Saturday
16 Feb 2019

കാള്‍ മാര്‍ക്‌സിന് മരണമില്ല

By: Web Desk | Sunday 10 February 2019 10:28 PM IST

മഹാന്മാര്‍ക്ക് മരണമില്ലെന്നാണ് ആപ്തവാക്യം. എന്നാല്‍ മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരെ ആ ലക്ഷ്യത്തിന്റെ ബദ്ധശത്രുക്കള്‍ കൊലചെയ്‌തെന്ന് വരും. അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെടുകയാണുണ്ടായത്. മഹാത്മാഗാന്ധി ഒരു യഥാര്‍ത്ഥ ഹിന്ദുവായാണ് ജീവിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തത്.
പക്ഷെ, ഒരു നല്ല ഹിന്ദുവായിരിക്കെത്തന്നെ മതമൈത്രിയായിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമന്ത്രം. പക്ഷെ, കപട ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അഞ്ചാംമാസത്തില്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടുകരിച്ചു.
അതുപോലൊരു മഹത്തായ ലക്ഷ്യമായിരുന്നു കാള്‍ മാര്‍ക്‌സിന്റേതു രണ്ടരലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമുഖത്ത് അവതരിച്ച മാനവരാശിയുടെ ചരിത്രത്തിന്റെ പുതിയൊരു അധ്യായം, സോഷ്യലിസമെന്ന അധ്യായം, എഴുതിച്ചേര്‍ത്ത അദ്ദേഹം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയുടെ തലതൊട്ടപ്പന്‍മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. 1848 ല്‍ ഫ്രെഡറിക്ക് ഏംവല്‍സുമായി ചേര്‍ന്നു മാര്‍ക്‌സ് തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയില്‍ തന്നെ മാര്‍ക്‌സ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നു. യൂറോപ്പിനെ ഒരു ദുര്‍ഭൂതം, കമ്മ്യൂണിസം എന്ന ദുര്‍ഭൂതം പിടികൂടിയിരിക്കുന്നുവെന്നാണ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയത്. ആ ദൂര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ മാര്‍പാപ്പയും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയും യൂറോപ്പിലെ മറ്റെല്ലാ ഭരണക്കാരും മതമേധാവികളും ഒരു കരാറിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു വച്ചിരുന്നു.
സോഷ്യലിസവും കമ്മ്യൂണിസവും ഒരു ആശയം മാത്രമായിരുന്ന കാലത്താണ് അതിനെ തുരത്താനുള്ള അധികാരകേന്ദ്രങ്ങളുടെ ഒരു മഹാസഖ്യത്തെപ്പറ്റി മാര്‍ക്‌സ് എഴുതിയത്. വരാനിരിക്കുന്ന എതിര്‍പ്പിന്റെ കാഠിന്യത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്. മനുഷ്യോല്‍പ്പത്തിക്ക് ശേഷം ലോകത്തുണ്ടായിട്ടുള്ള വിവിധ സാമൂഹ്യഘടനകളുടെ വികാസനിയമങ്ങള്‍ സശ്രദ്ധം പഠിച്ചതിനുശേഷമാണ് സോഷ്യലിസത്തിലേക്കും കമ്മ്യുണിസത്തിലേക്കുമുള്ള പുരോഗതിക്ക് അദ്ദേഹം വഴികാട്ടിയത്. ഇതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരങ്ങളുടേതാണെന്നും നഷ്ടപ്പെടാന്‍ കാല്‍ചങ്ങലയല്ലാതെ മറ്റൊന്നുമില്ലാത്തു തൊഴിലാളി വര്‍ഗ്ഗം ചൂഷണമേതുമില്ലാത്ത ഒരു സമൂഹത്തിന് നേതൃത്വം നല്‍കുമെന്നുമാണ് കാള്‍ മാര്‍ക്‌സും ഏംഗല്‍സും കൂടി സിദ്ധാന്തിച്ചെടുത്തത്.
