കാപ്പാന്‍ രക്ഷിക്കുമോ…

Web Desk
Posted on September 20, 2019, 6:47 pm

കെ കെ ജയേഷ്

കുറച്ചുകാലമായി അത്ര നല്ല സമയമല്ല സൂര്യയുടേത്. പ്രതീക്ഷിച്ചെത്തിയ ചിത്രങ്ങള്‍ പലരും ശരാശരിയിലൊതുങ്ങി. ഈ പ്രതിസന്ധി ഘട്ടത്തില്‍ പുതിയൊരു ചിത്രവുമായി സൂര്യ വീണ്ടുമെത്തിയിരിക്കുകയാണ്. അയന്‍ എന്ന തകര്‍പ്പന്‍ ചിത്രത്തിലൂടെ തന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ സംവിധായകന്‍ കെ വി ആനന്ദും അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലും സമുദ്രക്കനിയുമെല്ലാം ഒരുമിക്കുന്ന കാപ്പാനെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയായിരുന്നു. മോഹന്‍ലാല്‍ പ്രധാനമന്ത്രിയും സൂര്യ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥനായുമെല്ലാം എത്തുമെന്ന് കേട്ടപ്പോള്‍ അയന്‍ പോലെ, കോ പോലെ മറ്റൊരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറും പ്രതീക്ഷിച്ചാണ് ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റെടുത്തത്.
ഗംഭീരം എന്ന് പറയാനാവില്ലെങ്കിലും മികച്ച ചില ആക്ഷന്‍ രംഗങ്ങളും തീവ്രവാദികളുടെ പിന്തുടരലും എസ് പി ജിയുടെ രക്ഷപ്പെടുത്തലുകളും പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലെ ഉദ്യോഗസ്ഥനായ കതിരവനും തമ്മിലുള്ള ബന്ധവും ഒക്കെയായി തരക്കേടില്ലാതെ സിനിമ മുന്നോട്ട് പോയി. അല്‍പ്പം വിരസതയിലേക്ക് സിനിമ കടക്കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു ഇന്റര്‍വെല്‍ പഞ്ചോടെ സിനിമ വീണ്ടും പ്രതീക്ഷ പകര്‍ന്നു.
മോഹന്‍ലാല്‍ വിടവാങ്ങുന്ന ആദ്യപകുതിയ്ക്ക് ശേഷം പിന്നീട് ലക്ഷ്യബോധമില്ലാത്ത സംവിധായകന്റെ യാത്രയാണ്. മോഹന്‍ലാലുള്ളപ്പോള്‍ സിനിമ അല്‍പ്പം ഗൗരവസ്വഭാവം ഉള്ളതായിരുന്നെങ്കിലും പിന്നീട് പലപ്പോഴും കുട്ടിക്കളി പോലെ തോന്നിച്ചു. എന്താണ് പറഞ്ഞു തുടങ്ങിയതെന്നോ എന്താണ് പറയേണ്ടതെന്നോ എന്ന ധാരണയൊന്നുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുമ്പോള്‍ അയനിലും കോയിലുമെല്ലാം കണ്ട കെ വി ആനന്ദ് മാജിക്ക് പൂര്‍ണ്ണമായും കൈമോശം വരുന്നു എന്ന് പറയാതെ വയ്യ. സൂര്യയ്ക്ക് ആടിത്തിമര്‍ക്കാനുള്ളതാണ് സിനിമയുടെ രണ്ടാം പകുതി. ആട്ടവും പാട്ടും ഉഗ്രന്‍ സംഘട്ടനങ്ങളും സാഹസിക രംഗങ്ങളുമെല്ലാമായി സൂര്യ കൈയ്യടി വാങ്ങുമ്പോഴും പതിവ് ക്ലീഷേകളും കാലഹരണപ്പെട്ട രംഗങ്ങളുമെല്ലാം രസംകൊല്ലികളാവുന്നു.
കാലങ്ങളായി രജനീകാന്തും വിജയും പയറ്റുന്ന വഴികളിലേക്ക് കുറച്ചുകാലമായി സൂര്യയും കടന്നുചെല്ലാറുണ്ട്. സിനിമയുടെ പ്രമേയം എന്തായാലും രാജ്യസ്‌നേഹവും കാര്‍ഷിക പ്രശ്‌നങ്ങളും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവുമെല്ലാം കാപ്പാനിലും നിറഞ്ഞു നില്‍ക്കുന്നു. പാക്കിസ്ഥാനും തീവ്രവാദവുമെല്ലാമായി കഥ പറഞ്ഞു തുടങ്ങിയ സിനിമ രണ്ടാം പകുതിയായപ്പോള്‍ തഞ്ചാവൂരിലേക്കും അവിടുത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളിലേക്കും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങളിലേക്കുമെല്ലാമാണ് ചെന്നെത്തുന്നത്.
തിരക്കഥയുടെ മികവും സംവിധാനത്തിലെ കെ വി ആനന്ദ് സ്പര്‍ശവുമായിരുന്നു അയന്‍, കോ തുടങ്ങിയ സിനിമകളുടെ വിജയരഹസ്യം. എന്നാല്‍ തീര്‍ത്തും ദുര്‍ബലമാണ് കാപ്പാന്റെ പ്രമേയം. ദയനീയവും കാടുകയറുന്നതുമായ തിരക്കഥ കൂടിയായപ്പോള്‍ സിനിമ പലപ്പോഴും വിരസവുമായി. ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ക്കുമില്ല കാര്യമായ മികവ്. ഇതേ സമയം സാങ്കേതിക കാര്യങ്ങളില്‍ കാപ്പാന്‍ ഏറെ മികച്ചു നില്‍ക്കുന്നുണ്ട്. അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പോരായ്മകള്‍ക്കിടയിലും സിനിമയെ കണ്ടിരിക്കാന്‍ പാകത്തിലാക്കുന്നത്. സംഘട്ടന രംഗങ്ങളിലെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദുര്‍ബലമായിപ്പോയ രണ്ടാം പകുതിയ്ക്ക് ശേഷമെത്തുന്ന ക്ലൈമാക്‌സും തരക്കേടില്ല.
ഇടക്കാലത്ത് അല്‍പ്പം മങ്ങിപ്പോയ സൂര്യയെന്ന താരത്തിന് താണ്ഡവമാടാനുള്ള അവസരങ്ങളെല്ലാം സിനിമ ഒരുക്കുന്നതുകൊണ്ട് തന്നെ സൂര്യ ആരാധകര്‍ക്ക് വലിയ നിരാശ ഉണ്ടാവാനിടയില്ല. എന്നാല്‍ മോഹന്‍ലാലിനെപ്പോലൊരു നടന് കാര്യമായി വെല്ലുവിളി ഉയര്‍ത്തുന്ന റോളൊന്നുമല്ല പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയുടേത്. പ്രധാനമന്ത്രി കഥാപാത്രത്തിന്റെ തിളക്കത്തില്‍ കഥാപാത്രമാകാന്‍ ലാല്‍ സമ്മതിച്ചതാകാനാണ് സാധ്യത. എന്നാല്‍ ഇമേജിന്റെ ഭാരമില്ലാതെ ഈ കഥാപാത്രമായി ലാല്‍ എത്തുമ്പോള്‍ കുറേക്കാലത്തിന് ശേഷം പക്വതയുള്ള ഒരു കഥാപാത്രത്തെ അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞു. പഴയ ലാലാക്കാന്‍ വേണ്ടി ഇട്ടിമാണിയില്‍ ഉള്‍പ്പെടെ താരത്തെ കയറൂരി വിടുന്ന കാലത്ത് പ്രായത്തിനൊത്ത പക്വതയുള്ള റോളാണ് ചന്ദ്രകാന്ത് വര്‍മ്മ. മികച്ച ചില ഡയലോഗുകളിലൂടെ പലപ്പോഴും കയ്യടി നേടാനും മോഹന്‍ലാലിന് കഴിയുന്നുണ്ട്. വില്ലനായെത്തുന്ന ബോമന്‍ ഇറാനിയ്ക്കും സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. ചന്ദ്രകാന്ത് വര്‍മ്മയുടെ മകനായ അഭിഷേക് ചന്ദ്രകാന്ത് വര്‍മ്മയായി ആര്യയും സമുദ്രക്കനിയുമെല്ലാം ചിത്രത്തിലുണ്ട്. പ്രധാനമന്ത്രിയുടെ സ്റ്റാഫിലെ ഒരംഗമായ അഞ്ജലിയായെത്തുന്ന സയേഷും ചിത്രത്തില്‍ വെറും കാഴ്ച വസ്തുമാത്രം. കൊച്ചിയിലെത്തിയപ്പോള്‍ ലാല്‍ സാറിന്റെ പേര് ആദ്യം പറയൂ എന്നൊക്കെ സൂര്യ പറഞ്ഞെങ്കിലും ടൈറ്റില്‍ കാണിക്കുമ്പോള്‍ സൂര്യയ്ക്കും ആര്യയ്ക്കും സമുദ്രക്കനിയ്ക്കും എന്തിന് സയേഷയ്ക്കും പിന്നിലാണ് മോഹന്‍ലാലിന്റെ സ്ഥാനം.
ഹിന്ദി വിവാദം രാജ്യത്ത് കത്തി നില്‍ക്കുകയാണ്. അതിന് തമിഴ്‌നാടിന്റെ മറുപടിയെന്നോണമാണ് കാപ്പാന്റെ പോക്ക്. പ്രധാനമന്ത്രിയും പട്ടാളക്കാരും കാശ്മീരികളും എന്തിന് പാക്കിസ്ഥാനിലെ തീവ്രവാദികളെക്കൊണ്ട് വരെ തമിഴിലാണ് കെ വി ആനന്ദ് സംസാരിപ്പിക്കുന്നത്. രാജ്യത്ത് ഹിന്ദിയാണ് പ്രധാനം എന്ന അഭിപ്രായമൊന്നുമില്ലെങ്കിലും രാജ്യത്തും പുറത്തുമുള്ള എല്ലാ കഥാപാത്രങ്ങളും തമിഴില്‍ സംസാരിക്കുന്നത് വല്ലാതെ കല്ലുകടിയാവുന്നുണ്ട് എന്ന് പറയാതെ വയ്യ.