കര്‍ക്കടകചികിത്സ

Web Desk
Posted on July 16, 2019, 12:51 pm

Dr Sreeni Ramachandranഡോ. ശ്രീനി രാമചന്ദ്രന്‍

വീണ്ടുമൊരു കര്‍ക്കടകം കൂടി സമാഗതമായിരിക്കുന്നു. ആയുര്‍വേദ ചികിത്സാരംഗത്തും, ആയുര്‍വേദ മരുന്നുവ്യവസായരംഗത്തും ഒരു ഉണര്‍വ് ദൃശ്യമാണ്. കര്‍ക്കടക കഞ്ഞിയുടേയും കര്‍ക്കടകചികിത്സാപാക്കേജുകളുടേയും ഈ കാലത്ത് കര്‍ക്കടകചികിത്സയിലെ പുതിയ കാല പ്രവണതകളെ ശാസ്ത്രരീത്യാ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.
കര്‍ക്കടക ചികിത്സ എന്നത് കേരളത്തിന്റെ പരമ്പരാഗതമായ മഴക്കാല ആരോഗ്യ സംരക്ഷണ മാര്‍ഗമാണെങ്കിലും സംഹിതാഗ്രന്ഥങ്ങളിലോ കേരളീയഗ്രന്ഥങ്ങളിലോ കര്‍ക്കടക ചികിത്സ എന്ന പേരില്‍ ഒരു ചികിത്സാക്രമം പറയുന്നില്ല. അല്ലെങ്കില്‍ ഓരോ കാലത്തിനും ഋതുവിനുമനുസരിച്ച് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ട ചര്യകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ കര്‍ക്കടക ചികിത്സ പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്നും മനസിലാക്കാം. കേരളീയ ആയുര്‍വേദ ചികിത്സാ ചരിത്രത്തില്‍ കര്‍ക്കടക കഞ്ഞി, കര്‍ക്കടക ചികിത്സ എന്നീ വാക്കുകള്‍ ഇത്ര പ്രചുരപ്രചാരത്തിലായിട്ട് ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളു. അടിസ്ഥാനപരമായി ചിന്തിച്ചാല്‍ കര്‍ക്കടക ചികിത്സ എന്നത് വര്‍ഷകാലചര്യ തന്നെയാണ്.
ശാസ്ത്ര ഗ്രന്ഥങ്ങള്‍ കര്‍ക്കടകത്തിന് നല്‍കാത്ത പ്രാധാന്യം കേരളത്തിലെ വൈദ്യന്മാര്‍ കര്‍ക്കടകത്തിന് എന്തുകൊണ്ട് നല്‍കി എന്നത് ചിന്തനീയമാണ്. രണ്ടു കാര്യങ്ങളാണ് പ്രധാനമായി ഉള്ളത്. അതിലാദ്യത്തേത് കാര്‍ഷികവൃത്തിയെ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ സാമൂഹിക ക്രമമാണ്. വര്‍ഷകാലത്തിന്റെ തുടക്കത്തില്‍ കൃഷിയിലെ ഇടപെടലുകള്‍ പൂര്‍ത്തിയാക്കി, കൃഷിപ്പണി ഏകദേശം ഇല്ലാതാകുന്ന കാലമാണ് കര്‍ക്കടകം. ധനാഢ്യരായ ജന്മികള്‍ക്ക് വിശ്രമത്തിനും ചികിത്സയ്ക്കുമുള്ള വിശ്രമസമയവും പണിയാളന്മാര്‍ക്ക് വറുതിയുടെ പണിയില്ലാക്കാലവും.
ജന്മികള്‍ക്ക് തേപ്പും പിഴിച്ചിലും വിധിച്ച വൈദ്യന്‍തന്നെ സാമൂഹികപ്രതിബദ്ധതയോടെ പണിയാളന്മാര്‍ക്കായി ഔഷധങ്ങള്‍ ചേര്‍ത്ത കഞ്ഞി വിധിക്കുകയും ചെയ്തു എന്ന് കരുതാം.
രണ്ടാമത്തേത് കേരളത്തിലെ നീണ്ടു നില്‍ക്കുന്ന വര്‍ഷകാലമാണ്. വര്‍ഷകാലം ശരീരബലം ഏറ്റവും കുറവായിട്ടുള്ള കാലമാണ്. അതുകൊണ്ടുതന്നെ ശരീര രക്ഷ ചെയ്യേണ്ട കാലവും. കടുത്ത വേനലും അതിവര്‍ഷവും കഴിഞ്ഞു വരുന്ന കര്‍ക്കടകത്തെ കേരളീയ വൈദ്യന്മാര്‍ ശോധനയ്ക്കായി തിരഞ്ഞെടുത്തു എന്നും കരുതാം.
വൃക്ഷലതാദികളിലെല്ലാം തന്നെ പുതുനാമ്പുകള്‍ വരുന്ന ഈ കാലത്തെ ശരീരം ഇളതാകുന്ന കാലമെന്നാണ് കേരളത്തിലെ വൈദ്യന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആയുര്‍വേദചികിത്സ ആവശ്യമുള്ള കാലം തന്നെയാണ് കര്‍ക്കടകം. എന്നാല്‍ വിദേശങ്ങളിലും മറ്റും താമസിക്കുന്ന ആളുകള്‍ ഈ കാലത്ത് കേരളത്തിലെത്തി ഈ ചികിത്സാ ക്രമങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട് അധികപ്രയോജനങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിക്കാനില്ല, കാരണം അവരുടെ കാലസ്ഥിതിയും, ദേഹസ്ഥിതിയും ഇതില്‍ നിന്ന് ഭിന്നമാണ്.

