Tuesday
26 Mar 2019

കപ്പൽച്ചാൽ പദ്ധതി മത്സ്യത്തൊഴിലാളി സമൂഹവുമായി വിശദ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ

By: Web Desk | Thursday 1 November 2018 5:05 PM IST


കൊച്ചി : ഗുജറാത്തിലെ കച്ച്  മുതൽ കന്യാകുമാരി വരെയുള്ള  നിർദിഷ്ട കപ്പൽച്ചാൽ  പദ്ധതി മത്സ്യത്തൊഴിലാളി സമൂഹവുമായി വിശദ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം  ബിനോയി വിശ്വം എംപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തിൻറെ സാമ്പത്തീക വരുമാനത്തിൽ മുഖ്യപങ്കാണ് മൽസ്യമേഖല നിർവഹിക്കുന്നത്. തീര കടലിൽ നിന്നും 15 നോട്ടിക്കൽ മൈൽ ദൂരത്താണ് ഇപ്പോൾ ചാലിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഈ പ്രദേശത്തു 20 നോട്ടിക്കൽ മൈൽ വീതിയും കൂടി നിർദേശിക്കപ്പെട്ടതോടെ  പരമ്പരാഗത മൽസ്യത്തൊഴിലാളികളടക്കമുള്ളവരുടെ ജീവിതോപാധി ഇല്ലാതാകുമെന്നത് ഉറപ്പാണ്.

കടലിന്റെ അവകാശികൾ മൽസ്യത്തൊഴിലാളികൾ ആവണമെന്ന ആവശ്യമാണ്  സി പി ഐ അടക്കമുള്ള പാർട്ടികൾ ഉയർത്തുന്നത് . കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത്‌സമാപിച്ച  അഖിലേന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി ) സമ്മേളനത്തിന്റെ പ്രധാന ചർച്ച പുതിയ കപ്പൽച്ചാൽ സംബന്ധിച്ചായിരുന്നു. നിലവിൽ തീരമേഖലയിൽ ബോട്ടുകളിൽ  കപ്പലിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. ഇറ്റാലിയൻ നാവികർ കടലിൽ വെടിവെച്ചുകൊന്ന മത്സ്യത്തൊഴിലാളികൾക്ക് പോലും നീതികിട്ടിയിട്ടില്ല ,മൽസ്യബന്ധന മേഖലകൂടി കുത്തകകമ്പനികൾക്ക് അടിയറവെയ്ക്കാനുള്ള നീക്കമാണ് നരേന്ദ്രമോദി സർക്കാർ നടത്തുന്നത്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇടതുപക്ഷ എം പി മാർ ഈ വിഷയത്തിൽ തങ്ങൾക്കുള്ള കടുത്ത ആശങ്ക അറിയിക്കും. ചർച്ചകളില്ലാതെ മുന്നോട്ടു പോകുന്ന നിലപാടാണ് സർക്കാർ കൈകൊള്ളുന്നതെങ്കിൽ സമാന മനസ്ക്കരായ മുഴുവൻ സംഘടനകളുമായി ചേർന്ന്സമര രംഗത്തേയ്ക്ക് ഇറങ്ങും. സർക്കാർ നടപ്പാക്കുന്ന സാഗരമാല ടൂറിസം പദ്ധതിയടക്കമുള്ളവ  മത്സ്യ  മേഖലയ്ക്ക് മരണമണിയാകുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത  അഖിലേന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി )ജനറൽ സെക്രട്ടറി പി രാജു പറഞ്ഞു. രാജ്യത്തെ പ്രമുഖട്രേഡ് യൂണി യൻ  സംഘടനകളുമായി ചേർന്ന് പാർലമെന്റ് മാർച്ചടക്കമുള്ള സമരപരിപാടികൾ ആലോചിച്ചുവരികയാണ് .മൽസ്യത്തൊഴിലാളി  ഫെഡറേഷൻ  (എ ഐ ടി യു സി ) ജനറൽ സെക്രട്ടറി ടി  രഘുവരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .

Related News