കാൺപൂർ ഏറ്റുമുട്ടൽ: ബിജെപി കുടുങ്ങി

Web Desk

കാണ്‍പൂര്‍

Posted on July 07, 2020, 10:21 pm

ഉത്തർ പ്രദേശിൽ എട്ട് പൊലീസുകാർ ഏറ്റുമുട്ടലില്‍ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായി ബിജെപി. കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് ബിജെപി എംഎല്‍എമാരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. തനിക്കെതിരെ പൊലീസ് നടപടി വന്നപ്പോള്‍ മുമ്പ് സഹായിച്ചത് ബിജെപി എംഎല്‍എമാരാണെന്ന് വികാസ് ദുബെ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ സമാജ് വാദി പാര്‍ട്ടിക്കും തിരിച്ചടിയായി. എസ്‌പി നേതാവും മുൻ യുപി നിയമസഭാ സ്പീക്കറുമായ ഹരികൃഷ്ണ ശ്രീവാസ്തവയാണ് തന്റെ രാഷ്ട്രീയഗുരുവെന്നും, രാഷ്ട്രീയത്തിലിറക്കിയത് അദ്ദേഹമാണെന്നും വികാസ് ദുബെ പറയുന്നുണ്ട്.

തനിക്കെതിരെയുള്ള കേസുകള്‍, സംസ്ഥാനത്ത് തന്റെ ജനപ്രീതി വര്‍ധിക്കുന്നത് കൊണ്ട് വരുന്നതാണെന്നും, അത് എതിരാളികളെ അസൂയാലുക്കളാക്കുന്നുവെന്നും ദുബെ പറയുന്നു. ബിജെപി എംഎല്‍എമാരായ അഭിജിത്ത് സംഗ, ഭഗവതി സാഗര്‍ എന്നിവരാണ് തന്നെ സഹായിച്ചതെന്നും ദുബെ പറഞ്ഞു. ഇവരുമായി നല്ല ബന്ധമുണ്ടെന്നും ദുബെ പറഞ്ഞു. മൂന്ന് പൊലീസുകാരെ കൂടി സംഭവ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ വികാസ് ദുബെയുടെ ആളുകളുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട ഡിഎസ്‌പി ദേവേന്ദ്ര കുമാര്‍ മിശ്ര എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് സേനയ്ക്ക് ഉളളില്‍ നിന്നു തന്നെ റെയ്ഡ് സംബന്ധിച്ച വിവരം വികാസിന് ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥന്‍ എഴുതിയ കത്തില്‍ പറയുന്നു. വിനയ് തിവാരി എന്ന പൊലീസുകാരനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദേവേന്ദ്ര കുമാര്‍ മിശ്ര കത്തില്‍ പറഞ്ഞിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊലക്കേസ് പ്രതിയായ വികാസിനെ അറസ്റ്റ് ചെയ്യാന്‍ മൂന്നു പൊലീസ് സ്റ്റേഷനില്‍ നിന്നുളള 50 പൊലീസുകാരുമായാണ് ദേവേന്ദ്ര കുമാര്‍ മിശ്ര റെയ്ഡ് നടത്തിയത്. റെയ്ഡ് വിവരം നേരത്തെ അറിഞ്ഞ വികാസും സംഘവും മറഞ്ഞിരുന്നു വെടി ഉതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ‌ഡിഎസ്‌പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ മരണപ്പെട്ടിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കലാപം എന്നിവയുള്‍പ്പെടെ 60ല്‍ അധികം കേസുകളാണ് വികാസ് ദുബെയെക്ക് എതിരെയുളളത്. സംഭവത്തെ തുടര്‍ന്ന് ഒളിവിൽപോയ ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

you may also like this video