എന്തുകൊണ്ട് കേരളീയരുടെ ശരീരബലം കര്‍ക്കടകത്തില്‍ കുറയുന്നു?

വാതം, പിത്തം, കഫം എന്നീ മൂന്നുദോഷങ്ങളും ദുഷിച്ചിരിക്കുകയും ദഹനശക്തി കുറഞ്ഞിരിക്കുകയും ചെയ്യുന്ന കാലമാണ് വര്‍ഷകാലത്തില്‍ ഉള്‍പ്പെടുന്ന കര്‍ക്കടകം. അവയില്‍ വാത പിത്തങ്ങള്‍ക്ക് കാലത്തിന് അനുസരിച്ചുള്ള ദുഷ്ടിയും കഫത്തിനാകട്ടെ മലിനമായ ജലസ്രോതസുകള്‍ കൊണ്ടും ക്ലേദോദുഷ്ടികൊണ്ടും ഉള്ള കാലത്തിന് അനുസരിച്ചല്ലാത്ത ദുഷ്ടിയും. നമ്മുടെ ശരീരത്തിലെ അഗ്‌നി അതായത് ദഹനശക്തി ബലമുള്ളതാണെങ്കില്‍ ഇതൊന്നും നമ്മളെ ബാധിക്കില്ല. എന്നാല്‍ മുന്‍പേയുളള കടുത്ത വേനലില്‍ത്തന്നെ ദഹനശക്തി കുറഞ്ഞു പോയിരിക്കുന്നതിനാല്‍ പ്രകൃതിയിലെ ത്രിദോഷദുഷ്ടി നമ്മുടെ ശരീരത്തെ ബാധിച്ച് ശരീരബലത്തെക്കുറയ്ക്കുന്നതിനാല്‍ രോഗകാരികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയ്ക്ക് ശരീരത്തെ പെട്ടെന്ന് കീഴ്‌പ്പെടുത്തി രോഗങ്ങളെ ഉണ്ടാക്കുവാനും സാധിക്കുന്നു.

കര്‍ക്കടകചികിത്സ
എല്ലാവര്‍ക്കും ഒന്നാണോ?
കര്‍ക്കടകചികിത്സ എല്ലാവര്‍ക്കും ഒന്നല്ല. പ്രകൃതിയിലെ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ആണെങ്കിലും ഓരോ രോഗിക്കും ചികിത്സ നല്‍കുന്നതിന് മുന്‍പായി അയാളുടെ പ്രകൃതി, അയാള്‍ക്കുള്ള രോഗത്തിന്റെ സ്വഭാവം, കാലപ്പഴക്കം, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ എന്നിവയും, രോഗിയല്ലാത്ത ഒരാള്‍ക്ക് ശുദ്ധിക്രമങ്ങളില്‍ ഏതൊക്കെ ചെയ്യേണ്ടതുണ്ട് എന്നതും ഒരു അംഗീകൃത ഡോക്ടര്‍ നിശ്ചയിച്ച് നല്‍കുന്നതാണ് അഭികാമ്യം. മുന്‍കൂട്ടി നിശ്ചയിച്ച പാക്കേജുകള്‍ പ്രകാരം ചെയ്യുന്ന ചികിത്സകള്‍ ഗുണകരമാകണമെന്നില്ല.

കര്‍ക്കടക ചികിത്സയെന്നത്
തിരുമ്മുചികിത്സയാണോ?
കര്‍ക്കടക ചികിത്സയെന്നത് തിരുമ്മുചികിത്സ മാത്രമല്ല, ശരീരശുദ്ധി വരുത്തുക എന്ന ലക്ഷ്യത്തില്‍ ചെയ്യപ്പെടുന്ന വമനം, വിരേചനം, വസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ക്കായി ശരീരത്തെ പാകപ്പെടുത്തുന്നതിനു വേണ്ടി എണ്ണയിട്ടു തിരുമ്മുക, എണ്ണ ഉപയോഗിക്കാതെ പൊടിയിട്ട് തിരുമ്മുക, ഇലക്കിഴി, പൊടിക്കിഴി, ധാന്യക്കിഴി, പിഴിച്ചില്‍ തുടങ്ങിയവ പൂര്‍വകര്‍മ്മങ്ങളായി ചെയ്യേണ്ടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ലേദോ ദുഷ്ടിയും, കഫദുഷ്ടിയും വരാതെ നോക്കുന്നതിന് ചികിത്സാമുറിയില്‍ ഒരു അംഗീകൃത ഡോക്ടറുടെ സാന്നിധ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

രോഗമില്ലാത്തവര്‍ കര്‍ക്കടകചികിത്സ
ചെയ്യേണ്ടതുണ്ടോ?
ശരീരബലം കുറഞ്ഞിരിക്കുന്ന കാലമായതിനാല്‍ ബലവര്‍ധനവിനും, ശരീരശുദ്ധിക്കുമുള്ള ചികിത്സ എല്ലാവരും ചെയ്യേണ്ടതാണ്. സുഖചികിത്സ എന്നല്ല ബലചികിത്സ എന്ന വാക്കാണ് കൂടുതല്‍ ചേരുക. ഏതു ശുദ്ധിക്രമമാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതിന് പ്രകൃതിയും, ശരീരത്തിന്റെ അവസ്ഥയും അടിസ്ഥാന ഘടകങ്ങളാണ്.
കര്‍ക്കടകചികിത്സ ചെയ്താല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങള്‍ ചെയ്യണം എന്നൊരു ധാരണ പരക്കേ ഉണ്ട്. മൂന്ന് എന്ന സംഖ്യയ്ക്ക് ഒരു പ്രത്യേകതയും ഇല്ല. ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ ശമനത്തിനായി ചെയ്യുന്ന ചികിത്സകള്‍ ആ രോഗം പൂര്‍ണമായി ശമിച്ചശേഷം തുടരേണ്ടതില്ല. ശരീരബലം വര്‍ധിപ്പിക്കുന്നതിന് ചെയ്യുന്ന ചികിത്സകള്‍ മൂന്നു തവണയല്ല, എല്ലാവര്‍ഷവും ചെയ്യുക തന്നെ വേണം. ശാസ്ത്രീയമായും ലളിതമായും ചിലവുകുറഞ്ഞ രീതിയില്‍ ചെയ്യുന്ന ശുദ്ധിക്രമങ്ങളും കര്‍ക്കടക ചികിത്സ തന്നെയാണെന്ന് മനസിലാക്കുക.

കര്‍ക്കടക ചികിത്സയില്‍
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
ഒന്നാമതായി ഒരു ചികിത്സയും അഗ്‌നിയെ ദോഷകരമായി ബാധിക്കരുത്. ദഹനശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ ഉള്ളിലേക്ക് കൊടുത്തുകൊണ്ട് വേണം ചികിത്സ ചെയ്യാനെന്ന് സാരം.
കര്‍ക്കടകകഞ്ഞിക്കൂട്ടിലെ ഔഷധങ്ങള്‍ പരിശോധിച്ചാല്‍ അവയെല്ലാം തന്നെ ദഹനശക്തി വര്‍ധിപ്പിക്കുന്നതോ, മൂന്നു ദോഷങ്ങള്‍ക്കും ഹിതകരമോ ആണെന്നു കാണാം. രണ്ടാമതായി കഫദുഷ്ടിയുടെ കാലമായതിനാല്‍ തൈലങ്ങള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും ഉപയോഗിക്കുമ്പോള്‍ ക്ലേദോ ദുഷ്ടി ഉണ്ടാക്കി കഫദുഷ്ടി ഉണ്ടാകാതെ ശ്രദ്ധിക്കണം. സോറിയാസിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗാവസ്ഥകളില്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണം. വൈദ്യനിര്‍ദേശം ഇല്ലാതെ തലയിലും ദേഹത്തും എണ്ണ തടവുന്നത് പലപ്പോഴും വിപരീതഫലമാവും ഉണ്ടാക്കുക.
മൂന്നാമതായി എല്ലാ ആഹാരവിഹാരങ്ങളും മൂന്നു ദോഷങ്ങള്‍ക്കും ഹിതകരമായിരിക്കണം. നെല്ലിക്ക, മാതളനാരങ്ങ, ഇന്ദുപ്പ്, പഴകിയ ചെന്നെല്ലരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, ധാന്യസൂപ്പുകള്‍, പഞ്ചകോലം ചേര്‍ത്ത തൈരിന്‍ തെളി, തേന്‍ ചേര്‍ത്ത വെള്ളം, മധുരം, പുളി, ഉപ്പ് എന്നീ രസങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍, താളിച്ച ജാംഗലമാംസം, മാംസസൂപ്പുകള്‍ എന്നിവ നല്ലതാണ്. കുളിക്കുന്നതിനും, കുടിക്കുന്നതിനും നിര്‍ബന്ധമായും ചൂടുവെള്ളം ഉപയോഗിക്കണം. പകലുറക്കം, അധികം ആയാസമുള്ള പ്രവര്‍ത്തികള്‍ ഇവ ഒഴിവാക്കുകയും വേണം.

ലേഖകന്‍:
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി
കുമാരപുരം, ഹരിപ്പാട്.