Saturday
16 Feb 2019

കാറല്‍ മാര്‍ക്‌സ്- ചരിത്രവഴികളിലൂടെ

By: Web Desk | Thursday 20 September 2018 5:30 PM IST

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍

മതകാര്യങ്ങളില്‍ ആഭിമുഖ്യവും പാരമ്പര്യവുമുള്ള ഒരു കുടുംബത്തിലാണ് കാള്‍ ജനിച്ചത്, യൂറോപ്പിലെ വലിയ നദികളിലൊന്നായ റൈന്‍നദിയുടെ തീരത്തുള്ള ചിരപുരാതനമായ ട്രിയര്‍ നഗരത്തില്‍. ലോകത്ത് ഏറ്റവുമധികം കപ്പല്‍ ഗതാഗതമുള്ള ഒന്നത്രേ റൈന്‍നദി. നദീതീരത്തെ ഭൂപ്രദേശം എന്ന നിലയ്ക്ക് ട്രിയര്‍ നഗരം ഉള്‍പ്പെടുന്ന പ്രവിശ്യ റൈന്‍ലാന്‍ഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
ഫ്രാന്‍സിന്റെ അതിര്‍ത്തി പങ്കിടുന്ന റൈന്‍ലാന്‍ഡ് ജര്‍മ്മനിയുടെ ഭാഗമായിരുന്നു. ഭരണാധികാരികള്‍ മാറിമാറി വരുന്ന മുറയ്ക്ക് വെട്ടിപ്പിടുത്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഈ പ്രദേശം വിധേയമായിക്കൊണ്ടിരുന്നു. ഒരു പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചിടത്തോളം അതൊരു ദൗര്‍ഭാഗ്യമെന്നേ പറഞ്ഞുകൂടൂ. ഫ്രഞ്ചുവിപ്ലവത്തെത്തുടര്‍ന്ന് (1789) റൈന്‍ലാന്‍ഡ് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ഭാഗമായി. ‘സ്വാതന്ത്ര്യം സമത്വം സാഹോദര്യം’ എന്ന മഹാസന്ദേശം ലോകമാകെ പ്രതിധ്വനിച്ചു. റൈന്‍ലാന്‍ഡില്‍ അത് സൃഷ്ടിച്ച പുതിയൊരു ഉണര്‍വ് നെപ്പോളിയന്റെ ആക്രമണത്തോടെ വല്ലാത്തൊരു തളര്‍ച്ചയിലായി.
നെപ്പോളിയന്റെ പതനത്തോടെ (1815) റൈന്‍ലാന്‍ഡിന്റെ സാമ്പത്തികഘടന മാറിമറിഞ്ഞു. റൈന്‍ലാന്‍ഡ് ജര്‍മ്മനിയുടെ ഏറ്റവും വലിയ പ്രവിശ്യയായ പ്രഷ്യയുടെ ഭാഗമായി. നേരത്തേ അപ്രത്യക്ഷമായ ഫ്യൂഡല്‍വ്യവസ്ഥ തിരിച്ചുവന്നു. ഭരണകാര്യങ്ങളിലെ അവ്യവസ്ഥ മുതലെടുത്തുകൊണ്ട് കാര്‍ഷികരംഗവുമായി ബന്ധമില്ലാതിരുന്ന ഉദ്യോഗസ്ഥ പ്രമുഖന്മാര്‍ പുതിയ ജന്മിമാരായി. ഇങ്ങനെയൊരു സാമ്പത്തിക സാംസ്‌കാരിക ഭൂമികയിലാണ് പില്‍ക്കാലത്ത് ഏറ്റവും വലിയ ചരിത്രശില്പികളിലൊരാളായ കാറല്‍ മാര്‍ക്‌സ് പിറവിയെടുത്തത്.
