Janayugom Online
Karinellikka

കരിനെല്ലിക്ക

Web Desk
Posted on October 14, 2018, 8:19 am

ശ്രീലേഖ

പ്രഭാത സൂര്യന്റെ അരുണകിരണങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് ചെമ്മണ്‍ പാതയിലൂടെ നീളത്തിലൊരു ഹോണ്‍ മുഴക്കി പച്ച നിറത്തിലുളള പ്രൈവറ്റ് ബസ് ഹുങ്കാരത്തോടെ വന്നു നിന്നു. അതില്‍ നിന്നും അവളോടൊപ്പം നാലഞ്ചു പേര്‍ ഇറങ്ങി. അവര്‍ പല വഴികളിലായി പോകുന്നത് നോക്കി അവള്‍ അല്പനേരം നിന്നു. ഇതിലേതാ വഴി? ആദ്യം ഒന്നമ്പരന്നു.
ബസ് സ്റ്റോപ്പിനടുത്തുള്ള മുറുക്കാന്‍ കടയില്‍ നാലഞ്ചു ചെറുപ്പക്കാര്‍. അവര്‍ അവളെ ശ്രദ്ധിച്ചു.
ഇളം മഞ്ഞ നിറത്തിലുള്ള ഒരു കോട്ടന്‍സാരി. തലമുടി കറുപ്പിക്കാന്‍ ശ്രമിച്ചതിനാലാകാം മലയണ്ണാന്റെ നിറം. കയ്യില്‍ ഒരു ചെറിയ പൊതി ഭദ്രമായി മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു. തന്റെ വേഷം മോശമാണന്ന തോന്നലിനാലാവാം പൊന്തി വന്ന അപകര്‍ഷതയോടെ സാരിയുടെ മുന്താണിയെടുത്ത് പുതച്ചു. റോഡിനോട് ചേര്‍ന്നുള്ള പാടശേഖരത്തിന്റെ സമീപം അപായചിഹ്നം വെച്ചിരിക്കുന്ന ഒരു ട്രാന്‍സ്‌ഫോര്‍മര്‍. ഓ… ഇതു തന്നെ… ഇതു വഴി താഴേക്കുള്ള ഒതുക്കുകള്‍ ഇറങ്ങിപ്പോകണം. അവള്‍ക്ക് ഓര്‍മ്മ വന്നു. മുന്‍പ് റോഡിന്റെ ഇരുകരയിലും നോക്കെത്താ ദൂരത്ത് നിലങ്ങളായിരുന്നു. നെല്ലും, മുതിരയും എള്ളുമൊക്കെ ഇടവിട്ട് കൃഷി ചെയ്തിരുന്നതും എള്ളിന്‍ പാടങ്ങളുടെ ഇടയിലൂടെ ക്ഷേത്രത്തിലെ കെട്ടുകാഴ്ചകള്‍ കൊണ്ടു പോകുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ മാധവേട്ടനെ ഓര്‍മ്മ വന്നു. അദ്ദേഹത്തിന്റെ മാടക്കട ഇവിടെ എവിടെയോ ആയിരുന്നല്ലോ. നീണ്ടു മെലിഞ്ഞ പ്രകൃതമായിരുന്നു മാധവേട്ടന്റേത്. കഷണ്ടി കയറിത്തുടങ്ങിയിരുന്നെങ്കിലും നര ബാധിച്ചതായി ഓര്‍ക്കുന്നില്ല. കൂടെ ഒരു നിഴല്‍ പോലെ ഭാര്യ ലക്ഷ്മിയമ്മയും. മാധവേട്ടന്‍ ബീഡി തെറുക്കുന്നതു കാണാന്‍ നല്ല ചേലാണ.് ഒരു ചെറിയ മുറത്തില്‍ ബീഡിയിലകള്‍ ചതുരവടിവില്‍ കത്രിച്ചിടും പിന്നീട് അതു ഓരോന്നായി എടുത്ത് ചുക്ക നിറച്ച് വേഗത്തില്‍ ചുരുട്ടി നീലയോ ചുവപ്പോ നൂലുകൊണ്ട് കെട്ടി വെയക്കും മാധവേട്ടന്റെ കൈകള്‍ക്ക് ഒരു യന്ത്രത്തിന്റെ വേഗതയുണ്ടെന്ന് തോന്നിയിട്ടുണ്ട്.

