ജാഗ്രതയോടെ കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 16 ആയി

Web Desk

കണ്ണൂര്‍

Posted on March 23, 2020, 9:40 pm

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് അഞ്ചുപേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇ കെ532 വിമാനത്തില്‍ ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയവരാണ്. മാര്‍ച്ച് 21ന് രാത്രി 9.45 ന് പുറപ്പെട്ട് 22 ന് 2.45 നാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. അഞ്ച് പേരെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് സ്‌ക്രീന്‍ ചെയ്യുകയും അതില്‍ കൂത്തുപറമ്പ് സ്വദേശിയായ ഒരാളെ രോഗലക്ഷണത്തെ തുടര്‍ന്ന് കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പാനൂര്‍ സ്വദേശികളായ മറ്റ് നാല് പേരെയും വെവ്വേറെ ആംബുലന്‍സുകളില്‍ വീടുകളിലെത്തിച്ച് ഹോം ഐസോലേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ വിമാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 28 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗിക്കുകയാണ്.

പുതിയ അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം 16 ആയി. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.16 പേരില്‍ 15 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ ഷാര്‍ജയില്‍ നിന്നുമാണ് നാട്ടിലെത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാന്‍ എ, ബി, സി പ്രകാരം യഥാക്രമം 80, 96, 250 ബെഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഹോം ഐസോലേഷനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 1000 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കൊറോണ കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു.

സര്‍ക്കാര്‍ തലത്തിലുള്ള സൗകര്യങ്ങള്‍ പോരാതെ വരുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വാഗ്ദാനം ചെയ്ത സൗകര്യവും ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഐസേലേഷനില്‍ കഴിയുന്നവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് സേനയുടെ സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുവാനുള്ള നടപടികളും സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമായി പ്രവര്‍ത്തനം ക്രമീകരിക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെയും മറ്റും ലഭ്യത ഓണ്‍ലൈന്‍ മുഖേനയും ഹോം ഡെലിവറി മുഖേനയും രോഗബാധ തടയുന്നതിനുള്ള ആവശ്യമായ മുന്‍കരുതല്‍ എടുത്തുകൊണ്ട് ഉറപ്പുവരുത്തും. മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യത പൊതു വിപണിയില്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry; coro­na cas­es in kan­nur dis­trict

YOU MAY ALSO LIKE THIS VIDEO