Web Desk

കൊയിലാണ്ടി

December 28, 2020, 7:45 pm

കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍

Janayugom Online

അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ കാപ്പാട് ബീച്ചിന് ലഭിച്ചത് ജില്ലാ വികസനത്തിന് അനന്തസാധ്യതകള്‍ക്ക് വഴിവയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്ളാഗ് ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഈ വര്‍ഷം ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്‌ളാഗ് ഉയര്‍ത്തല്‍ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ ദാസന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫീസറുമായ ബീച്ച് മാനേജ്മന്റ് കമ്മിറ്റിയെ മന്ത്രി എ കെ ശശീന്ദ്രന്‍ അഭിനന്ദിച്ചു.

ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷനാണ് കോഴിക്കോട് കാപ്പാട് ബീച്ചിനു ലഭിച്ചത്. ഡെന്‍മാര്‍ക്കിലെ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍. മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ് ആണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തി. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Eng­lish sum­ma­ry; kap­pad beach blue flag certification

You may also like this video;