ലീഗിൻറെ പച്ചയിൽ സ്വർണ ബന്ധം?

Web Desk
Posted on November 01, 2017, 8:36 pm
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ക്കൊപ്പം കാരാട്ട് ഫൈസലും ഷഹബാസും
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി യു ഡി എഫ് നേതാക്കള്‍ക്കുള്ള അടുപ്പം വ്യക്തമാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.കേസിലെ ഒന്നാം പ്രതി ഷഹബാസും ഏഴാം പ്രതി കാരാട്ട് ഫൈസലും കൊടുവള്ളിയില്‍ ആരംഭിച്ച സ്വര്‍ണ്ണക്കട യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹം ഇവര്‍ക്കൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്ക് യു ഡി എഫില്‍ വലിയ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബ്ദുള്‍ ലെയ്‌സിന് യു ഡി എഫ് നേതാക്കളുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. കാണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡി സി സി പ്രസിഡന്റുമായ അഡ്വ. ടി സിദ്ദിഖ്, മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ അബ്ദുള്‍ ലെയ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.   ഗള്‍ഫില്‍ അബ്ദുള്‍ ലെയ്‌സിന്റെ വീട്ടില്‍ നേതാക്കള്‍ സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്.  കോഫേപോസ കുറ്റം ചുമത്തിയ പ്രതിക്കൊപ്പം നില്‍ക്കുന്ന നേതാക്കളുടെ ചിത്രം പുറത്തായതോടെ യു ഡി എഫ് നേതൃത്വം പ്രതിരോധത്തിലായിരുന്നു. ഇതിനിടയിലാണ് പുതിയ ചിത്രങ്ങള്‍ പുറത്തായത്.
അന്വേഷണ ഘട്ടത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമായിട്ടും പിടികൂടാന്‍ ഡി ആര്‍ ഐയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ സമയം അബ്ദുള്‍ ലൈസ് ഏഴു മാസം മുമ്പ് കൊടുവള്ളിയിലെ ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.