കന്‍വര്‍സിങ്

Web Desk
Posted on December 17, 2017, 6:02 pm

കലാപനാളുകളില്‍ ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച ധീരനായകനായിരുന്നു കന്‍വര്‍ സിങ്. പൈതൃകമായി ലഭിച്ച അളവറ്റ സ്വത്തിന്റെ ഉടമയായിരുന്നെങ്കിലും ആ സ്വത്തെല്ലാം ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തു. വയസ് എഴുപത്തഞ്ചായെങ്കിലും ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു അദ്ദേഹം.
അപ്പോഴാണ് ബിഹാറില്‍ കലാപം തുടങ്ങിയത്. രണ്ടായിരം ഗ്രാമീണ കര്‍ഷകരെ ചേര്‍ത്ത് സമരസേനയുണ്ടാക്കി വിപ്ലവരംഗത്ത് കുതിച്ചിറങ്ങി. നാനാസാഹിബിന്റെ നിര്‍ദേശപ്രകാരം ബ്രിട്ടീഷുകാരെ കാണുന്നിടത്തുവച്ച് കൊല നടത്തിക്കൊണ്ട് നാനയുടെ കൂടെ ചേരാന്‍ കോണ്‍പൂര്‍ ലക്ഷ്യംവച്ചു നീങ്ങി. നാനയോടൊപ്പം കാണ്‍പൂരിലും അലഹബാദിലെ രേവയിലും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ശത്രുസേനക്ക് ആവുന്നത്ര നാശം വിതയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ കലാപത്തില്‍ അംഗവൈകല്യം സംഭവിച്ച കൂട്ടുകാരോടൊപ്പം നാട്ടിലേക്ക് തിരിച്ചു. ഗംഗാനദി കടക്കണം. കന്‍വറും സംഘവും നദീമധ്യത്തിലെത്തിയപ്പോള്‍ മറുകരയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം വെടിവച്ചു തുടങ്ങി. കന്‍വറിന്റെ ഇടതുകൈയില്‍ വെടിയുണ്ടയേറ്റ് ആ കൈ ഒടിഞ്ഞുതൂങ്ങി. അദ്ദേഹം അരയില്‍ സൂക്ഷിച്ചിരുന്ന കഠാര എടുത്ത് ഉപയോഗശൂന്യമായ ആ കൈ ”ഗംഗാമാതാവിനിത് ഞാന്‍ തര്‍പ്പണം ചെയ്യുന്നു” എന്ന് പറഞ്ഞ് മുറിച്ചെടുത്ത് നദിയുടെ കയത്തിലേയ്ക്ക് വീശിയെറിഞ്ഞു. കുഞ്ഞുങ്ങളില്‍ ധീരത വളര്‍ത്താന്‍ ബിഹാറിലെ മുത്തശ്ശിമാര്‍ സ്വന്തം പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ധീരകഥകളില്‍ കന്‍വര്‍ ഒരു പ്രധാന കഥാപാത്രമാണ്. കന്‍വര്‍സിങ്ങിനെ ബിഹാറികള്‍ അവരുടെ നാടോടിഗാനങ്ങളിലൂടെയും അനശ്വരനാക്കി.
ആദ്യമൊക്കെ കലാപം വിജയിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ ശക്തമായ പ്രത്യാക്രമണത്തോടെ അതിന്റെ പരിസമാപ്തി ദയനീയമായിരുന്നു.