Web Desk

കോഴിക്കോട്

January 18, 2020, 9:50 pm

കേരള ഗവർണർ ഭരണഘടന പഠിക്കണം: കപിൽ സിബൽ

Janayugom Online

കേരളത്തിലെ ഗവർണർ ഭരണഘടന പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഭാഗമായി ‘ദ ഐഡിയ ഓഫ് ഇന്ത്യ’ എന്ന വിഷയത്തിൽ ജോൺബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അത് അതിജീവിക്കുക തന്നെ ചെയ്യും. ബിജെപി ആദ്യം എല്ലാ സ്ഥാപനങ്ങളിലും ആർഎസ്എസുകാരെ നിയമിച്ചു. തുടർന്ന് എല്ലാ സ്ഥാപനങ്ങളെയും അവർ പിടികൂടി. ഗവർണർമാരെയും.

ദേശീയ അധികാര താത്പര്യങ്ങളുള്ള പ്രാദേശിക പാർട്ടികളാണ് ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുന്നതിനുള്ള തടസം. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾ പാർട്ടികളെ നിരസിക്കും. സിഎഎ ക്കെതിരായ സമരങ്ങൾ ആദ്യം ഉയർന്നുവന്നത് വിദ്യാർത്ഥികളിൽ നിന്നായത് നന്നായി. അതുകൊണ്ട് ജനങ്ങളുടെ ആത്മാർഥമായ പിന്തുണ ലഭിച്ചു. ജനങ്ങളുടെ സ്വപ്നങ്ങൾ വിറ്റാണ് മോഡി അധികാരത്തിലേറിയത്. ഇനി ദേശീയ തലത്തിൽ ധ്രുവീകരണം സാധ്യമല്ലെന്നും കപിൽ സിബൽ പറഞ്ഞു.
മുമ്പ് രണ്ട് മതങ്ങൾ തമ്മിലായിരുന്നു വർഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുത്.

ഇന്ന് രാജ്യത്ത് നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വർഗീയതയാണ്. സമത്വം എന്നത് സിഎഎയിൽ മാത്രമല്ല, രാജ്യത്തെവിടെയും കാണാൻ സാധ്യമല്ല. ഇന്ത്യയിൽ എവിടെയാണ് സമത്വമുള്ളത്? ഏറ്റവും കുറവ് സമത്വമുള്ള രാജ്യമാണ് ഇന്ത്യയെന്നും കപിൽ സിബൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ യുവാക്കളുടെ കണ്ണുകളിലൂടെയാണ് ഭാവിയിലേക്ക് നോക്കുക. വിദ്യാഭ്യാസമുള്ളവരായിരിക്കും ഇനി രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തെത്തുക എന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

 

Eng­lish sum­ma­ry: Kapil Sibal wants Ker­ala Gov­er­nor to study constitution

You may also like this video