കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. തുടക്കം മുതൽ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാൽ സ്വദേശി നൗഫൽ (36 വയസ്സ്) ആണ് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
ആഗസ്റ്റ് ഏഴാം തിയ്യതി നടന്ന വിമാനാപകടത്തെ തുടർന്ന് നൗഫലിന് തലയ്ക്ക് പരിക്ക്, നട്ടെല്ലിന് ഫ്രാക്ച്ചർ, വലത് കാലിന്റെയും, ഇടത് കാലിന്റെയും എല്ലിന് പൊട്ടൽ, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുൾപ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉൾപ്പെടെ ഗുരുതരമായ പരിക്കുകളാണ് ഉണ്ടായിരുന്നത്. നേരിട്ട് ഐ സി യു വിൽ പ്രവേശിപ്പിച്ച നൗഫലിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ നടത്തിയത്.
വിവിധ ഘട്ടങ്ങളിലായി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, സ്പൈൻ സർജറി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലായി നടന്ന ശസ്ത്രക്രിയകൾക്ക് ശേഷം നൗഫലിന്റെ പരിചരണം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം ഏറ്റെടുത്തു. പുറകുവശത്തെ അടർന്ന് പോയ ശരീരഭാഗങ്ങളെയും, കാലിലെ പരിക്കുകളെയും നേരെയാക്കുവാനായി സങ്കീർണ്ണമായ പ്ലാസ്റ്റിക്, മൈക്രോവാസ്കുലാർ സർജറികൾക്കാണ് നൗഫൽ വിധേയനായത്. എഴുപത് ദിവസം നീണ്ട സങ്കീർണ്ണങ്ങളായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് നൗഫലിനെ ഡിസ്ചാർജ്ജ് ചെയ്തത്.
നൗഫലിന് യാത്രയയപ്പ് നൽകാൻ എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ റാസ അലിഖാൻ, എയർ ഇന്ത്യ എയർപോർട്ട് മാനേജർ പ്രേംജിത്ത്, എയർ ക്രാഫ്റ്റ് പേഷ്യന്റ് കോർഡിനേറ്റർ ഷിബിൽ എന്നിവരും സന്നിഹിതരായിരുന്നു. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ പി. പി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. കെ. എസ്. കൃഷ്ണകുമാർ എന്നിവർ ചേർന്ന് നൗഫലിന് യാതയയപ്പ് ഉപഹാരം നൽകി. ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീർ, സിഇഒ ഫർഹാൻ യാസിൻ, ഡോ. മൊയ്തു ഷമീർ, ഡോ. പ്രദീപ് കുമാർ, ഡോ. നൗഫൽ ബഷീർ, ഡോ. വിഷ്ണുമോഹൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
English summary: Karipur Aircrash; Last patient discharge from Hospital
You may also like this video: