September 28, 2022 Wednesday

ഒരു ഏറനാടൻ സ്നേഹഗാഥ

പി എ വാസുദേവൻ
കാഴ്ച
August 22, 2020 3:15 am

ഇതൊരു കൊണ്ടോട്ടിക്കാരന്റെ ആഹ്ലാദക്കുറിപ്പാണ്. കഴിഞ്ഞ കരിപ്പൂർ വിമാന ദുരന്തംവരെ ഇങ്ങനെയൊരു അഭിമാനപ്രകടനത്തിന് പ്രത്യേക, പ്രത്യക്ഷ കാരണമൊന്നും എനിക്കുണ്ടായിരുന്നില്ല. മറ്റ് പല സ്ഥലങ്ങളും പോലെ ഒരു കൊണ്ടോട്ടി അത്രതന്നെ. എല്ലാവരേയും പോലെ ഞങ്ങൾക്ക് ഞങ്ങളുടെ ഒരു ഭാഷയും ജീവിതശൈലിയുമൊക്കെയുണ്ടായിരുന്നു.

കൊണ്ടോട്ടിക്കടുത്ത് മലപ്പുറം ജില്ലയിലെ പെരിങ്ങാവാണ് എന്റെ ഗ്രാമം. അമ്മയുടെ വീട് ഫറോക്കിലും. അവർ പടിഞ്ഞാറൻമാർ പരിഷ്കാരികളായിരുന്നതുകൊണ്ട് ഞങ്ങളെ ‘വെറും കൊണ്ടോട്ടി‘ക്കാരൻ എന്നു പരിഹസിക്കുമായിരുന്നു. ഇത്തിരി വക്രിച്ച ഒരു മലയാളം, ഞങ്ങൾ വിടാതെ സൂക്ഷിച്ചിരുന്നുതാനും. അവരുടെ കണക്കിൽ കിഴക്കന്മാരും അപരിഷ്കൃതരും. ഇത് സ്വയംപൊക്കാൻ അവർ കണ്ടെത്തിയ ഒരു കെട്ടിപ്പൊക്കൽ മാത്രമായിരുന്നു. ഞങ്ങളുടേതൊരു കുഗ്രാമമായിരുന്നതിനാൽ വേഷത്തിലും പഠിത്തത്തിലും മുന്തൽ അവർക്കായിരുന്നു. പക്ഷെ കൃഷി, കന്നുകാലികൾ തുടങ്ങിയ സൗകര്യങ്ങളുമായി സമൃദ്ധി ‍ഞങ്ങൾക്കുമായിരുന്നു.

ഇതേ അനുഭവം തന്നെയായിരുന്നു ഞങ്ങളുടെ അടുത്ത പ്രദേശമായ തേഞ്ഞിപ്പലത്തുകാർക്കും. ‘വെറും തേഞ്ഞിപ്പലത്തുകാരൻ’ എന്നത് ഒരു പരിഹാസവിളിയായിരുന്നു. സകല പൊട്ടത്തരങ്ങളും അന്യായമായി ഞങ്ങളുടെ മേൽ ചാർത്തലും പതിവായിരുന്നു. യാതൊരു വാസ്തവവുമുണ്ടായിരുന്നിട്ടില്ലാത്ത, സീതിഹാജി കഥകളും, ഇതിന്റെ ഉപഭാഗമായിരുന്നു. പക്ഷെ അതൊക്കെ പോയി. കൊണ്ടോട്ടിയും കൊണ്ടോട്ടിക്കാരും മാറി. വലിയ കെട്ടിടങ്ങളും നല്ല റോഡുകളും വന്നു. അതിനിടക്കാലത്ത് കൊണ്ടോട്ടിക്കാർ പുറംനാടുകളിൽ പോയി സമ്പാദിച്ചു വന്നതിന്റെ പൊലിപ്പായിരുന്നു അത്. തേഞ്ഞിപ്പലത്തുകാരനെന്നും ഒളവട്ടൂരുകാരനെന്നും പരിഹസിച്ചതൊക്കെ പോയി. ഓട്ടുകമ്പനിയും മറ്റും ക്ഷയിച്ചതോടെ ഫറോക്കിന്റെ പ്രതാപം മങ്ങി. കൂട്ടത്തിൽ ഫറോക്ക് തൊടാതെ കോഴിക്കോട്ടെത്താവുന്ന രണ്ട് ബൈപാസുകളും വന്നതോടെ അവരുടെ പ്രതാപം കുറഞ്ഞു. അത് ഞങ്ങൾക്ക് ചെറിയൊരാഹ്ലാദമായിരുന്നു. തേഞ്ഞിപ്പലത്ത് യൂണിവേഴ്സിറ്റിയും കുറേ വ്യവസായങ്ങളും ടെക്നോപാർക്കുമൊക്കെയായി. പുതിയ ജീവിതം പൂത്തു.

