Web Desk

December 15, 2019, 1:36 pm

ചൊവ്വാഴ്ചയിലെ ഹര്‍ത്താലിനെതിരേ കാന്തപുരം

Janayugom Online

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചൊവ്വാഴ്ചയിലെ ഹർത്താൽ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും ഈ ഹർത്താൽ പ്രഖ്യാപനം തിടുക്കപ്പെട്ടുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോൾ ഹർത്താലിന് സമയമായിട്ടില്ല, ഈ സമയത്ത് ഹർത്താൽ നടത്തുന്നത് ശത്രുത വർധിപ്പിക്കാനേ ഉപകരിക്കൂ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരായ മാത്രം നിയമമല്ല. ഇത് ഭരണഘടനയ്ക്ക് എതിരായ നിയമമാണ്’-കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.

ചൊവ്വാഴ്ചയിലെ ഹർത്താലുമായി സഹകരിക്കരുതെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ കഴിഞ്ഞദിവസം മലപ്പുറത്ത് സംഘടിപ്പിച്ച എസ് വൈ എസ് പൗരാവകാശ സമ്മേളനത്തിലും അഭിപ്രായപ്പെട്ടിരുന്നു. ഹർത്താൽ നടത്തി നാടിനെ കുഴപ്പത്തിലേക്ക് കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ചൊവ്വാഴ്ചയിലെ ഹർത്താലിന് ഒരു സംഘടനകളും നോട്ടീസ് നൽകിയിട്ടില്ലെന്നും ഹർത്താൽ നിയമവിരുദ്ധമാണെന്നും കാസർകോട് ജില്ലാ പോലീസ് മേധാവിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയിലെ ഹർത്താലുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് യൂത്ത് ലീഗും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു