കെ രംഗനാഥ്

തിരുവനന്തപുരം

February 21, 2021, 4:23 pm

കാപ്പനൊപ്പം ബിജെപിയും? യുഡിഎഫ് — ബിജെപി മംഗല്യത്തുടക്കം പാലായില്‍ നിന്ന്

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ വിഘടിത എന്‍സിപി നേതാവ് മാണി സി കാപ്പന് ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നതിന് അരങ്ങൊരുങ്ങുന്നു.

ഐശ്വര്യകേരള യാത്രയുടെ പാലായിലെ സമ്മേളനത്തിനുശേഷം രണ്ടു ദിവസം കാപ്പന്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായതിനും ദുരൂഹതയേറുന്നു. സംസ്ഥാനത്തിന് പുറത്താണ് അദ്ദേഹമെന്നായിരുന്നു കാപ്പന്‍ അനുകൂലികള്‍ ഇതിനു നല്‍കിയ വിശദീകരണം. എന്നാല്‍ ഈ ദിനങ്ങളില്‍ അദ്ദേഹം തനിക്കു ബിജെപി പിന്തുണ ഉറപ്പാക്കുന്നതിനുള്ള രഹസ്യ ചര്‍ച്ചകളിലായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി സംസ്ഥാന നേതൃത്വത്തിനും പാലായില്‍ കാപ്പനെ പിന്താങ്ങുന്നതില്‍ അനുകൂല നിലപാടാണുള്ളതെന്നും കരുതപ്പെടുന്നു. പാലായെ തങ്ങളുടെ സംസ്ഥാനത്തെ അതീവ ദുര്‍ബലമായ സീറ്റുകളിലൊന്നായാണ് ബിജെപി വിലയിരുത്തൽ. സംസ്ഥാനത്ത് തങ്ങള്‍ക്കു വിജയസാധ്യതയുള്ള മുപ്പതില്‍പ്പരം എ പ്ലസ് മണ്ഡലങ്ങളുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം.

ഈ മണ്ഡലങ്ങളുടെ നാലയലത്തുപോലും പാലായില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ താരതമ്യേന കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു. 70.97 ശതമാനം. ആ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വിഭാഗം ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ കാപ്പന് വോട്ടുകള്‍ മറിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അന്ന് മാണി സി കാപ്പന് 54,137 വോട്ടും ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 51,194 വോട്ടും ബിജെപിയുടെ എന്‍ ഹരിക്ക് 18,044 വോട്ടും ലഭിച്ചു. കാപ്പന്റെ ഭൂരിപക്ഷം 4,255. ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുപ്പതു ശതമാനമോ അതിലധികമോ വോട്ടുകള്‍ നേടിയപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്റെ വീറിനും വാശിക്കുമിടയില്‍ ബിജെപി നേടിയത് വെറും 14.18 ശതമാനം വോട്ട്. ഇക്കാരണത്താലാണ് ഇത്തവണ പാലായെ എഴുതിത്തള്ളി കാപ്പനു പിന്തുണ പ്രഖ്യാപിക്കാനുള്ള ബിജെപി നേതൃത്വത്തിലെ ആലോചനയെന്നും അറിയുന്നു. പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയോ അതീവ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ പേരിനു നിര്‍ത്തിയോ ബിജെപി വോട്ടുകള്‍ കാപ്പനുവേണ്ടി മറിക്കാനാവും കരുനീക്കം.

ബിജെപി കാപ്പനെ പിന്തുണയ്ക്കുന്നതില്‍ ബിജെപിക്കു പ്രത്യയശാസ്ത്രപരമായ നിലപാടുകളുമുണ്ട്. തങ്ങളുടെ ഉരുക്കുകോട്ടയായിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്തി പകരം കോണ്‍ഗ്രസ് — ശിവസേന – എന്‍സിപി സഖ്യത്തെ അധികാരത്തിലേറ്റിയതിനു സൂത്രധാരത്വം വഹിച്ചത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരുന്നു. തന്റെ അനന്തിരവന്‍ അജിത് പവാര്‍ ബിജെപി ക്യാമ്പിലേക്ക് മറുകണ്ടം ചാടി ബിജെപി മന്ത്രിസഭാ രൂപീകരണത്തിന്റെ വക്കോളമെത്തി നില്‍ക്കേ അജിത് പവാറെയും കൂട്ടാളികളെയും തിരികെ കൊണ്ടുവന്നതും പവാറിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നു. ശിവസേന – എന്‍സിപി — കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയശേഷം ബിജെപിയെ ദുര്‍ബലപ്പെടുത്താനും ശരത്പവാറിന്റെ ചാണക്യതന്ത്രങ്ങള്‍ക്കു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂര്‍ പോലും പവാറിന്റെ സഖ്യം പിടിച്ചെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനേയും ശിവസേനയേയും അപേക്ഷിച്ച് പവാറും എന്‍സിപിയുമാണ് ബിജെപിയുടെ മുഖ്യശത്രു. കാപ്പനെ പുറത്താക്കി എന്‍സിപിയുടെ തുടര്‍ന്നുമുള്ള പിന്തുണ കേരളത്തില്‍ എല്‍ഡിഎഫിനായിരിക്കുമെന്ന് പവാര്‍ പ്രഖ്യാപിച്ചതും കേരളത്തിലെ ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന പ്രമാണപ്രകാരവും കാപ്പനെ പിന്തുണയ്ക്കാമെന്ന ഉള്ളിലിരിപ്പും സംസ്ഥാന ബിജെപിക്കുണ്ട്. കാപ്പന്റെ കാലുമാറ്റത്തെക്കുറിച്ച് ബിജെപി അഭിപ്രായം പറയാത്തതും ശ്രദ്ധേയം. യുഡിഎഫിനൊപ്പം എന്‍സിപി (കേരള) എന്ന പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുമെന്ന് കാപ്പന്‍ പ്രഖ്യാപിച്ചശേഷവും അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതും കാപ്പനെ രോഷാകുലനാക്കിയിട്ടുണ്ട്. കാപ്പന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഒരു തീരുമാനവുമായിട്ടില്ലെന്നും അതെല്ലാം ഇനി തീരുമാനിക്കേണ്ട കാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞതിലും കാപ്പന്‍ ക്യാമ്പിന് കടുത്ത നീരസമുണ്ട്.

കാപ്പനെ ബിജെപി പിന്തുണച്ചാല്‍ പാലായില്‍ എല്‍ഡിഎഫിനനുകൂലമായി ഭൂരിപക്ഷ സമുദായമായ ക്രൈസ്തവരുടെ ഏകീകരണമുണ്ടാവുമെന്ന കടുത്ത ആശങ്കയാണ് കോണ്‍ഗ്രസിനും ജോസഫ് കേരള കോണ്‍ഗ്രസിനുമുള്ളതെന്നതും പാലായിലെ തെര‍ഞ്ഞെടുപ്പ് രംഗം യുഡിഎഫിന് പ്രശ്നസങ്കീര്‍ണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

You may also like this video: