കണ്ണൂര്‍: സമാധാനത്തിന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം

Web Desk
Posted on May 08, 2018, 10:14 pm

യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്ന വിധത്തില്‍ കുറ്റാന്വേഷണ സംവിധാനം കൂടുതല്‍ ശക്തമാക്കപ്പെടണം. മതിയായ ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാഹചര്യങ്ങളുമുണ്ടാകണം. ഇപ്പോഴൊന്നും തുടങ്ങിയതല്ലെങ്കിലും ആ പോരായ്മയും കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ നിലയ്ക്കാതിരിക്കുന്നതിന് ഒരു കാരണമാണ്

കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭൂമിയായിരിക്കുന്നു. സമാധാനയോഗങ്ങള്‍ അപ്രസക്തമാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും ആര്‍എസ്എസാണ് കൊലപാതകം തുടങ്ങിവച്ചിരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രതികാരവുമുണ്ടായി. കൊടുക്കലും വാങ്ങലുമായി അക്രമങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാനയോഗങ്ങള്‍ പതിവ് തെറ്റാതെ ചേരുന്നുവെങ്കിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെങ്കിലും കണ്ണൂരില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പലപ്പോഴും സമാധാന യോഗങ്ങള്‍ പോലും പരസ്പരമുള്ള പോര്‍വിളികളുടേതും അസ്വാരസ്യങ്ങളുടേതുമായി മാറുകയാണുണ്ടായിട്ടുള്ളത്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പ്രസ്തുത യോഗം ചേര്‍ന്നത്. യുഡിഎഫ് അത് ബഹിഷ്‌കരിക്കുകയാണുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കളെ കുറിച്ചുള്ള സാങ്കേതികമായ വിഷയങ്ങളായിരുന്നു ബഹിഷ്‌കരണ കാരണമായി ഉന്നയിക്കപ്പെട്ടത്. ജനപ്രതിനിധിക്ക് പാര്‍ട്ടി പ്രതിനിധിയാകാമോ എന്നതായിരുന്നു ആ പ്രശ്‌നം. ഇതുതന്നെ സമാധാനമല്ല സങ്കുചിതമായ താല്‍പര്യങ്ങളാണ് നേതാക്കളെ നയിക്കുന്നതെന്നതിന്റെ ഒരുദാഹരണമാണ്. അവിടെ അത് യുഡിഎഫിന്റെ ഭാഗത്തുനിന്നാണുണ്ടായത്. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷത്തില്‍ പങ്കാളികളോ ഇരകളോ ആകുന്ന ഓരോ കക്ഷിയും ഇതേ നിലപാട് സ്വീകരിക്കാറുണ്ട്.

ഫെബ്രുവരിയിലെ യോഗം ചേര്‍ന്നതിന് ശേഷം കൊലപാതകങ്ങള്‍ നടന്നില്ലെന്നുമാത്രമേയുള്ളൂ. ആര്‍എസ്എസുകാരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ഒരു ഡസനിലധികം പേരെങ്കിലും ഇപ്പോഴും ചികിത്സയിലാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം മാഹിയില്‍ ആര്‍എസ്എസുകാരുടെ വെട്ടേറ്റ് സിപിഐഎം നേതാവ് കൊല്ലപ്പെടുന്നത്. ഉടന്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകമായിരുന്നില്ല ആര്‍എസ്എസ് നടത്തിയത്. ആസൂത്രിതവും ക്രൂരവുമായ കൊലപാതകമായിരുന്നു. പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നാണ് അതു നടത്തിയ രീതിയില്‍ നിന്ന് വ്യക്തമാകുന്നത്. കഴുത്തറുത്ത് കൊല്ലാനായിരുന്നു പദ്ധതി. പ്രതികാരമായി നടന്ന കൊല കേവല പ്രതികരണമായിരുന്നുവെന്ന് അനുമാനിക്കാമെങ്കിലും അതിലും ക്രൂരമായ രീതിയാണ് അവലംബിക്കപ്പെട്ടത്. ഇതില്‍ നിന്ന് വ്യക്തമാക്കപ്പെടുന്നത് അക്രമത്തില്‍ പങ്കാളികളാകുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൊലയാളി സംഘങ്ങളെ നിലനിര്‍ത്തുന്നുവെന്നാണ്, സംഭവങ്ങള്‍ നടക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്നുവെങ്കിലും.

കണ്ണൂരിലെ സംഘര്‍ഷത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അതിനെ ചരിത്രത്തോട് കൂട്ടിക്കെട്ടാനും സാധിച്ചേക്കും. എന്നാല്‍ കണ്ണൂരിലും കേരളത്തിലും സമാധാനഭംഗമുണ്ടെന്ന് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നത് എല്‍ഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ നാള്‍മുതല്‍ കണ്ടുവരുന്നതാണ്. അധികാരമേറ്റ് രണ്ടു മാസത്തിനകം സിപിഐഎം പ്രവര്‍ത്തകനെ കൊല ചെയ്തുകൊണ്ട് ആര്‍എസ്എസ് അതിന് തുടക്കമിട്ടതാണ്. കൊലയും തിരിച്ചടികളുമായി അവര്‍ കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്താകെ ഇവിടെ സമാധാനഭംഗമാണെന്ന പ്രചരണം നടത്തുകയുമാണ്. അതിന് ദേശീയ നേതാക്കള്‍ പോലും കൂട്ടുനില്‍ക്കുന്നുണ്ട്. ഇത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

ചിലപ്പോള്‍ സമാധാന യോഗങ്ങള്‍ക്കു ശേഷമുള്ള ചെറിയ ഇടവേളകളില്‍ കുറയുന്നുവെങ്കിലും വീണ്ടും അത് രൂക്ഷമാകുകയും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും സമാധാന ശ്രമങ്ങള്‍ കൊണ്ട് ചെറിയ ഇടവേളയുണ്ടായി. എന്നാല്‍ അതിന് ഭംഗം വരുത്തിക്കൊണ്ട് ആര്‍എസ്എസാണ് ഇത്തവണ തുടങ്ങിയത്. സമാധാന യോഗങ്ങളിലൂടെ കൊലപാതകങ്ങള്‍ക്ക് മാത്രമാണ് താല്‍ക്കാലിക ശമനമുണ്ടാകുന്നത് എന്നതും യാഥാര്‍ഥ്യമാണ്. സമാധാനയോഗങ്ങളുടെ തീരുമാനങ്ങള്‍ അതിന്റെ മഷിയുണങ്ങും മുമ്പ് ലംഘിക്കപ്പെടുന്നതാണ് കണ്ണൂരിലെ സാഹചര്യം.

ഇതിനെല്ലാമുള്ള ആത്യന്തിക പരിഹാരമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സമാധാനയോഗങ്ങളിലെ വെല്ലുവിളികള്‍ പോലും സമാധാന ഭംഗമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. കലാപരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും അങ്ങനെ ചെയ്യുന്നവരെ ഒരു തരത്തിലും സഹായിക്കില്ലെന്നുമുള്ള പ്രഖ്യാപനത്തിനപ്പുറം അത് നടപ്പിലാക്കാനുള്ള ആര്‍ജവമാണ് ബന്ധപ്പെട്ട കക്ഷികള്‍ കാട്ടേണ്ടത്. ഓരോ സംഭവം നടക്കുമ്പോഴും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കൂ.