പക്ഷെ ഉല്‍പ്പത്തിമുതല്‍ക്കുള്ള മാനവ സമൂഹങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും പതുക്കെപ്പതുക്കെയുള്ളതായിരുന്നു. ആദ്യഘട്ടങ്ങളില്‍ നിന്ന് മാറ്റത്തിന് സഹസ്രാബ്ദങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വന്നു വ്യാവസായിക വിപ്ലവത്തിനുശേഷമുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളാണ് ജീവിത സാഹചര്യങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
മുതലാളിത്തം മനുഷ്യന്റെ ആദിയുമല്ല, അന്ത്യവുമല്ല. തൊളിലാളി വര്‍ഗത്തിന് അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞാന്‍ ഉടലെടുക്കുന്ന സോഷ്യലിസ്റ്റ് സമൂഹം വര്‍ഗരഹിതമായ ഒരു വ്യവസ്ഥയായിരിക്കും. രൂപം നല്‍കുന്നത്. ഇത് ഒരു ദിവാസ്വപ്‌നമല്ലെന്നാണ് 1871 ലെ പാരീസ് കമ്മ്യൂണും 1917 ലെ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും, പിന്നീട് 1949 ല്‍ ചൈനയും 1959 ല്‍ ക്യൂബ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അദ്ധ്വാനത്തിന്റെ ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥ സോഷ്യലിസത്തിന് സ്ഥാനം ഒഴിഞ്ഞുകൊടുക്കുമെന്ന് കരുതാനാവില്ല. ഒക്‌ടോബര്‍ വിപ്ലവത്തെ ഇല്ലായ്മ ചെയ്യാന്‍ പതിന്നാല് പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തിയ സായുധ ഇടപെടല്‍ പൊളിഞ്ഞിട്ടും അവര്‍ കൈയും കെട്ടിഇരിക്കുകയായിരുന്നില്ല. ജര്‍മനിയിലെ ഹിറ്റ്‌ലറുടെയും ഇറ്റലിയിലെ മുസ്സോളിനിയുടെയും ജപ്പാനിലെ ജനറല്‍ ടൊജൊയുടെയും കൂട്ടായ ആക്രമണത്തില്‍ സോവിയറ്റ് സോഷ്യലിസം നിലംപരിശാകുമെന്ന മുതലാളിത്ത പ്രതിക്ഷയും സഫലമായില്ലെങ്കിലും അവര്‍ തോല്‍വി സമ്മതിച്ചില്ല. 1980കളുടെ അവസാനത്തില്‍ ആഭ്യന്തര അഞ്ചാം പത്തികളിലൂടെയുള്ള തുരപ്പന്‍ പ്രവര്‍ത്തനത്തിലൂടെ സോവിയററ് ഭരണത്തെ അട്ടിമറിക്കുന്നതില്‍ വിജയിച്ചതോടെ മുതലാളിത്ത ശക്തികള്‍ക്ക് പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. ചൈനയില്‍ സ്വകാര്യമൂലധനത്തിന് ലഭിച്ചിട്ടുള്ള വര്‍ധിച്ച പങ്ക് മൂലം അവിടെയും തൊഴിലാളിവര്‍ഗ ഭരണം അട്ടിമറിക്കപ്പെട്ടുകൊള്ളുമെന്നാണ് അവരുടെ ഇപ്പോഴത്തെ മോഹം, പക്ഷെ, അത്തരം പരീക്ഷണങ്ങളിലൂടെ ചൈന അമേരിക്കയെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള ഒരു സമ്പദ്‌വ്യവസ്ഥയായി മാറുകയാണ് ചെയ്തിട്ടുള്ളതെന്ന് വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ചൈനയുടെ ഈ മുന്നേറ്റം ലോക സാമ്രാജ്യത്വത്തിന് കനത്ത പ്രഹരമായിരിക്കുമെന്നും, അത് സോഷ്യലിസത്തിലേക്കുള്ള ഒരു പുതിയ പാത വെട്ടിത്തുറക്കുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. ഇനി ആ ശ്രമത്തിനു സോവിയറ്റ് യൂണിയനിലെപ്പോലെ തിരിച്ചടി നേരിട്ടാലും അതോടെ സോഷ്യലിസം പരാജയപ്പെട്ടെന്ന് ആരും ധരിക്കേണ്ടതില്ല.

