ഒളിംപിക്സ് മോഹവുമായി ഒരു കരാട്ടെ താരം

കെ.എ സൈനുദ്ദീൻ

കോതമംഗലം

Posted on October 12, 2020, 6:16 pm

ഒരു ഒളിംപിക് മത്സരത്തിലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിക്കണമെന്ന അടങ്ങാത്ത ആഗ്രഹവുമായി ഒരു കരാട്ടേക്കാരി കോതമംഗലത്തു കാത്തിരിക്കുന്നു. ജാപ്പനീസ് കായിക കലയായ കരാട്ടെയിൽ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയായ ആഗ്നസ് ആഷ്ലിയുടെ ലക്ഷ്യം ഒളിംപ്ക്സ് മാത്രം. 2020 ൽ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് 2021 ൽ നടത്താനാണ് സാധ്യത.
2024 എങ്കിലും ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിയണേയെന്നാണ് പ്രാർത്ഥന. കാരാട്ടേയുടെ ജന്മസ്ഥലമായ ജപ്പാനിൽ എത്തണമെന്ന ആഗ്രഹം ഉപരിപഠനത്തിന്റെ ഭാഗമായി സ്പോട്സ് കരാട്ടെയുടെ ഈറ്റില്ലമായ ജപ്പാനിൽ 2018‑ൽ പരിശീലനത്തിന് പോയി സാധിച്ചത് ഏറെ സന്തോഷിപ്പിച്ചു.

സംസ്ഥാന തലത്തിൽ 12 സ്വർണ്ണ മെഡലുകൾ അടക്കം നേടിയ ആഗ്നസ് ആഷ്ലിൻ ദേശീയ തലത്തിൽ വരെ പങ്കെടുത്തു തന്റെ കഴിവിന്റെ മികവ് തെളിയിച്ചു. ആഗ്നസ് അഷ്‌ലിൻ തന്റെ ജീവിതം കരാട്ടെക്ക് വേണ്ടി മാത്രം ഉഴിഞ്ഞുവച്ചവളാണെന്ന് വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മെഡലുകൾ സാക്ഷ്യം പറയുന്നു. തന്റെ കരട്ടെ പഠനം ആരംഭിക്കാൻ കാരണം മുത്തശ്ശനായിരുന്നുവെന്ന്
ഈ താരം പറയുന്നു. അമ്മയുടെ പിതാവ് ബാസി(പ്ലാസിഡ്) അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു തന്റെ കൊച്ചു മകളെ നല്ലൊരു കായിക അഭ്യാസിയാക്കണമെന്നത് . അങ്ങനെ മൂന്നാം ക്ലാസ്സിൽ പഠനം എത്തിനിൽക്കെ 2008 മാർച്ച് 22 ന് ആഗനസ് തന്റെ കരാട്ടെ ജീവിതത്തിന് തുടക്കം കുറിച്ചു.

ആദ്യ കാലങ്ങളിൽ ഒരു സാധാരണ കരാട്ടെ പഠിതാവ് എന്നതിനപ്പുറം പ്രത്യേകതകൾ ഒന്നും ഇല്ലായിരുന്നു ഈ പെൺകുരുന്നിന്.
2009 ൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈറ്റിങ്ങ് (കുമിത്തെ) ഇനത്തിൽ സ്വർണ്ണവും ഫോമ്സ് ( കത്ത) ഇനത്തിൽ വെങ്കലവും കരസ്ഥമാക്കി. കൊച്ചുകുട്ടി ആയിരുന്നെങ്കിലും പലപ്പോഴും പരിശീലനത്തിന് വേണ്ടി എത്ര സമയം ചിലവഴിക്കാനും തയ്യാറായിരുന്ന ഈ പെൺകരുത്ത്. പിന്നെ കാത്തിരുന്നത് അർഹതക്ക് ഉള്ള അംഗീകാരങ്ങൾ ആയിരുന്നു. മത്സരങ്ങൾ എന്നും ആഗനസിന് ഒരു വികാരമായിരുന്നു . തന്റെ വ്യക്തിഗത വിഭാഗത്തിലെ മത്സരത്തിൽ ഒരിക്കൽ പോലും തോൽവി അറിയാതെയുള്ള ജൈത്രയാത്രയിൽ ആഗ്നസ് ആഷ്ലി മുന്നേറി.

12 സംസ്ഥാന സ്വർണ്ണ മെഡലുകൾ, അതിൽ രണ്ടു തവണ സീനിയർ വിഭാഗം വനിതകളുടെ മത്സരത്തിൽ. ഇതിനു പുറമെ
കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ (6 പ്രാവശ്യം ) പങ്കെടുത്തു. ദേശീയ തലത്തിൽ 5-ാം സ്ഥാനം വരെ എത്താൻ കഴിഞ്ഞു എങ്കിലും ദേശീയ തലത്തിൽ തന്റെ സ്വപ്നമായ സ്വർണ്ണം നേടാനുള്ള തീവ്രപരിശ്രമത്തിലാണിന്ന്. ജെ എസ് കെ എ കരാത്തെ ലോക കപ്പ്, ഏഷ്യൻ ഇന്റർനാഷ്ണൽ , ഇന്റോ ശ്രീലങ്കൻ കപ്പ് , സൗത്ത് ഏഷ്യൻ കപ്പ് അങ്ങനെ അനവധി മത്സരങ്ങളിൽ സ്വർണ്ണം നേടി. കോതമംഗലം തൃക്കാരിയൂർ അയക്കാട് പുലിമല കൂനംമാവുങ്കൽ വീട്ടിൽ ബൈജുവിന്റേയും സ്മിതയുടേയും മൂത്ത മകളാണ്ആഗ്നസ് ആഷ്ലിൻ. സഹോദരൻ ആഷ്‌വിൻ
ചേലാട് ബസാനിയ പബ്ലിക് സ്കൂളിൽ 8ആം ക്ലാസ്സിൽ പഠിക്കുന്നു.

