8 September 2024, Sunday
KSFE Galaxy Chits Banner 2

കൻവാർ യാത്ര: ഭരണകൂടം സ്ഥാപിക്കുന്നത് ഹിറ്റ്ലറുടെ ചൂണ്ടുപലകകൾ

Janayugom Webdesk
July 28, 2024 5:00 am

കൻവാർ യാത്രാ വിവാദത്തിൽ സുപ്രീം കോടതി ഇടപെട്ടു. ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവേചനങ്ങളിൽ കോടതി പറഞ്ഞു, “കൻവാർ യാത്രാ മാർഗങ്ങളിലെ ഭക്ഷണശാലകളുടെ പുറത്ത് ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുത്. ഇത്തരം നിർദേശം തന്നെ വിവേചനമാണ്. പടിഞ്ഞാറൻ യുപിയിലെ പല ഹോട്ടൽ ഉടമകളും മുസ്ലിം തൊഴിലാളികളെ അവരുടെ ഭക്ഷണശാലകളിൽ നിന്ന് കൻവാർ യാത്ര തീരുന്ന ഓഗസ്റ്റ് അഞ്ചുവരെ മാറ്റിനിർത്തി. തൊഴിലാളികളാകട്ടെ വർഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരായിരുന്നു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ കൻവാർ യാത്രാ വഴിയിലുള്ള ഭക്ഷണശാലകളിലെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട് പൊലീസ് നിർദേശം നൽകി. തുടർന്നാണ് മുസ്ലിം തൊഴിലാളികളെ മാറ്റിനിർത്താൻ നിർബന്ധിതരായതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. പൊലീസിന്റെ നടപടികൾക്ക് നിയമപരമായ വിശദീകരണങ്ങളൊന്നും ഇല്ലതാനും. ഭക്ഷണം സംബന്ധിച്ച നിർദേശവും ഭരണഘടനാ വിരുദ്ധമാണ്. 

രേഖാമൂലമുള്ള ഉത്തരവുകളൊന്നുമില്ലാതെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസിന്റെ സമീപനങ്ങളും നിർദേശങ്ങളും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് വിവിധ രാഷ്ട്രീയ നേതൃത്വവും പൗരാവകാശ പ്രവർത്തകരും അഭിഭാഷകരും വ്യക്തമാക്കിയിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിർദേശം നൽകിയതെന്നും അവർ ചോദിച്ചു. പ്രലോഭനങ്ങളുടെ വഴിയും പൊലീസ് തേടി. ഔപചാരികമായ നിർദേശങ്ങൾ ഒഴിവാക്കാനായിരുന്നു ശ്രമം. കൻവാർ യാത്രാവഴിയിലെ ഭക്ഷണശാലാ മാനേജർമാരോട് അവരുടെ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകൾ “സ്വമേധയാ” പ്രദർശിപ്പിക്കാൻ “അഭ്യർത്ഥിച്ചു” എന്ന് വിശദീകരിച്ച് ഒരു പ്രസ്താവന മുസാഫർനഗർ പൊലീസ് ഇന്റര്‍നെറ്റിൽ പ്രചരിപ്പിച്ചു. പക്ഷെ വിചിത്രമെന്ന് പറയട്ടെ ഉത്തരവെന്ന് സൂചിപ്പിക്കുന്ന ചില പ്രയോഗങ്ങൾ അതിൽ അടങ്ങിയിരുന്നു. മുസാഫർനഗറിലെ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അതേ അവ്യക്തതയോടെയാണ് മറുപടി നൽകിയത്. പരിധിക്കകത്തും പുറത്തും തങ്ങൾക്കില്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്ന പൊലീസ് ചെയ്തികൾക്ക് കുപ്രസിദ്ധിയാർജിച്ച ഇന്ത്യയിൽ ജനങ്ങൾക്ക് പലപ്പോഴും മറ്റ് വഴികളില്ല. “അഭ്യർത്ഥന” എന്നത് പൊലീസിന്റെ അർത്ഥത്തിൽ “ഉത്തരവാകുന്നു”, “സ്വമേധയാ” എന്ന പദപ്രയോഗമാകട്ടെ “ബലപ്രയോഗമായും” മാറുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, വിവേചനരഹിതമായ സമീപനം, സ്വകാര്യത എന്നീ അവകാശങ്ങളുടെ ലംഘനമായിരുന്നു പൊലീസിന്റെയും ഭരണകൂടത്തിന്റെയും പ്രവൃത്തികൾ. ഒരു ഹോട്ടലുടമയ്ക്കും ജീവനക്കാരുടെ പട്ടിക പരസ്യമായി പ്രദർശിപ്പിക്കേണ്ട നിയമപരമായ ബാധ്യതകളില്ല.

