Saturday
16 Feb 2019

കാള്‍മാര്‍ക്‌സും ചരിത്രമെഴുതിയ ഇരുനൂറ്റാണ്ടുകളും

By: Web Desk | Sunday 6 May 2018 10:21 PM IST

കാള്‍മാര്‍ക്‌സ് ഇന്നും ജീവിക്കുന്നു. സാമൂഹ്യ-രാഷ്ട്രീയ-സഹൃദയ-നവോത്ഥാന ജനഹൃദയങ്ങളിലൂടെ. ‘മൂലധന’ത്തിന്റെ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ പ്രാധാന്യമേറുമ്പോള്‍ മാര്‍ക്‌സ് കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നു

രുനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1818 മെയ് മാസം അഞ്ചാം തീയതി ജര്‍മനിയിലെ മൊസേല്‍പുഴയുടെ തീരത്തുള്ള ട്രയല്‍ നഗരത്തില്‍ ഒരു അനശ്വര പ്രതിഭ പിറന്നു. കാള്‍ മാര്‍ക്‌സ്, ലോകത്തെ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക ക്രമത്തെ മാറ്റിമറിച്ച പ്രത്യയശാസ്ത്ര സ്രഷ്ടാവ്. ധൈഷണികനും പണ്ഡിതോജ്ജ്വലനുമായ ആ മഹാപ്രതിഭ ഇന്നും വായിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു, വിലയിരുത്തപ്പെടുന്നു.

കാള്‍മാര്‍ക്‌സിന്റെ ജീവചരിത്രമെഴുതിയ ഹെന്റിച്ച് ഗെംകോവ് എന്ന ജര്‍മന്‍ സ്വദേശി ഇങ്ങനെ എഴുതുന്നു; ”കാള്‍ മാര്‍ക്‌സിനെ ഭാഗിക്കാന്‍ പറ്റില്ല. അദ്ദേഹവും ഏംഗല്‍സും കൂടി വളര്‍ത്തിയെടുത്ത സിദ്ധാന്തത്തിന്റെ, ശാസ്ത്രീയ സോഷ്യലിസത്തിന്റെ, കാര്യത്തിലും മാനവരാശിയുടെ ജീവിതത്തിലും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മാര്‍ക്‌സിനും അദ്ദേഹത്തിന്റെ കൃതികള്‍ക്കുമുള്ള പ്രാധാന്യത്തിന്റെ കാര്യത്തിലുമൊക്കെ ഇത് ശരിയാണ്. മാര്‍ക്‌സ് ജര്‍മന്‍ ജനതയുടെ പുത്രനാണെന്നത് ശരിതന്നെ. ജര്‍മന്‍ മണ്ണിലെ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്. എന്നാല്‍ മാര്‍ക്‌സിസം രൂപംകൊണ്ട നാള്‍ മുതല്‍ക്കെ അത് സാര്‍വത്രികവും സാര്‍വദേശീയവുമായിരുന്നു. ഇന്നും ആണ്”

ഹെന്റിച്ച് പറയുന്നത് യാഥാര്‍ഥ്യം തന്നെ. ‘മൂലധന’ത്തിന്റെ 150-ാം വാര്‍ഷികവേളയില്‍, ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയില്‍പെട്ടപ്പോള്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം ‘മൂലധന’മായിരുന്നു. വ്യാവസായികവല്‍ക്കരണത്തിന്റെ കാലത്ത് ഫ്യൂഡലിസ്റ്റ് ശക്തികള്‍ എത്രമേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് മാര്‍ക്‌സ് മുന്‍കൂട്ടി ദര്‍ശിച്ചിരുന്നു. ചൂഷകരെയും ചൂഷിതരെയും മര്‍ദ്ദകരെയും മര്‍ദ്ദിതരെയും വേര്‍തിരിഞ്ഞറിഞ്ഞിരുന്നു. സമത്വത്തിന്റെയും സമഭാവനയുടെയും ലോകക്രമമാണ് മാര്‍ക്‌സ് സ്വപ്‌നം കണ്ടത്. സാമ്പത്തികാടിമത്വത്തെയും തൊഴിലാളിവര്‍ഗ ചൂഷണത്തെയും മാര്‍ക്‌സ് ദാര്‍ശനിക തലത്തില്‍ ചോദ്യം ചെയ്തു. മാര്‍ക്‌സിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മുതലാളിത്ത ഫ്യൂഡെലിസ്റ്റ് ശക്തികള്‍ ഉത്തരം മുട്ടിനിന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയ മഹാദാര്‍ശനികനായ മാര്‍ക്‌സ് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും രോഗാതുരതകളുടെയും കരാളഹസ്തങ്ങളില്‍ കിടന്നു പിടഞ്ഞു. സ്വന്തം മക്കളുടെ മരണത്താല്‍ വീര്‍പ്പുമുട്ടലിന്റെ തടങ്കലില്‍ കിടന്നു പിടഞ്ഞു. അപ്പോഴും ലക്ഷ്യവും സ്വപ്‌നവും ലോക തൊഴിലാളി വര്‍ഗത്തിന്റെ വിമോചനമായിരുന്നു. ഫ്യൂഡെലിസത്തിന്റെയും ജന്മിത്വത്തിന്റെയും അധിനിവേശങ്ങളുടെയും എന്നെന്നെത്തേക്കുമായുള്ള തിരോധാനമായിരുന്നു.