Karinellikka

ബീഡിയിലകള്‍ വെട്ടുമ്പോള്‍ മുറിഞ്ഞു വീഴുന്ന ഇലകളോടൊപ്പം കത്രികകള്‍ ഇളകുന്ന ശബ്ദം കാതില്‍ ഇപ്പോഴും മുഴങ്ങുന്നു തള്ളവിരലിലും ചെറുവിരലിലും അദ്ദേഹം നഖം വളര്‍ത്തിയിട്ടുണ്ടായിരുന്നു. നഖങ്ങള്‍ കൊണ്ടാണ് ബീഡിയുടെ അറ്റം മടക്കിയിരുന്നത്.
‘ആരാ അത്…?’ കടയില്‍ നിന്ന് ക്ഷീണിച്ച ഒരു ശബ്ദം. അത് അവഗണിച്ച് മുന്നോട്ടു പോകാന്‍ തോന്നിയില്ല. അടുത്തേക്കു ചെന്നു വാര്‍ദ്ധക്യത്തിന്റെ എല്ലാ അവശതകളും ആ മുഖത്ത്. തിരിച്ചറിഞ്ഞപ്പോള്‍ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
‘കുട്ടി വന്നോ.….? ഒറ്റയ്ക്കാ…? വൃദ്ധന്‍ ആരെയോ പ്രതീക്ഷിക്കുന്നതു പോലെ. ഇത്രനാളും ഒന്നു വരാന്‍ തോന്നീല്ലല്ലോ. അവിടെ… കിടപ്പാ.’ ജാനുവമ്മയേയുള്ളൂ കൂടെ. തിരിഞ്ഞു നടക്കുമ്പോള്‍ മാധവേട്ടന്റെ ശബ്ദം ചെവിയില്‍ മുഴങ്ങി. ഈശ്വരാ, ഇത്രയൊക്കെ അനുഭവിക്കാന്‍… സുകൃതക്ഷയം. അല്ലാതെന്താ.
അവള്‍ ഒതുക്കുകള്‍ ഇറങ്ങി. പായലുണ്ട് സൂക്ഷിക്കണേ… എന്നാരോ വിളിച്ചു പറയുമ്പോലെ. നടവരമ്പിലൂടെ നടക്കുമ്പോള്‍ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന് ഓര്‍മ്മയുടെ സുഗന്ധം. നെല്ലിന്‍ തണ്ടിന്റെ മണം അവളുടെ നാസാരന്ധ്രങ്ങളെ പുളകമണിയിച്ചു. ഹൃദയത്തിന്റെ ആവേഗം കൂടി. തണുത്ത കാറ്റില്‍ പോലും അവളുടെ നെറ്റിത്തടത്തില്‍ വിയര്‍പ്പു പൊടിഞ്ഞു.
‘അവിടെ നില്‍ക്കൂ കുട്ടീ.…’ അമ്മയാണ്. ‘സന്ധ്യയ്ക്ക് മാവിന്‍ മുകളില്‍ കയറി നീ എന്തു ചെയ്യുന്നു? ഇങ്ങോട്ടു വരു…’ അമ്മയുടെ കയ്യില്‍ വടിയുണ്ട്. അമ്മ തല്ലിയതായി ഒരോര്‍മ്മ പോലുമില്ല. ‘കുളിച്ചു നാമം ജപിക്കുന്നതിനു പകരം… നീ ഇന്നു വാങ്ങിക്കും.’
നടവരമ്പിന്റെ വീതി കുറഞ്ഞിട്ടുണ്ട്. പാതയോരത്തെ കറുകപ്പുല്ലുകളുടെ നനഞ്ഞ തണ്ട് പാദങ്ങളെ ഇക്കിളിയാക്കി. ഈ വഴിയൊക്കെ ഓര്‍മ്മയുണ്ടോ? എന്നു ചോദിച്ചു കൊണ്ട് നീളന്‍ പുല്ലുകള്‍ വഴി മാറി ഒഴിഞ്ഞു നിന്നു.
അവളെ കണ്ടപ്പോള്‍ തൊട്ടാവാടിയുടെ മുഖം തുടുത്തു. ന്നാലും… ഇത്ര നാളും… ഇടയ്‌ക്കൊന്നു വരാമായിരുന്നു എന്ന് ചോദിക്കുന്നതു പോലെ. അതിന്റെ ഉത്തരങ്ങള്‍ ഉള്ളില്‍ കരിനീലിച്ചു കിടന്നു. രാധ വന്നേ. എന്നു ഉച്ചത്തില്‍ പറയുമ്പോലെ വെളുത്ത കൊറ്റികള്‍ കൂട്ടത്തോടെ ചിറകടിച്ച് പറന്നുയര്‍ന്നു. അവയോടൊപ്പം നനുത്ത ഓര്‍മ്മകളും.
അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പോകാനായി വരുമ്പോള്‍ അദ്ദേഹം നടവരമ്പിലൂടെ എതിരേ വരുമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകള്‍. ചടുലമായ നോട്ടം. ആ നോട്ടം ഹൃദയ ഭിത്തി തുളച്ചുകയറുന്നതുപോലെ തോന്നും. ശിരസ് മെല്ലെ കുനിയും. ‘ഇതു രാധയ്ക്കു തരാന്‍ ലൈബ്രേറിയന്‍ തന്നു വിട്ടതാ. രാധ ഇന്നലെ ചോദിച്ചിരുന്ന പുസ്തകമാ ഇത്.’ അദ്ദേഹത്തിന്റെ വാക്കുകള്‍. അവള്‍ കൈ നീട്ടി പുസ്തകം വാങ്ങി. ബോധംകെട്ടു പോയില്ലെന്നേ ഉള്ളൂ. ഹൃദയത്തിന് തീപിടിക്കുന്നതു പോലെ. അവളുടെ ജീവനിലേക്ക്, ആത്മാവിലേക്ക്… അദ്ദേഹം അരിച്ചിറങ്ങുകയായിരുന്നു. പ്രണയത്തിന്റെ മാധുര്യവും ഉപ്പും ചവര്‍പ്പുമെല്ലാം അവര്‍ അറിഞ്ഞു.
വീട്ടിലേക്ക് പോകുന്ന വഴി ഒരു കൈത്തോട്. ചെറുമീനുകള്‍ തലയുയര്‍ത്തി കുശലം ചോദിച്ചു. വല്ലാതങ്ങു മെലിഞ്ഞു നീ… ദേഹം നോക്കാതുള്ള പണിയാണോ നിനക്ക്? തോടിന്റെ ഇക്കരെ നിന്നാല്‍ കവുങ്ങിന്‍ തലപ്പുകള്‍ക്കിടയിലൂടെ വീടിന്റെ മേല്‍ക്കൂര കാണാം. മഴക്കാലത്ത് തോട് നിറഞ്ഞു കവിയും. അമ്മയുടെ കണ്ണുവെട്ടിച്ച് തോടിന്റെ അക്കരെയിക്കരെ നീന്തുമായിരുന്നു. ചുറ്റും കൂട്ടുകാരുടെ ഉയരുന്ന കരഘോഷങ്ങളും. ഇതിനിടയില്‍ ആരെങ്കിലും പറയും: ദാ. അമ്മ വരുന്നുണ്ട്. പിന്നെ വീട്ടിലേക്ക് ഒറ്റ ഓട്ടമാണ്. ആരും കാണാതെ പത്തായപ്പുരയിലോ ഉരപ്പുരയിലോ ഒളിച്ചിരിക്കും. ഇവളെവിടെ എന്നു ചോദിച്ചു കൊണ്ട് അമ്മ എന്നെ അന്വേഷിച്ചു നടക്കയാവും.
വീടിന്റെ ഇരുമ്പു ഗേറ്റ് കര കരാ ശബ്ദത്തില്‍ മലര്‍ക്കെ തുറന്നു. മുറ്റത്തെ കുടമുല്ലയെ ഒന്നു തട്ടി വിളിച്ചു. വന്നൂട്ടോ… അവള്‍ പരിചയം ഭാവിച്ചു ചിരിച്ചു.
പടികള്‍ പൊടിഞ്ഞിരിക്കുന്നു കുട്ടി… ഇത്രയ്ക്ക് തിടുക്കം വേണ്ട.… മച്ചിലിരുന്ന ഗൗളിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ അവള്‍ മുന്നോട്ടു കുതിച്ചു. അകത്ത് ഒരു വൃദ്ധ കൂനിക്കൂടിയിരുന്ന് മുറുക്കാന്‍ ഇടിക്കുന്നു; ജാനുവമ്മ. അമ്മയുടെ സഹായിയും ബന്ധുവുമാണ്. അമ്മയെപ്പോലെ തന്നെ തന്നെ സ്‌നേഹിക്കുന്ന മറ്റൊരമ്മ.
‘ജാനുവമ്മേ…’ അവളുടെ ഹൃദയമൊന്നാളി. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അവര്‍ ഭയത്തോടെ കുതറി മാറി. മനസിലായപ്പോള്‍ ചേര്‍ത്തണച്ചു പൊട്ടിക്കരഞ്ഞു. ‘ന്നാലും… ന്റെ കുട്ടീ… ഞങ്ങളോടിത്… എങ്ങനെ തോന്നി… അമ്മ എത്ര കരഞ്ഞുന്നറിയാമോ? ആ… പോട്ടെ… എവിടെ അയാള്‍യ അയാളെ വിളിക്കൂ… അമ്മയെ കാണേണ്ടേ…?’
‘അദ്ദേഹം വന്നില്ല. ഇനി… വരില്ല. പോയി…’ വാക്കുകള്‍ തൊണ്ടക്കുഴിയില്‍ കുരുങ്ങി.
കഷ്ടം! ഇത്ര ഭാഗ്യം കെട്ടവളായിപ്പോയോ എന്റെ കുട്ടി. അവരുടെ വിളര്‍ത്തകണ്‍കളില്‍ നേര്‍ത്ത രക്തച്ഛവി !
അമ്മ കിടക്കുന്ന മുറിയില്‍ ഇരുട്ട്. വാതിലോ ജനാലകളോ തുറന്നിട്ടില്ല. അമ്മയ്ക്ക് വെളിച്ചം ഇഷ്ടമല്ല. വെളിച്ചം കാണുമ്പോള്‍ ഭ്രാന്തെടുക്കുന്ന പോലെയാ. പെട്ടെന്ന് ചങ്ങലയുടെ കിലുക്കം കേട്ടു ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അവളുടെ ചെവിയില്‍ ജാനുവമ്മയുടെ ശബ്ദം മുഴങ്ങി. ‘കുട്ടി പോയേപ്പിന്നാ കലശലായിട്ട് കൊല്ലം മൂന്നായി.’
ഭൂമി രണ്ടായി പിളര്‍ന്നതുപോലെ. വീഴാതിരിക്കാന്‍ അവള്‍ ജനല്‍പ്പടിയില്‍ പിടിച്ചു. തന്റെ മുന്നിലിരിക്കുന്ന രൂപം ആരുടേതാണ്? തന്റെ പ്രിയപ്പെട്ട അമ്മ. പെട്ടെന്ന് ഒരു സ്റ്റീല്‍ പാത്രം ഭിത്തിയിലടിച്ച് ചളുങ്ങി താഴെ വീണു. അവള്‍ മാറിയില്ലായിരുന്നെങ്കില്‍ മുഖത്തടിച്ചേനെ. അവള്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി. ‘കതകടയ്ക്കൂ… ആരേം കാണണ്ടാ. അമ്മയുടെ ആക്രോശം ചെവിയില്‍ മുഴങ്ങി. അവളുടെ ശരീരമാകെ വിറച്ചു. ഉമ്മറപ്പടിയിലേക്ക് അവള്‍ വീണു.
‘ഞാന്‍ പോവ്വാ ജാനുവമ്മേ. ഇത് അമ്മയ്ക്ക് കൊണ്ടുവന്നതാ…’
‘ഇതെന്താ?’
‘കരിനെല്ലിക്ക. അമ്മയ്ക്ക് ഇത് വലിയ ഇഷ്ടമായിരുന്നല്ലോ.’
ഓ.. കരിനെല്ലിക്ക. അവിടെ വെച്ചേക്കൂ. ആര്‍ക്കു വേണം ഇതൊക്കെ. ഈ കിടപ്പ്… ഈശ്വരാ…
കണ്ണീര്‍ തുടച്ചു കൊണ്ട് വേഗം ഒതുക്കുകളിറങ്ങി. ഇത്ര പെട്ടെന്ന് പോവ്വേ എന്ന് അകായിലെ ഇരുട്ട് അവളോട് ചോദിച്ചു.
പോട്ടെ. സുഖമില്ലാത്ത കുട്ടിയെ ഇട്ടിട്ടാ ഞാന്‍… ചക്കരച്ചിമാവിന്റെ ഉണങ്ങിയിലകളില്‍ ചവുട്ടി മുന്നോട്ട് നടന്നപ്പോള്‍ ഉള്ളില്‍ നിന്നാരോ ചോദിക്കുന്നു. ‘ഇനിയെന്നാ?’
വരും… തീര്‍ച്ചയായും വരും… സാരിത്തുമ്പില്‍ എന്തോ ഉടക്കി
സ്‌നേഹപ്പുല്ല്.
അതവളെ പിറകോട്ട് വലിച്ചു. ഉടനെ ജാനുവമ്മയുടെ വിളി വന്നു.
‘കുട്ടീ അമ്മ വിളിക്കുന്നു.’
ഹൃദയം ഒരു മഴയായി പെയ്ത നിമിഷം പടികള്‍ ഓടിക്കയറി അമ്മയുടെ മെലിഞ്ഞുണങ്ങിയ ശരീരത്തെ ഗാഢം പുണര്‍ന്നു.
‘മോളേ… ആ കരിനെല്ലിക്ക കൂട്ടി ഇത്തിരിക്കഞ്ഞി.’