October 2, 2022 Sunday

Related news

August 18, 2022
August 17, 2022
July 9, 2022
June 28, 2022
June 28, 2022
April 4, 2022
March 22, 2022
September 11, 2021
September 11, 2021
September 10, 2021

കണ്ണൂർ സര്‍വകലാശാല കരിക്കുലം വിവാദം

Janayugom Webdesk
September 11, 2021 5:08 am

കണ്ണൂർ സര്‍വകലാശാലയില്‍ ബിരുദാനന്തര കോഴ്സില്‍ കരിക്കുലം നിശ്ചയിച്ചത് വിവാദമായിരിക്കുകയാണ്. പൊളിറ്റിക്സ് ആന്റ് ഗവേണന്‍സ് മൂന്നാം സെമസ്റ്ററിനായുള്ള സിലബസില്‍ ഉള്‍പ്പെടുത്തിയപുസ്തകങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്.

തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും വിദ്വേഷ ആശയങ്ങളുടെയും വക്താക്കളായിരുന്ന വി ഡി സവര്‍ക്കര്‍, എം എസ് ഗോള്‍വാള്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. സവർക്കറുടെ ആരാണ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ വിചാരധാര, വി ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്, മധോക്കിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ 11 പാഠങ്ങളിലാണ് ഇവ അടങ്ങിയിരിക്കുന്നത്. വിചാരധാരയിലെ ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കള്‍, ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും എന്ന ഭാഗം തന്നെ പഠിപ്പിക്കണമെന്നാണ് തീരുമാനിച്ചത്.

 


ഇതുകൂടി വായിക്കൂ: എംബിബിഎസ് സിലബസില്‍ ഹിന്ദുത്വ അജണ്ട; ബിജെപിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു


ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി ചരിത്രമോ രാഷ്ട്രീയമോ പഠിക്കുമ്പോള്‍ എല്ലാ ചിന്താധാരകളെയും പഠിക്കണമെന്നതുകൊണ്ടാണ് ഇത്തരം ഒരു സമീപനം സ്വീകരിച്ചതെന്നാണ് വിശദീകരണം. അതില്‍ വലിയ പിശകുമില്ല. പക്ഷേ പാഠഭാഗങ്ങള്‍ രൂപീകരിക്കുന്നതിന് നിയതമായ മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെന്നത് പോരായ്മയാണ്. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര അവധാനത ഉണ്ടായില്ലെന്ന് കണ്ടെത്താനാകും. 11 ല്‍ നാലും ഒരേ ആശയത്തിന്റേത് ആകുമ്പോള്‍ അവശേഷിക്കുന്നവ മറ്റെല്ലാ ചിന്താധാരകളെയും ഉള്‍ക്കൊള്ളുന്നുണ്ടോയെന്ന് പരിശോധിച്ചാല്‍ ഇല്ലെന്ന ഉത്തരമാണ് കിട്ടുന്നത്. മാത്രവുമല്ല നിലവിലുള്ള എല്ലാ ആശയങ്ങള്‍ക്കും സ്ഥാനം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. വലതുപക്ഷവും ഇടതുപക്ഷവും മാത്രമല്ല മധ്യപക്ഷവും അതല്ലാത്ത പക്ഷങ്ങളുമൊക്കെയുള്ള വൈവിധ്യ നിലപാടുകളുടെ ഇടമാണ് നമ്മുടെ സംസ്ഥാനവും രാജ്യവും. ഇക്കാരണം കൊണ്ടുതന്നെ പാഠങ്ങളുടെ തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷതയുണ്ടായില്ലെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: അടിമുടി ശാസ്ത്രവിരുദ്ധമായ പശുശാസ്ത്ര സിലബസ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍


ഈ പുസ്തകങ്ങളോ പാഠങ്ങളോ രാജ്യത്ത് നിരോധിക്കപ്പെട്ടവയല്ലെന്നത് വസ്തുതയുമാണ്. ഫാസിസത്തിന്റെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കാവുന്ന ഹിറ്റലറുടെ ജീവചരിത്രം വായിക്കുന്നതോ പഠിക്കുന്നതോ കുറ്റകരമല്ല. അതുവായിച്ചാല്‍തന്നെ ആ ജീവിതത്തിന്റെയും ആശയത്തിന്റെയും മനുഷ്യ വിരുദ്ധതയും ക്രൂരതയും മനസിലാക്കുവാനും സാധിക്കും. അതുതന്നെയാണ് മേല്പറഞ്ഞ പുസ്തകങ്ങളുടെയും ആശയങ്ങളുടെയും സ്ഥിതി. പക്ഷേ കേരളം പോലെ പ്രബുദ്ധവും നവോത്ഥാനാധിഷ്ഠിതവും പുരോഗമന പരവുമായ പശ്ചാത്തലമുള്ള സമൂഹത്തില്‍ കരിക്കുലങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാട്ടേണ്ട ജാഗ്രത ഇപ്പോഴത്തെ വിഷയത്തില്‍ ഉണ്ടായോ എന്ന സംശയം സ്വാഭാവികമാണ്. ചില അധ്യാപകരെ ചുമതലപ്പെടുത്തി വേണ്ടത്ര പരിശോധനയില്ലാതെ കരിക്കുലം രൂപീകരിക്കുന്ന സാഹചര്യമുണ്ടായത് അതുകൊണ്ടാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് പോലുള്ളസംവിധാനങ്ങള്‍ വിശദമായ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടത്തിയാണ് കരിക്കുലം രൂപീകരിക്കാറുണ്ടായിരുന്നത്. ബോര്‍ഡ് നിലവിലില്ലാത്തതിനാല്‍ ഒരുകൂട്ടം അധ്യാപകരെ ചുമതലപ്പെടുത്തുകയായിരുന്നു. അവരുടെ കരിക്കുലം രൂപീകരണത്തില്‍ വീഴ്ചകളുണ്ടായെന്നാണ് ആരോപണം.

 


ഇതുകൂടി വായിക്കൂ: കണ്ണൂർ സർവകലാശാല വിവാദ സിലബസ് പരിശോധിക്കാൻ രണ്ടംഗ സമിതി


രാജ്യത്ത് ഫാസിസ്റ്റ് ഭരണം സ്ഥാപിതമായതു മുതല്‍ കരിക്കുലം രൂപീകരണങ്ങള്‍ വിവാദവും സംവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴും സൃഷ്ടിക്കുന്നുമുണ്ട്. അത് എല്ലായ്‌പ്പോഴും ഏകപക്ഷീയമായ ചരിത്രനിര്‍മിതിയുടെയും പക്ഷപാതപരമായ ആശയ പ്രചരണ ശ്രമങ്ങളുടെയും ഫലമാണ്. സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലും നവോത്ഥാന മുന്നേറ്റങ്ങളിലും പുതിയ പേരുകള്‍ ചേര്‍ക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹത്തായതും ത്യാഗഭരിതവുമായ പോരാട്ടങ്ങളുടെ കാലത്ത് അതില്‍നിന്ന് മാറിനിന്നവരും ഒരുവേള ഒറ്റുകൊടുത്തവരും ചിലപ്പോഴൊക്കെ മാപ്പെഴുതി നല്കി രക്ഷപ്പെട്ടവരുമെല്ലാം ചരിത്ര പുസ്തകങ്ങളിലും ആശയപ്രചരണ ഉപാധികളിലും പ്രതിഷ്ഠിക്കപ്പെടുന്നു. യഥാര്‍ത്ഥ ചരിത്രവും ചരിത്ര പുരുഷന്മാരും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. സമീപകാലത്ത് മലബാര്‍ കലാപം സംബന്ധിച്ച ഇന്ത്യന്‍ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ സമീപനങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ കരിക്കുലം വിവാദമായി മാറുന്നത്. വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ പ്രമുഖരും വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പാഠങ്ങള്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പഠിക്കുന്നതിന് രണ്ടംഗ സമിതിയെ നിയമിക്കുകയും അതിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയ്ക്കു പുറത്തുനിന്നുള്ള ജെ പ്രഭാഷ്, പ്രഫ. പവിത്രൻ എന്നിവരടങ്ങുന്ന സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും അതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വിസി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തിന് അവസാനമാകുമെന്ന് കരുതാവുന്നതാണ്. പക്ഷേ ഇത്തരം ജാഗ്രതക്കുറവുകളും സംശയാസ്പദമായ സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.