karl marx

അതാണ് കാള്‍ മാര്‍ക്‌സ് ലോകചരിത്ര ഗതിയെയും സാമ്പത്തിക വളര്‍ച്ചയെയും പറ്റി നടത്തിയ പഠനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ‘മൂലധനം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള ബൃഹത്തായ മൂന്നു വാല്യങ്ങളിലൂടെ കാള്‍ മാര്‍ക്‌സ് ഒരു പുതിയ ലോക പിറവിക്കുള്ള സാധ്യതയാണ് വരച്ചുകാട്ടിയിട്ടുള്ളത്. സോഷ്യലിസം എന്ന സംജ്ഞ മാര്‍ക്‌സിനും ഏംഗല്‍സിനും മുന്‍പ് തന്നെ യൂറോപ്പിലെ മനുഷ്യ സ്‌നേഹികളായ തത്വചിന്തകര്‍ പ്രചരിപ്പിച്ചിരുന്നു. ബ്രിട്ടനില്‍ റോബര്‍ട്ട് ഓവന്‍ എന്ന ചെറുകിട വ്യവസായിയും, ഫ്രാന്‍സില്‍ സെയിന്റ് സൈമണ്‍, ചാള്‍സ് ഫ്യൂറിയര്‍ എന്നീ ദാര്‍ശനികരും സോഷ്യലിസമെന്ന ആശയം പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇതിലും വളരെ മുന്‍പ് ഇംഗ്ലണ്ടിലെ തന്നെ തോമസ് മൂര്‍ ‘ഉട്ടോപ്പിയ’ (സാങ്കല്‍പിക സ്വര്‍ഗ്ഗം) എന്ന കൃതിയിലും ഇറ്റാലിയന്‍ ചിന്തകനായ തോമസ് കമ്പാനല്ല ‘സൂര്യനഗരം’ എന്ന കൃതിയിലും, മെസ്ലിയെ എന്ന പാതിരി ‘ടെസ്റ്റമെന്റ്’ എന്ന ഗ്രന്ഥത്തിലും അക്കാലത്ത് (17-18 നൂറ്റാണ്ട്) നാടുവാഴിത്ത മുതലാളിത്ത സമൂഹത്തിലെ ജനജീവിതത്തിന്റെ നരകയാതനകള്‍ക്ക് ബദലായി ഒരു പുതിയ ലോക സൃഷ്ടിയുടെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ഇവരുടെയെല്ലാം അമൂര്‍ത്തമായ സോഷ്യലിസമെന്ന ആശയത്തിന് മൂര്‍ത്തവും ശാസ്ത്രീയവും പ്രായോഗികവുമായ ഒരു രൂപം നല്‍കിയെന്നതാണ് ഈ ദിശയിലുള്ള മാര്‍ക്‌സിന്റെ ഏറ്റവും വലിയ സംഭാവന.
സിദ്ധാന്തം ആവിഷ്‌കരിക്കുക മാത്രമല്ല മാര്‍ക്‌സ് ചെയ്തത്. സോഷ്യലിസത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ലോകത്താകെ കെട്ടിപ്പടുക്കാനും അദ്ദേഹം സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് ചിന്താഗതിക്കാരെ ഒരു സംഘടനയില്‍ അണിനിരത്താന്‍ ആദ്യം ഒരു കമ്മ്യൂണിസ്റ്റ് ലീഗും പിന്നീട് 1964 ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലും രൂപീകരിക്കാന്‍ മാര്‍ക്‌സും എംഗല്‍സും മുന്‍കൈഎടുക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി വര്‍ഗത്തിന്റെ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത് പ്രചോദനമായി. യന്ത്രം തിരിക്കുന്ന കൈകള്‍ക്ക് ഭരണചക്രം തിരിക്കാനും കഴിയുമെന്ന ബോധം വളര്‍ത്താന്‍ ഇത് സഹായകമായി.