2012‑ൽ പങ്കെടുത്ത ദേശീയ ഇൻവിറ്റേഷൻ മത്സരത്തിൽ 5 സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
6 വർഷം തുടർച്ചയായി ദേശീയ തലത്തിൽ മത്സരിച്ചിട്ടും ഒരു ഗോൾഡ് മെഡൽ നേടുക എന്ന സ്വപ്നം നേടാനായില്ല
പക്ഷെ താൻ ഇനിയും അതിനായി ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിലും ഉന്നത നിലവാരം പുലർത്തുന്ന ആഷ്‌ലീ ഒരു ഇഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ് . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞു. പി.ജി യാണ് അടു ത്ത ലക്ഷ്യം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി കൊണ്ടാണ് ഹയർ സെക്കന്ററി തല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കായികരംഗത്ത് അഭിമാനമായ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നുംമാണ് പ്ലസ് ടുവിന് നേട്ടം വരിച്ചത്.
സ്കൂളില പ്രധാനാധ്യാപകനായ ജോർജ് മാത്യു സാർ തനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നതായി ആഷ്‌ലിയുടെ സാക്ഷ്യം. പത്താം ക്ലാസ്സ് വരെയുള്ള തന്റെ പഠനകാലം ചിലവഴിച്ചത് ചേലാട് സെന്റ്. സ്റ്റീഫൻസ് ബസാനിയ പബ്ലിക് സ്കൂളിൽ ആയിരുന്നു. സ്കൂൾ തലം മുതൽ കരാട്ടെ യുടെ ജീവവായു എന്നിലേക്ക് നൽകിയത് എന്റെ കരാട്ടെ മാഷായ രഞ്ജിത് ഷിൻ ബുക്കാൻ ആയിരുന്നുവെന്നും ആഷ്ലി പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തിൽ കായിക, ആയോധന കലകൾക്ക് സ്ത്രീകൾ വളരെയേറെ പ്രാമുഖ്യം നൽകണമെന്നാണ് ഈ താരത്തിന്റെ ആഗ്രഹം.സ്ത്രീകളുടെ സ്വയം രക്ഷക്ക് വളരെയേറെ ഇതു പ്രയോജനം ചെയ്യുമെന്ന് പറഞ്ഞുവെക്കുന്നു ഈ കരാട്ടെ താരം.
ഒരു കരാട്ടെ പഠിതാവ് എന്ന കാഴ്ചപാടില്ലാതെ തന്നെ ചിന്തിച്ചാൽ ഇന്നത്തെ ലോകത്തിൽ , നമ്മുടെ കൊച്ചു കേരളത്തിലും, ഇന്ത്യയിലും എല്ലാം അനുദിനം കേൾക്കുന്ന വാർത്തകൾ ഒരു സ്വയം പ്രതിരോധ തന്ത്രം ഏതൊരു വ്യക്തിയും ശീലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമക്കുന്നതാണെന്നും, അവിടെ സ്ത്രീ കൂടുതൽ കരുതലും, കരുത്തും ആർജ്ജിക്കേണ്ടത് ഉണ്ടെന്ന് ഈ താരം പറയുന്നു. ഒരു കായിക ഇനം ആയി മാത്രം കണ്ട് പരിശീലനം നേടുന്നവരും ഉണ്ട്. കരാട്ടെ മേഖലയിൽ അതിലുപരിയായി സ്വയം പ്രതിരോധതന്ത്രത്തിലൂന്നിയുള്ള പരിശീലനമാണ് വ്യക്തിപരമായി തനിക്കിഷ്ടം എന്ന് ആഷ്‌ലി. അതു കൊണ്ടാണ് “Karate is way of life” എന്ന് എവിടേയും പറയുന്നത്.

കരാട്ടെ പരിശീലനം പ്രത്യേകിച്ച് വനിതകളിൽ ഒരു ആത്മബലം സൃഷ്ടിക്കുന്നുണ്ടെന്നും, പ്രതിസന്ധികളിൽ തളരാതിരിക്കാൻ ഇതു ഉപകരിക്കുമെന്നും ഈ കായിക താരം പറയുന്നു. അക്കാര്യത്തിൽ കരാട്ടെ പരിശീലനം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. കരാത്തെ പരിശീലനത്തിൽ പറയുന്ന പോലെ mind, body and spir­it ‑ൽ ആണ് കരാത്തെ രൂപപ്പെടുന്നത്. അതുകൊണ്ടാണ്
പ്രശ്നങ്ങളെ നേരിടുമ്പോൾ തളർന്ന് പോകാതെ , ഉചിതമായ സമയത്ത് ശരിയായ തീരുമാനം എടുക്കുന്നതിൽ പലപ്പോഴും കരാട്ടെ പഠനം തനിക്ക് ഗുണകരമായി ഭവിച്ചിട്ടുള്ളതെന്നും, ഇപ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അമ്മമാരായ സ്ത്രീകളും കരാട്ടെ ക്ലാസ്സുകളിൽ പരിശീലിക്കുന്നുണ്ട് എന്നുള്ളത് ഇതിന്റെ ആവശ്യകത വ്യക്തമാക്കുക യാണ് എന്നും ആഷ്‌ലിൻ.

ENGLISH SUMMARY:karate play­er with an Olympic ambi­tion
You may also like this video