അത്തരം വൻകുതിപ്പുകളിലൊന്നായിരുന്നു ഞ­ങ്ങളുടെ നാട്ടിൽ വന്ന കരിപ്പൂർ വിമാനത്താവളം. കേരളത്തിൽ ഏറ്റവുമധികം പേർ ഗൾഫിലും മറ്റും പോകുന്നത് ഇതിനടുത്ത പ്രദേശങ്ങളിൽ നിന്നാണ്. കൂട്ടുകാരുടെയും ബന്ധുക്കളുടെയും പോക്കും വരവും ഞങ്ങൾ കൊണ്ടാടും. പോകുന്നത് ഒരാളാണെങ്കിലും ഒരു നിര വാഹനങ്ങൾ അകമ്പടി സേവിക്കും. വരവും അങ്ങനെതന്നെ. എത്ര ലാളിത്യമാണെന്നോ ഇവിടത്തുകാരുടെ ജീവിതത്തി­നും പെരുമാറ്റത്തിനും. വിമാനത്താവളം ഞങ്ങ­ളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ടാടി. ഇപ്പോൾ അതൊക്കെ കുറേ സാധാരണ സംഭവമായി.

പക്ഷേ ഒരു ജനതയെ അറിയാൻ ഒരു സന്ദർഭം വേണമല്ലോ. അതായിരുന്നു കഴിഞ്ഞ എയർ ഇന്ത്യ വിമാനം തകർന്ന സംഭവദിവസം കണ്ടത്. എല്ലാ പൊടിപ്പുകൾക്കും തൊങ്ങലുകൾക്കുമിടയിലും കൊണ്ടോട്ടിക്കാർ അവരുടെ ഭാഷയും ജീവിതശൈലിയും മനസും കൈവിട്ടില്ല. അതായിരുന്നു ‘ഏറനാടൻ മൂലധനം. ’ അപകടം നടന്നത് ഒരു മഴക്കാല സന്ധ്യയ്ക്ക്. അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന അജിത്ത്സിങിന്റെ വിവരണ പ്രകാരം അ‍ഞ്ചു മിനിറ്റിനകം നാട്ടുകാരെത്തി. കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് കിട്ടിയ വാഹനത്തിൽ രാത്രിയെയും മഴയെയും നിരോധനത്തെയും കൂസാതെ എല്ലാവരുമെത്തി. ആംബുലൻസിനും സർക്കാർ വാഹനത്തിനും കാത്തുനില്ക്കാതെ, നാട്ടുകാർ, രക്ഷാസൈന്യത്തോടൊപ്പം തകർന്ന വിമാനത്തിനുമേൽ കയറി. എണ്ണ പടർന്ന് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന തകർന്ന വിമാനത്തിനുമേൽ കയറുമ്പോൾ അവർക്ക് കേൾക്കാവുന്നത് വിമാനത്തിനുള്ളിലെ രോദനങ്ങൾ മാത്രമായിരുന്നു. മരിക്കാൻ മടിക്കാത്ത രക്ഷാപ്രവർത്തനം. ഒരൊറ്റ ജീവനും പൊലിയരുതെന്ന നിശ്ചയത്തിൽ കോരിയെടുത്ത് പുറത്തെത്തിക്കുന്നതിൽ നാട്ടുകാർ വഹിച്ച പങ്ക് നിസ്തുലമായിരുന്നു.

ഒഴിവാക്കാനാവാത്ത മരണങ്ങളെ സംഭവിച്ചുള്ളു. “ചെലോലത് റെഡ്യാവും, ചെല്യോലത് റെഡ്യാവൂല” എന്ന മഹാവചനം അവർക്കറിയാമായിരുന്നു. എല്ലാ സന്ദർഭത്തിനും ചേരുന്ന ഏറനാടൻ വചനം. എല്ലാ ദുരിതത്തിലും സാഹസത്തിലും അവരൊന്നു മാത്രമാണ് കരുതിയത്; മനുഷ്യനാണ് പ്രധാനം. ഇതേപോലുള്ള ത്യാഗവും സന്മനസും കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് കേരളം കണ്ടു. നാട്ടുകാരും കേട്ടറിഞ്ഞെത്തിയ മത്സ്യബന്ധന തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനം ഇനിയും നശിക്കാത്ത മലയാളി നന്മയാണ് വെളിവാക്കിയത്. ഇവിടെയും അതായിരുന്നു. ഏറനാടിന്റെ സ്വത്ത് വിദേശികളയയ്ക്കുന്ന പണം മാത്രമാണെന്നു പറയുന്നവർ ശ്രദ്ധിക്കണം. അവർ വിസ്മരിക്കുന്നത് സമൃദ്ധമായ ഈ ‘ഹ്യൂമൻ ക്യാപ്പിറ്റലാ‘ണ്.