തൊഴിലാളിവര്‍ഗ വിമോചന ശാസ്ത്രത്തിന് അടിത്തറപാകാനായി, ‘മൂലധന’ ത്തിന്റെ രചനയ്ക്കുവേണ്ടി ലണ്ടനിലെ ഗ്രന്ഥശാലയില്‍ രാപകല്‍ കുത്തിയിരുന്നു വിവരങ്ങള്‍ ശേഖരിക്കുകയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കടുകിടതെറ്റാതെ ശ്രദ്ധിക്കുകയും ചെയ്ത മാര്‍ക്‌സിന്റെ ജീവിതം എത്ര ദുരിതപൂര്‍ണമായിരുന്നുവെന്ന് അധികമാര്‍ക്കും നിശ്ചയമുണ്ടാവില്ല. തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടുന്നതിനിടയിലും ഹെലിന്റെ വൈരുദ്ധ്യാത്മക വാദത്തെ ശീര്‍ഷാസനാവസ്ഥയില്‍ നിന്ന് അടര്‍ത്തിയെടുത്തു വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന തത്വചിന്ത മിനുക്കിയെടുക്കാന്‍ പണിപ്പെടുന്നതിനിടയില്‍ സ്വദേശമായ ജര്‍മനിയില്‍ നിന്ന് നാടുകടത്തപ്പെട്ട് ഫ്രാന്‍സിലെത്തുകയും, അവിടെനിന്ന് ലണ്ടനിലേക്ക് കൂടിയേറുകയും ചെയ്ത മാര്‍ക്‌സ് ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കൈകാലിട്ടടിച്ചുകൊണ്ടാണ് തന്റെ രാഷ്ട്രീയജീവിതം തള്ളിനീക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഏംഗല്‍സ് ഒരു കമ്പനിയില്‍ ജോലി തേടുകപോലും ചെയ്തിരുന്നു. അക്കാലത്ത് മാര്‍ക്‌സ് തന്റെ ആത്മമിത്രത്തിന് എഴുതിയ ഒരു കത്ത് പണമില്ലാതെ ഞെരുങ്ങിയ ആ ദുര്‍ദിനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ”എടോ” , തന്നെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എനിക്കറിയാം. മക്കള്‍ക്ക് ആഹാരവും മരുന്നും വാങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് ഈ കത്ത് എന്നു പറയുമ്പോള്‍ ദാരിദ്ര്യത്തില്‍ കൂടി നീന്തിക്കടന്നുകൊണ്ടാണ് അദ്ദേഹം തന്റെ ശാസ്ത്രദൗത്യം പൂര്‍ത്തിയാക്കിയതെന്ന് ആര്‍ക്കും മനസ്സിലാകും.
അങ്ങനെ തയ്യാറാക്കിയ ‘മൂലധന’ത്തിന്റെ ഒന്നാം വാള്യം പുറത്തിറക്കിയപ്പോള്‍ ഏംഗല്‍സ് ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ നിശബ്ദതയുടെ ഗൂഢാലോചനയിലൂടെയാണ് മുതലാളിത്തലോകം ആ വിശിഷ്ടകൃതി ജനശ്രദ്ധയില്‍ പെടാതിരിക്കാന്‍ ശ്രമിച്ചത്. അപ്പോഴാണ് ഏംഗല്‍സ് കള്ളപ്പേരില്‍ ഗ്രന്ഥനിരൂപണത്തിലൂടെ ‘മൂലധനം’ ലോകസമക്ഷം അവതരിപ്പിച്ചു.