വംശാവലി
പിന്നിലേക്കു സഞ്ചരിക്കുമ്പോള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ക്കുള്ള മാര്‍ക്‌സ് കുടുംബത്തിന്റെ വംശാവലിയെ കുറിച്ചറിയാന്‍ കഴിയും. കാറല്‍ മാര്‍ക്‌സിന്റെ മുത്തച്ഛന്‍ മാര്‍ക്‌സ് ലെവി ഒരു ജൂതപുരോഹിതനായിരുന്നു. മുത്തശ്ശി ഏവ. ലെവി – ഏവ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കള്‍. മൂത്തയാള്‍ സാമുവേല്‍, രണ്ടാമന്‍ ഹിര്‍ഷേല്‍. മാര്‍ക്‌സ് – ലെവി അന്തരിച്ചപ്പോള്‍ മൂത്തമകന്‍ പുരോഹിതനായി. ഹിര്‍ഷേലിന്റെ വഴി മറ്റൊന്നായിരുന്നു. അയാള്‍ നിയമവിദ്യാഭ്യാസം നേടി അഭിഭാഷകനായി. ഇസ്രായേല്‍ എന്ന രാജ്യം യാഥാര്‍ത്ഥ്യമാകുന്നതിനുമുമ്പ് അഭയാര്‍ത്ഥികളായി അലഞ്ഞുനടക്കുന്ന ഒരു സമൂഹമായിരുന്നു ജൂതവംശജര്‍. ഏതു രാജ്യത്തും അവര്‍ ഒരുപോലെ അവമതിക്കപ്പെട്ടു. വ്യത്യസ്ത കാലങ്ങളില്‍ ട്രിയര്‍ ഫ്രാന്‍സിന്റെയും ജര്‍മ്മിയുടെയും കീഴില്‍ വര്‍ത്തിച്ചിട്ടുണ്ട്. ഏതു ഭരണത്തിലും ജൂതസമൂഹത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. നെപ്പോളിയന്റെ പതനം കഴിഞ്ഞതോടെ യൂറോപ്പിലെ ഏകാധിപതികള്‍ വിയന്നയില്‍കൂടി നാടുകള്‍ പങ്കുവച്ചപ്പോള്‍ ട്രിയര്‍ ജര്‍മ്മനിക്കു ലഭിച്ചു. ഭരണാധികാരികളുടെ സൗമനസ്യം ലഭിച്ചേക്കും എന്ന വിചാരത്തില്‍ ജൂതസമൂഹം ജര്‍മ്മനിയുടെ ആധിപത്യത്തെ സ്വാഗതം ചെയ്തു. പക്ഷേ, അധികാരികളുടെ സമീപനത്തില്‍ ആശാവഹമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഈ സാഹചര്യമാണ് ഹെന്റിച്ച് മാര്‍ക്‌സിനെ മതപരിവര്‍ത്തനത്തിലേക്കു നയിച്ചത്.
മതപരിവര്‍ത്തനം
പാരമ്പര്യരീതിയിലുള്ള മതാചാരങ്ങളില്‍ ഉദാസീനനായിരുന്നു ഹിര്‍ഷേല്‍. ജൂതസമൂഹം അനുഭവിച്ചുകൊണ്ടിരുന്ന അവഗണനയിലും അപമാനത്തിലും ഹിര്‍ഷേല്‍ ഖിന്നനായിരുന്നു. മതപരിവര്‍ത്തനം കൊണ്ട് അവഗണനകള്‍ക്ക് പരിഹാരം തേടിയാലോ എന്നൊരു ചിന്ത ആ ഹൃദയത്തില്‍ കുടിയേറി. ഒരു നാള്‍ ഹിര്‍ഷേല്‍ ജൂതമതം ഉപേക്ഷിക്കുകയും ക്രിസ്തുമതത്തിലെ ലൂഥറന്‍ വിഭാഗത്തില്‍ ചേരുകയും ചെയ്തു. ഹിഷേലിന്റെ ഭാര്യ ഹെന്റിയറ്റും കുട്ടികളും പിന്നീടാണ് ഹിഷേലിന്റെ വഴിക്ക് ക്രിസ്തുമതത്തില്‍ എത്തിച്ചേര്‍ന്നത്.