ഏതൊരു വികസന പ്രവർത്തനവും ആദ്യം തൊട്ടറിയേണ്ടത് ഈ മാനുഷിക മൂലധനത്തെയാണ്. മനുഷ്യന്റെ നിലവിളിക്ക് വിളികേട്ടെത്താൻ കഴിയുന്ന മഹാ മൂലധനം. വിഷമഘട്ടത്തിൽ ഒരാളെ സഹായിക്കാനുള്ള സന്നദ്ധത. അത് പഠിത്തത്തിൽ നിന്നു കിട്ടില്ല. ഒരു ചെറിയ വ്യക്തിപരമായ അനുഭവം ഇവിടെ ഓർമ്മിക്കാം. ഒരു മഴക്കാല സന്ധ്യയിൽ ഞാൻ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഭാര്യയോടൊപ്പം കാറിൽ പാലക്കാട്ടേക്കു വരുകയായിരുന്നു. കൊണ്ടോട്ടി വിട്ട് കുറേ പോന്നപ്പോൾ കാർ നിന്നു. ഡ്രൈവർ മെക്കാനിസമൊന്നുമറിയാത്ത പാവം. എന്റെ കാര്യം പറയുകയും വേണ്ട. സന്ധ്യയാവുന്നു. തൊട്ടടുത്ത് ഏതാനും കടകളുണ്ട്. കുറച്ച് ചെറുപ്പക്കാർ എന്തോ തമാശ പറഞ്ഞ് ഇരിക്കുന്നു. എന്നെയും ഭാര്യയെയും കണ്ട് അവർ അടുത്തേക്ക് വന്നു. ഇവരെ വിശ്വസിക്കാമോ എന്നായി ഭാര്യ. കാര്യം അവരോട് പറഞ്ഞപ്പോൾ അതിലൊരാൾ നല്ല ഏറനാടൻ ഭാഷയിൽ പറഞ്ഞു “എടാ നിയ്യ് പോയ് ആ ബാബു ഏട്ടനെ പിടിച്ച്ങ്ങാണ്ട്വാ. ” ഞങ്ങളോട് “ങ്ങള് ഈ പീടികത്തിണ്ണേല്ക്ക് കയറി കുത്തിരിയ്ക്കി, പ്പം സര്യാക്കിത്തരാ. ”

മഴയും കൊണ്ട് രണ്ടുപേർ ബൈക്കിലെത്തി. ഒന്ന് മെക്കാനിക്ക് ബാബുവായിരുന്നു. സിനിമ കാണാൻ പോയിരുന്ന കക്ഷിയെ അറസ്റ്റ് ചെയ്തുകൊണ്ട് വന്നത്, നേരത്തെ ബൈക്കെടുത്തു പോയ ആളും കാറ് തുറന്നു കൈവച്ച കക്ഷി മർമ്മത്തുതന്നെ പിടിച്ചു. കാര്യമായൊന്നുമില്ല. “ങ്ങള് ധൈര്യായിട്ട് പോയിക്കോളീ. മ്മളൊക്കെ ഇല്യേ ഇവിടെ. ”

അവരിൽ ചിലരുടെ മുഖം ഓർമ്മയുണ്ടായിരുന്നു. ഒരു റുപ്പികപോലും പ്രതിഫലം വാങ്ങാതെ യാത്രയാക്കിയ അവരെ പിന്നെ അതുവഴി പോയപ്പോഴൊക്കെ തേടിയിരുന്നു. കണ്ടില്ല. കരിപ്പൂരിൽ വിമാനം വീണയിടത്ത് അവരുണ്ടാവാം. അവരെപ്പോലുള്ള മറ്റ് സന്മനസുകളുണ്ടാവാം. ഏറനാടൻ മൂലധനം.

“ങ്ങള് ധൈര്യായിട്ട് പൊയിക്കോളി. മ്മളൊക്കെ ഇല്യേ ഇവിടെ. ” ആ കുട്ടി പറഞ്ഞ വാചകം പോലെ, ഈ വാചകവും ഇന്നും ഞാനോർക്കുന്നു.

ഉണ്ടാവണം. ആവശ്യംവരുമ്പോൾ നമ്മൾ ഉണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.