അങ്ങനെയുള്ള ത്യാഗപൂര്‍ണമായ ആ സഫല ജീവിതം 1883 ല്‍ അവസാനിച്ചതിനുശേഷം മാര്‍ക്‌സിനും അദ്ദേഹം രൂപം നല്‍കിയ മാര്‍ക്‌സിസത്തിനുമെതിരായി സമ്പന്നരുടെ കുഴലൂത്തുകാര്‍ നടത്തിയ കൂപ്രചരണങ്ങള്‍ക്ക് കണക്കില്ല. പക്ഷെ, എന്തുകൊണ്ടോ എന്തോ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമം ഒന്നും ഉണ്ടായില്ല. ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്തു അവരുടെ വാ മൂടിക്കെട്ടുന്ന സംസ്‌കാരരാഹിത്യം അന്ന് ശക്തി പ്രാപിച്ചിരുന്നില്ലാത്തതായിരിക്കാം ഇതിനു കാരണം അദ്ദേഹത്തിന്റെ സൃഷ്ടിപര പ്രവര്‍ത്തങ്ങള്‍ പൂര്‍ണമായത് ലണ്ടനില്‍ വച്ചായതും ഇതിനു കാരണമായിരുന്നിരിക്കാം. മുതലാളിത്തം അതിന്റെ വളര്‍ച്ചയുടെ പൂക്കാലത്തായിരുന്നപ്പോഴും ഇംഗ്ലണ്ട് ലിബറലിസത്തിന് വിലകല്‍പ്പിച്ചിരുന്നതുകൊണ്ടുമാകാം അദ്ദേഹത്തിന് ജീവഹാനി സംഭവിക്കാതിരുന്നത്.
പക്ഷെ, മരണശേഷം അദ്ദേഹത്തെപ്പറ്റിയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിന് ഒരു കുറവുമുണ്ടായില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തിന് ലഭിച്ച പുഷ്പാഭിഷേകത്തിനൊപ്പം കല്ലേറും വേണ്ടുവോളമുണ്ടായി. ജര്‍മനിയിലെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചതിനെതിരായി പുത്തന്‍ ഫാസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ പ്രകടനം ലോക ശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം രാഷ്ടമീമാംസയ്ക്കും പണിയെടുക്കുന്ന മനുഷ്യന്റെ പുതിയ ലോകസൃഷ്ടിക്കും നല്‍കിയ സംഭാവനകള്‍ സാര്‍വ്വത്രികമായി വാഴ്ത്തപ്പെടുകയും ചെയ്തു. മാര്‍ക്‌സ് ലോകത്തോട് വിടപറഞ്ഞെങ്കിലും മാര്‍ക്‌സിസത്തിന് മരണമില്ലെന്ന് ലോകം ഒന്നടങ്കം അംഗീകരിച്ചിരിക്കുന്ന കാഴ്ചയാണ് അന്നുകണ്ടത്.
അതു സഹിക്കാന്‍ കഴിയാതെ പോയവരാണ് ഇക്കഴിഞ്ഞ ദിവസം ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തെ വികൃതമാക്കിയത്. നായ്ക്കള്‍ കുരച്ചതുകൊണ്ട് തീര്‍ത്ഥാടക യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. 1968 ല്‍ ഒരു വര്‍ഷം ഹംഗറിയില്‍ ചെലവിടുന്നതിനിയില്‍ ഈ ലേഖകനും ലണ്ടനിലെത്തിയപ്പോള്‍ ഹൈഗേറ്റ് സെമിത്തേരിയിലെത്തി ഒരു പൂച്ചെണ്ട് സമര്‍പ്പിച്ച കാര്യം സന്തോഷത്തോടെയാണ് സ്മരിക്കുന്നത്.
മാര്‍ക്‌സിനും മാര്‍ക്‌സിസത്തിനും മരണമില്ലെന്നാണ് ലോകത്തെല്ലായിടങ്ങളിലും നടന്ന അദ്ദേഹത്തിന്റെ രണ്ടാം ശതവാര്‍ഷികം ലോകത്തോട് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത്. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ കൊലപാതക വാര്‍ഷിക ദിനത്തില്‍ മതഭ്രാന്തന്മാര്‍ ആ വെടിവെയ്പ് രംഗം പുനരാവിഷ്‌കരിച്ചത് ഫാസിസവും മരിച്ചിട്ടില്ലെന്നാണ് ലോകത്തെ ഓര്‍മിപ്പിക്കുന്നത്.