Web Desk

ന്യൂഡല്‍ഹി

January 18, 2021, 1:48 pm

രാഹുലിന്റെ വരവിനോട് മുഖം തിരിഞ്ഞ് കപില്‍ സിബല്‍; സംഘടനാ തെരഞ്ഞെടുപ്പ് ജലരേഖയാകുന്നു

Janayugom Online

രാജ്യത്താകമാനം കോണ്‍ഗ്രസ് വലിയ തിരിച്ചടികള്‍ നേരിടുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ജനകീയ മുഖമുളള നേതൃത്വം ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ മാസങ്ങളായി പറയുന്നു. ബിജെപിയുടെ വര്‍ഗ്ഗീയഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയാത്ത സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്.

രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിച്ചോടുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്.ഇതിനെയും മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. ലോക്സഭയിലുണ്ടായ ദയനീയ പരാജയത്തെതുടര്‍ന്ന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ചു.തുടര്‍ന്ന് ആരോഗ്യകാരണങ്ങളാല്‍ ഏറെ ബുദ്ധിമുട്ടുന്ന സോണിയഗാന്ധിയെ ആണ് പ്രസിഡന്‍റായി അവരോധിച്ചിരിക്കുന്നത്. സംഘടന ജനറല്‍ സെക്രട്ടറിയായ കെ . സി വേണുഗോപാലിനെ പലര്‍ക്കും താല്‍പര്യവുമില്ല. പാര്‍ട്ടിയുടെ ഉന്നത സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി വെറും കടലാസ് കമ്മിറ്റിയായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും നിലനില്‍ക്കുന്നു.

ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരുന്നത്. ഇപ്പോള്‍ വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കപില്‍ സിബല്‍.പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സിബല്‍ പറഞ്ഞു.

എപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതിലോ, എങ്ങനെയാണ് നടക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.നിര്‍ഭാഗ്യവശാല്‍, ഞാന്‍ യാത്രയില്‍ ആയതിനാല്‍ അവിടെയുണ്ടായിരുന്നില്ല. പക്ഷേ, ഒരു തുറന്ന ചര്‍ച്ച നടന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പാര്‍ട്ടിയെ നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ ഒരു തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞു. എന്നാണ് ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക എന്നത് ഞങ്ങള്‍ക്ക് വ്യക്തമല്ല. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’. അധ്യക്ഷ തെരഞ്ഞെടുപ്പ്, പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന് ഒപ്പമാണ് നടത്തുക എന്നും എന്നാല്‍ അതേക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇതില്‍ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും

രാജ്യത്ത് ഒരു രാഷ്ട്രീയ ശക്തിയായി കോണ്‍ഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും സിബല്‍ പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിയെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കുശുകുശുപ്പുകളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സിബല്‍ പറഞ്ഞത്.രാഹുലിന്റെ മടങ്ങിവരവ് എന്തെങ്കിലും മാറ്റമുണ്ടാക്കുമോയെന്ന ചോദ്യത്തിന്,തനിക്കത് അറിയില്ലെന്നും ഇതെല്ലാം ഭരണഘടന അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന പ്രക്രിയകളെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രധാന ഘടകങ്ങളുമായും പ്രധാന വ്യക്തികളുമായുള്ള കൂടിയാലോചനയെ ആശ്രയിച്ചിരിക്കുന്നതാണെന്നുമാണ് കപില്‍ സിബല്‍ പ്രതികരിച്ചത്.

Eng­lish Sum­ma­ry : Kapil Sibil says about con­gress pres­i­dent and Rahul Gandhi

You may also like this video :