അഗസ്ത്യവനത്തിലെ കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദ്ദേശീയ നിലവാരത്തിലേയ്ക്കാക്കുന്നതിനായി 108 കോടി രൂപ കിഫ്ബി വഴി ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികൾക്ക് ആനകളെ അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് ആരംഭിച്ച പാർക്കിനെയാണ് അന്തർദ്ദേശീയ നിലവാരത്തിലേയ്ക്ക് സർക്കാർ ഉയർത്തിയത്. അരുവിക്കര മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളായി കെ എസ് ശബരീനാഥൻ എംഎൽഎ സമർപ്പിച്ച പദ്ധതികൾക്ക് കിഫ്ബി മുഖാന്തരം ഫണ്ട് അനുവദിച്ചിട്ടുണ്ട്. 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ ഇവിടം അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമായത്.
കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള സങ്കേതമുണ്ട്. കാട്ടിൽ നിന്നുള്ള കുട്ടിയാനകളെ പരിചരിക്കുന്നതിനുള്ള കേന്ദ്രവും ഇവിടെ സജ്ജമാകും. ആനകൾക്കുള്ള ആശുപത്രി, ലബോറട്ടറി, ഓപ്പറേഷൻ തീയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യവും സജ്ജമാക്കും. എൻട്രൻസ് പ്ളാസയും ഓഫീസ് സമുച്ചയവും മിനി ആംഫി തീയറ്ററും പാർപ്പിട സമുച്ചയവും ഭക്ഷണശാലയും ശുചിമുറികളുമെല്ലാം ഒരുങ്ങുന്നുണ്ട്. ആനകളുടെ നാച്വറൽ ഹിസ്റ്ററി മ്യൂസിയമാണ് മറ്റൊരു ആകർഷണം. ആനകൾ സ്വാഭാവിക പരിതസ്ഥിതിയിൽ വിഹരിക്കുന്നത് ഏറ്റവും അടുത്ത് അതിലേറെ സുരക്ഷിതമായി സന്ദർശകർക്ക് കാണാനാകും എന്നത് ഈ കേന്ദ്രത്തെ വ്യത്യസ്തമാക്കും.
English summary: Kappukadu to international standards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.