വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം: കരിപ്പൂരിനും കുരുക്കുവീഴും

Web Desk
Posted on July 31, 2019, 9:53 pm

ബേബി ആലുവ

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രം വേഗത കൂട്ടിക്കൊണ്ടിരിക്കെ, രണ്ടാം ഘട്ടത്തില്‍ കരിപ്പൂരിനും കുരുക്ക് വീഴുമെന്നുറപ്പായി.
രണ്ടാം ഘട്ടത്തില്‍ സ്വകാര്യമേഖലയ്ക്കു കൈമാറുന്ന 19 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരും.

വ്യോമയാന മേഖലയിലേക്ക് വിദേശ മുതല്‍ മുടക്കിനു ബജറ്റിലൂടെ വാതില്‍ തുറന്നിട്ട കേന്ദ്രം, അതിനു മുന്നോടിയായാണ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ(എ എ ഐ) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 125 വിമാനത്താവളങ്ങള്‍ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തിയിട്ടുള്ളത്. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ കേന്ദ്ര ബജറ്റില്‍ വ്യോമയാന ഗതാഗത മേഖലയുടെ വികസനത്തിനു കാര്യമായി ഒന്നും വകയിരുത്തുകയുണ്ടായില്ല എന്നതും ശ്രദ്ധേയം. രംഗം വിദേശ നിക്ഷേപകര്‍ക്കായി കയ്യൊഴിയുമ്പോള്‍ വികസന മടക്കമുള്ള കാര്യങ്ങള്‍ക്കായി അവര്‍ തല പുകയ്ക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ മനസ്സിലിരുപ്പ്.വിമാനത്താവളങ്ങളുടെ വികസനത്തിന്റെ കാര്യവും മറിച്ചല്ല. വിമാനത്താവളങ്ങളുടെ വികസന മുള്‍പ്പെടെയുള്ള മുഴുവന്‍ നടത്തിപ്പ് ചുമതലകളും സ്വകാര്യ മേഖലയ്ക്കാണ്. വ്യോമഗതാഗതത്തിന്റെ നിയന്ത്രണവും സുരക്ഷാ ചുമതലകളും മാത്രമായി എ എ ഐ യുടെ ജോലി കുറയും.

കരിപ്പൂരിനൊപ്പം കൊല്‍ക്കത്ത, പൂന, ഗോവ, ഭുവനേശര്‍, പാറ്റ്‌ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, സിലിഗുരി, വിശാഖപട്ടണം, നാഗപ്പൂര്‍, വാരാണസി, ശ്രീനഗര്‍, അമൃത്‌സര്‍, റാഞ്ചി, ചണ്ഡീഗഡ്, റായ്പൂര്‍, പോര്‍ട് ബ്ലെയര്‍, തിരുച്ചിറപ്പള്ളി, മധുര എന്നിങ്ങനെ 19 വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ടത്തില്‍ സ്വകാര്യമേഖലയ്ക്കു കൈമാറുന്നത്.തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂര്‍, മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ എന്നീ ആറ് വിമാനത്താവളങ്ങളാണ് കേന്ദ്രത്തിന്റെ ആദ്യ ഘട്ടസ്വകാര്യവത്കര പട്ടികയില്‍ ഉര്‍പ്പെടുത്തിയത്. ഇതില്‍, തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുള്ളതിനാല്‍ തിരുവനന്തപുരം ഒഴികെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിനു നല്‍കുന്ന കാര്യത്തില്‍ മാത്രം തീരുമാനമെടുക്കാനേ കേന്ദ്രത്തിനു കഴിഞ്ഞിട്ടുള്ളു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍, നെടുമ്പാശേരി വിമാനത്താവള കമ്പനിയായ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി ( സിയാല്‍ )ന്റെ മാതൃകയില്‍ പ്രത്യേകമായി രൂപവത്കരിച്ച കമ്പനിയെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാട്. ന്യായമായ ഈ ആവശ്യത്തിനു വിരുദ്ധമായി നടപടിയെടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് ഇതര സംസ്ഥാനങ്ങളിലെ അഞ്ചെണ്ണത്തിന്റെ കാര്യത്തില്‍ മാത്രമായി കേന്ദ്രം തീരുമാനം ഒതുക്കിയത്.50 വര്‍ഷത്തേക്കാണ് ഇവ അദാനി ഗ്രൂപ്പിന് വിട്ടുനല്‍കുന്നത്.തിരുവന്തപുരം വിമാനത്താവള വിഷയത്തില്‍ ആരും ചുമതലപ്പെടുത്താതെ ഗൗതം അദാനിയുമായി കൂടിയാലോചനയ്ക്കു മുതിര്‍ന്ന ശശി തരൂര്‍ എം പിയെ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്വകാര്യവത്കരണത്തിനു ശേഷം അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, മംഗലാപുരം, ഗുവാഹത്തി എന്നീ അഞ്ച് വിമാനത്താവളങ്ങളില്‍ നിന്നായി പ്രതിവര്‍ഷം 1300 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ അവകാശവാദം.എന്നാല്‍, സര്‍ക്കാരിനുള്ള ലാഭവിഹിതം തീരുമാനിക്കുന്നത് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ സ്ഥാപനമായിരിക്കും എന്ന മറുവാദവുമുണ്ട്.

സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന വിമാനത്താവളങ്ങളിലെ നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലി സ്ഥിരത, ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും ആശങ്കയുയരുന്നുണ്ട്.ഇവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ജോലിക്കാരായി തുടരുകയോ, നടത്തിപ്പ് ചുമതയേറ്റെടുക്കുന്ന അദാനി ഗ്രൂപ്പിലേക്കു മാറുകയോ ചെയ്യാം എന്ന ഒഴുക്കന്‍ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റേത്. എന്നാല്‍, ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.