Web Desk

കോഴിക്കോട്

October 11, 2021, 3:23 pm

ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് : തകര്‍ന്ന് തീരദേശ റോഡ്

Janayugom Online

രാജ്യാന്തര പദവിയായ ബ്ലൂഫ്ലാഗ് ലഭിച്ച കാപ്പാട് ബീച്ചിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. എന്നാൽ കനത്ത മഴയിൽ തകർന്ന തിരദേശ റോഡ് ഇപ്പോഴും അതേ അവസ്ഥയിൽ കിടക്കുന്നത് സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പലയിടങ്ങളിലും കടൽഭിത്തി കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂ ഫ്ലാഗ് ബീച്ച് ആയതോടെ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ റോഡ് തകർന്നു കിടക്കുന്നത് ടൂറിസത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
കാപ്പാട് നിന്നും കൊയിലാണ്ടി ഹാർബറിലേക്കും നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് തീരദേശ റോഡ്. ദേശീയ പാതയിൽ അപകടങ്ങളുണ്ടാവുമ്പോൾ എളുപ്പത്തിൽ തിരുവങ്ങൂരിൽ നിന്നും ഇതുവഴി കൊയിലാണ്ടി ദേശീയ പാതയിൽ എത്താൻ കഴിയും. ദേശീയ പാതയിൽ വാഹന ഗതാഗതത്തിന് തടസ്സമുണ്ടാവുമ്പോൾ ഈ റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. എന്നാൽ റോഡ് തകർന്നു കിടക്കുന്നതിനാൽ ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി പോകാനാകുന്നത്. കാറുകൾ ഉൾപ്പെടെ വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. തുവ്വപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയാണ് റോഡ് തകർന്നു കിടക്കുന്നത്. പൊയില്‍ക്കാവ് മുതല്‍ തുവ്വപ്പാറ വരെ മഴ കഴിഞ്ഞാല്‍ റോ‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം എല്‍ എ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കടല്‍ ഭിത്തി കെട്ടാതെ റോഡ് നിര്‍മ്മിച്ചിട്ട് കാര്യമില്ല. കടല്‍ ക്ഷോഭമുണ്ടാകുന്ന ഹോട്ട് സ്പോട്ടുകളില്‍ ഒന്ന് കാപ്പാടാണ്. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും എം എല്‍ എ  വ്യക്തമാക്കി.