കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 80 പേര്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കളക്ടര്‍

Web Desk

കണ്ണൂർ

Posted on April 23, 2020, 10:42 am

മേയ് മൂന്ന് വരെ കണ്ണൂരിൽ കർശന നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഇപ്പോൾ ഉള്ളത് കണ്ണൂരിലാണ്. കണ്ണൂരിൽ പരിശോധന നടത്തിയ 111 പേരിൽ രോഗം സ്ഥിരീകരിച്ച 80 പേർക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കളക്ടർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും ഉൾപ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.

മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യ സാധനങ്ങൾ എത്തിക്കും. ഇവിടങ്ങളിൽ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെയും ഔദ്യോഗിക വളണ്ടിയർമാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.

കണ്ണൂര്‍ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂത്തുപറമ്ബ്, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, പാനൂര്‍ മുന്‍സിപ്പാലിറ്റികളും പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്ബ, കുന്നോത്തുപറമ്ബ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെമ്ബിലോട്, മാങ്ങാട്ടിടം, ഏഴോം, എരുവേശ്ശി, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍.

 

you may also like this video