ഇത്തരമൊരു വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണ്. പുറമേ ചിന്തിച്ചാൽ നിർദേശത്തിന് മതസ്വത്വവുമായോ ന്യൂനപക്ഷ വിഭാഗങ്ങളുമായോ യാതൊരു ബന്ധവുമില്ലതാനും. മതപരമായ ഭിന്നത സൃഷ്ടിക്കാനല്ല, ശ്രാവണ നാളിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് ഗംഗാജലം ശേഖരിക്കാൻ പുറപ്പെടുന്ന കൻവാരികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ ഇക്കാലയളവിൽ മതപരമായ താല്പര്യങ്ങളാൽ അവർ ഉപയോഗിക്കാറില്ല, മുസാഫർനഗർ പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുസ്ലിം കച്ചവടക്കാരോടുള്ള വിവേചനവും സാമ്പത്തിക ബഹിഷ്കരണവും നടത്താനുള്ള ശക്തമായ ഉദ്ദേശ്യത്തോടെയാണ് നിർദേശമെന്ന് വ്യക്തമായിരുന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ശ്രമിക്കുന്നതും കരുക്കൾ ചമയ്ക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സാമുദായിക കലാപങ്ങളുടെ കാലങ്ങളിൽ പലപ്പോഴും ഒരുവിഭാഗം സാമ്പത്തിക ബഹിഷ്കരണം നേരിടുകയോ ഇരകളാക്കുകയോ ചെയ്യപ്പെടാറുണ്ട്. കൻവാർ യാത്രയുമായി ബന്ധപ്പെട്ട് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിർദേശം നിർദോഷമെന്ന് പുറമേ തോന്നുമെങ്കിലും ഉള്ളടക്കം പച്ചയായ വർഗീയത തന്നെയാണ്. 

കൻവാരിയരെ ആശയക്കുഴപ്പത്തിലാക്കാൻ മുൻകാലങ്ങളിൽ ചില കടകൾക്ക് ബോധപൂർവം പേരുമാറ്റി ഇട്ടതായി കണ്ടെത്തിയിരുന്നു. ഭക്തരുടെ സൗകര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തർപ്രദേശ് ഭരണകൂടം ന്യായം കണ്ടെത്തിയത് ഇതിൽ നിന്നായിരുന്നു. എന്നാൽ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന് മേൽ പ്രത്യേകാവകാശം നൽകാൻ ഒരു സംസ്ഥാനത്തിന് എങ്ങനെ കഴിയും? സമൂഹത്തിൽ മതപരമായ വേർതിരിവ് വളർത്തുന്നതിനും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം വർധിപ്പിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ ശ്രമമായിരുന്നു ഇത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭക്ഷണശാലകൾക്ക് പൊലീസ് നൽകിയ മാർഗനിർദേശങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം കൻവാർ യാത്രയുടെ വഴികളിൽ ക്രമം പാലിക്കുന്നതിനെ കുറിച്ചല്ല. അത് ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ നിർദേശങ്ങൾ സാധൂകരിക്കുന്നതിനായിരുന്നു. 

ഗോൾവാൾക്കർ ആർഎസ്എസ് മേധാവിയാകുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് 1939ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അദ്ദേഹത്തിന്റെ ക്രൂരമായ ആശയങ്ങളുടെ ഏറ്റവും വ്യക്തവും സെൻസർ ചെയ്യപ്പെടാത്തതുമായ സത്തയുണ്ട്. ന്യൂനപക്ഷങ്ങളോട് സമ്പൂർണ സ്വാംശീകരണത്തിന്റെയോ വംശീയ കീഴടക്കലിന്റെയോ മന്ത്രം നിർദേശിച്ച് അദ്ദേഹം സംഘത്തിന്റെ ഹിന്ദു രാഷ്ട്ര പദ്ധതിയെ അഡോൾഫ് ഹിറ്റ്ലറുടെ യഹൂദ വിരുദ്ധതയുമായി താരതമ്യപ്പെടുത്തുന്നു. “വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും വിശുദ്ധി നിലനിർത്താനുള്ള പരിശ്രമങ്ങളിൽ, ജർമ്മനി ലോകത്തെ ഞെട്ടിച്ചു, സെമിറ്റിക് വംശങ്ങളുടെ പ്രത്യേകിച്ചും ജൂതന്മാരിൽ നിന്നും രാജ്യത്തെ ശുദ്ധീകരിച്ചു, “ഗോൾവാൾക്കർ തുടരുന്നു. “വേരുകളിൽ വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്കാരങ്ങളും, ഒരു ഏകീകൃത സത്തയിൽ സമന്വയിക്കുന്നത് എത്ര അസാധ്യമാണെന്ന് ജർമ്മനി കാണിച്ചുതന്നു, ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും പ്രയോജനപ്പെടുത്താനും നേടാനുമുള്ള ഒരു മികച്ച പാഠമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.