരിയല്ലെന്നു കാണിച്ച് പ്രവര്‍ത്തകര്‍ ഡിസിസിയെ പ്രതിഷേധം അറിയിച്ചിരുന്നു. ആകെയുള്ള 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിലും എല്‍ഡിഎഫിലും 27 വീതമാണ് അംഗങ്ങള്‍. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്.

you may also like this video