ലോകത്തിന് വഴികാട്ടിയായ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ ഏംഗല്‍സിനൊപ്പം ചേര്‍ന്നെഴുതുമ്പോള്‍ 30 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു കാള്‍മാര്‍ക്‌സ് എന്ന ബൗദ്ധിക പ്രതിഭയ്ക്ക്. 46-ാം വയസില്‍ മാര്‍ക്‌സ് ‘മൂലധന’ത്തിന്റെ ആദ്യവാല്യവും പ്രസിദ്ധീകരിച്ചു. ‘മൂലധന’ത്തിന്റെ മൂന്നു വാല്യങ്ങളിലൂടെ ലോകജനതയെ നവീകരിക്കുവാനും ഉദ്‌ബോധിപ്പിക്കുവാനുമുള്ള ബൗദ്ധിക ധൈഷണിക പരീക്ഷണമാണ് അപാര പാണ്ഡിത്യമുള്ള കാള്‍മാര്‍ക്‌സ് നടത്തിയത്. 1883 ല്‍ 65 വര്‍ഷം മാത്രം പ്രായമുള്ള ആ ധൈഷണികപ്രതിഭ വിട പറഞ്ഞു. ലണ്ടനിലെ മാര്‍ക്‌സിന്റെ ശവക്കല്ലറയ്ക്ക് മുന്നില്‍ നിന്ന് മലയാളത്തിന്റെ മഹാകവി ഉരുവിട്ടു. ‘മാര്‍ക്‌സ് നീ മരിച്ചിട്ടില്ല, ലോകമുള്ള കാലത്തോളം മരിക്കുകയുമില്ല’ ഒഎന്‍വിയാണ് ഈ വരികള്‍ ഉദ്ധരിച്ചത്.

ജീവചരിത്രകാരന്‍ ഹെന്റിച്ച് ഗെംകോവ് ഇങ്ങനെ പറയുന്നു ”പ്രബോധനങ്ങളെപോലെ തന്നെ മാര്‍ക്‌സിന്റെ പ്രവര്‍ത്തനങ്ങളും സാര്‍വത്രികവും സാര്‍വദേശീയവും ആയിരുന്നു. ആദ്യത്തെ സാര്‍വദേശീയ തൊഴിലാളി പാര്‍ട്ടിയുടെ സ്രഷ്ടാവ് ഒന്നാം ഇന്റര്‍നാഷണലിന്റെ നേതാവ്, സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിന്റെ സൈദ്ധാന്തികള്‍, ജര്‍മനിയിലെയും ഫ്രാന്‍സിലെയും മറ്റ് രാജ്യങ്ങളിലെയും തൊഴിലാളി വര്‍ഗ പാര്‍ട്ടികളില്‍ സമാരാധിക്കപ്പെടുന്നവന്‍, ജര്‍മന്‍ വിപ്ലവത്തിലെ സജീവപങ്കാളി.”

കാള്‍മാര്‍ക്‌സ് അതൊക്കെയായിരുന്നു. മാര്‍ക്‌സിന് മരണമില്ല. ഫ്രഞ്ച് വിപ്രവത്തിന്റെയും മഹത്തായ സോവിയറ്റ് വിപ്ലവത്തിന്റെയും സൂത്രധാരനായ പ്രത്യയശാസ്ത്ര വിശാരദന് മരണമെങ്ങനെ. രണ്ടു നൂറ്റാണ്ട് പിന്നിടുമ്പോഴും മാര്‍ക്‌സിനെ ലോകജനത ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നത് അതുകൊണ്ടാണ്. ‘മാര്‍ക്‌സിസം അജയ്യമാണ്’ മാര്‍ക്‌സ് എന്നും ജനമനസുകളില്‍ ജീവന്‍ തുടിപ്പുകള്‍ പകര്‍ന്നുകൊണ്ടേയിരിക്കും.