ഹോളണ്ടിലെ ജൂതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു ഹെന്റിയറ്റ്. മതകാര്യങ്ങളില്‍ അവരുടെ മനസ്സ് സങ്കുചിതവും ഉറച്ചതുമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതോടെ ഹിര്‍ഷേലിന്റെ പേരില്‍ ചെറിയൊരു മാറ്റം വരുത്തി. ഹിര്‍ഷേല്‍ എന്ന സ്ഥാനത്ത് ഹെന്റിച്ച് എന്നായിരുന്നു മാറ്റം.
ഹെന്റിച്ച് മാര്‍ക്‌സ് ധാരാളമായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തില്‍ വോള്‍ട്ടയര്‍, റൂസ്സോ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുടെ ധാരാളം കൃതികള്‍ ഇടംപിടിച്ചിരുന്നു. വ്യക്തിപരമായ സത്യസന്ധതയും ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ സ്വതന്ത്രചിന്തയുടെ ഭാഗമായിരുന്നു. ലിബറലിസത്തിനപ്പുറം കടക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. പൊലീസിന്റെ ഒരു കണ്ണ് എപ്പോഴും ഹെന്റിച്ചില്‍ പതിഞ്ഞിരുന്നത് വെറുതെയല്ല.
കുടുംബത്തിന്റെ പ്രിയപ്പെട്ടവന്‍
ഹെന്റിച്ച് – ഹെന്റിയറ്റ് ദമ്പതികള്‍ക്ക് ആകെ ഒന്‍പതുമക്കള്‍. കൂട്ടത്തില്‍ മൂന്നാമനാണ് കാള്‍. കുടുംബകാര്യങ്ങള്‍ നേരെ നോക്കാന്‍തന്നെ വേണ്ടത്ര സമയമില്ലാതെ ഉഴലുന്ന ഒന്നായിരുന്നു ഹെന്റിയറ്റിന്റെ ജീവിതം. മൂന്നു സഹോദരന്മാരും അഞ്ചു സഹോദരിമാരുമാണ് കാളിന് ഉണ്ടായിരുന്നത്. സഹോദരന്മാര്‍ മൂന്നും സഹോദരിമാരില്‍ രണ്ടുപേരും നേരത്തെ അന്തരിച്ചു. സോഫി, ലൂയി, എമിലി എന്നീ സഹോദരിമാരുടെ ഏക ആങ്ങളയെ അവര്‍ നല്ലതുപോലെ കൊഞ്ചിച്ചു. അങ്ങനെ കുടുംബത്തിനാകെ പ്രിയപ്പെട്ടവനായി കാറല്‍ മാര്‍ക്‌സ് വളരുകയായിരുന്നു. കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രത്യേകമായ കഴിവ് ചെറുപ്രായത്തില്‍ തന്നെ കാള്‍ പ്രകടിപ്പിച്ചു. കഥകള്‍ മിനയാനും പറഞ്ഞുഫലിപ്പിക്കാനും ഉള്ള സാമര്‍ത്ഥ്യം മറ്റൊന്ന്.
മകനെ കൊഞ്ചിക്കുന്നതില്‍ അമ്മയ്ക്ക് സമയക്കുറവ് പ്രശ്‌നമായിരുന്നു. അച്ഛനുമായിട്ടുള്ള അസാധാരണമായ സൗഹൃദബന്ധമാണ് കാള്‍ പുലര്‍ത്തിയിരുന്നത്. അച്ഛന്റെ വ്യക്തിത്വം വിശിഷ്ടമായ ഒന്നാണെന്ന് കാള്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ നേര്‍ക്കുള്ള മതിപ്പും ആദരവും പില്‍ക്കാലത്ത് പലവട്ടം കാറല്‍ മാര്‍ക്‌സ് അനുസ്മരിച്ചിട്ടുണ്ട്.