Janayugom Online
BJP- janayugam

കാറഡുക്ക പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

Web Desk
Posted on August 02, 2018, 2:50 pm
കാസര്‍ഗോഡ്: കാറഡുക്ക പഞ്ചായത്തില്‍ സിപിഎമ്മിന്റെ അവിശ്വാസപ്രമേയത്തിനെ യുഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. ഇന്നു രാവിലെ 10.30നു  സിപിഎമ്മിലെ എ.വിജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്‌നയ്‌ക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്കു ശേഷം വോട്ടിനിട്ടു. ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. സിപിഎം-നാല്, സിപിഎം സ്വതന്ത്ര‑ഒന്ന്, യുഡിഎഫ്-രണ്ട്, കോണ്‍ഗ്രസ് സ്വതന്ത്രന്‍-ഒന്ന് എന്നിവരാണ് അനുകൂലിച്ചത്. ഇതോടെ പഞ്ചായത്തിലെ തുടര്‍ച്ചയായ 18 വര്‍ഷത്തെ ബിജെപി ഭരണത്തിനാണ് അന്ത്യംകുറിച്ചത്. 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴ് അംഗങ്ങളാണ് ബിജെപിക്കുണ്ടായിരുന്നത്.
ബിജെപി ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ടിനെതിരെ യുഡിഎഫിലെ വൈ.ശാരദ അവിശ്വാസം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബിജെപിക്ക് ഭരണം നഷ്ടമാകും. ബിജെപി ക്കും യുഡിഫിനും ഏഴു വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. എല്‍ഡിഎഫിനു ഇവിടെ മൂന്നു സീറ്റുണ്ട്. 2016 ല്‍ ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സിപിഎം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെട്ടു. കാറഡുക്കയില്‍ യുഡിഫ് അനുകൂലിച്ചത് കൊണ്ട് എന്‍മകജെയിലെ പ്രമേയവും പാസാവുമെന്നാണ് കരുതുന്നത്.