March 24, 2023 Friday

യുഗപ്രഭാവനായ കാൾ മാർക്‌സ്

പന്ന്യൻ രവീന്ദ്രൻ
May 6, 2020 2:30 am

കാൾ മാർക്‌സിന്റെ തത്വശാസ്ത്രം, ലോകമാകെയുള്ള ജനകോടികൾക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചവും ആശ്വാസത്തിന്റെ സുഖാനുഭൂതിയുമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വായിച്ച പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ലോകത്താകമാനം സോഷ്യലിസ്റ്റ് ഭരണ കൂടങ്ങൾ തകർന്നു വീണപ്പോൾ മുതലാളിത്വ ബുദ്ധിജീവികൾ വിളിച്ചുകൂവിയത് കമ്മ്യൂണിസം മരിച്ചുവെന്നാണ്. ലോകം മുഴുവൻ നടന്ന പ്രചണ്ഡ കോലാഹലങ്ങളെയും ആഹ്ളാദ പ്രകടനങ്ങളെയും പഠിച്ചുകൊണ്ട് മാർപാപ്പാ തിരുമേനി നടത്തിയ അഭിപ്രായപ്രകടനം ചൂഷക വർഗ്ഗത്തെ അങ്കലാപ്പിലാക്കി. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമാണ്. അത് തകർന്നു എന്ന് പറയുന്നത് അസത്യമാണ്. ഒരു പ്രത്യയശാസ്ത്രം തകരുന്നതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് പകരമായി വരുമ്പോഴാണ്. ഇന്ന് ലോകത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പകരമില്ല. മാർക്‌സിനെ ചിന്തകന്മാർ പ്രകീർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉള്ളറകൾ ആരും ശ്രദ്ധിക്കാറില്ല.

ഹാനായ കാൾ മാർക്‌സ് ഓർമ്മ പുസ്തകത്തിൽ തെളിഞ്ഞു നിൽക്കുന്നു. മാർക്‌സിന്റെ 202-ാം ജന്മദിനം മെയ് അഞ്ചിനായിരുന്നു. മനുഷ്യരാശിക്ക് നവീന സുന്ദര ജീവിതം ആഹ്വാനം ചെയ്ത മാർക്‌സിന്റെ പ്രത്യയശാസ്ത്രത്തിന് എന്നും തിളക്കമേറുകയാണ്. ലോക മുതലാളിത്തം കുഴപ്പത്തിൽ നിന്നും അഗാധ ഗർത്തത്തിലേക്ക് കൂപ്പു കുത്തുമ്പോൾ മറുമരുന്ന് തേടുന്ന അവസ്ഥയിൽ മാർക്‌സിന്റെ നിഗമനങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. മാർക്‌സിന്റെ തത്വശാസ്ത്രവും നിഗമനങ്ങളും പഠിക്കുന്നവർ മാർക്‌സ് എന്ന വ്യക്തിയെക്കുറിച്ച് മനസിലാക്കുവാൻ തയ്യാറാകുമായിരുന്നില്ല. അതിദയനീയമായ ജീവിതം നയിച്ച മാർക്‌സിനെ ആർക്കും അറിയില്ല എന്നതാണ് സത്യം. മാർക്‌സിന്റെ ശവകുടീരം സന്ദർശിച്ച പ്രിയപ്പെട്ട വിപ്ലവ കവി ഒഎൻവി എഴുതിയത് ‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു’ എന്നാണ്.

മൂലധനത്തിന്റെ രചനക്കിടയിലാണ് മാർക്‌സിന്റെ മകൻ കടുത്ത പനിപിടിച്ചു മരിച്ചത്. വീട്ടുകാര്യങ്ങൾ ജെന്നിയുടെ ചുമതലയിലാണ്. മാർക്‌സ് ആ ഭാഗം ശ്രദ്ധിക്കാറില്ല. ജെന്നി വീട്ടുകാര്യങ്ങൾ ഭർത്താവിനോട് പറയാറും ഇല്ല. മകന് പനിയാണ്, ഡോക്ടറെ കാണിക്കാൻ പണമില്ല. മാർക്‌സിന് കടലാസും മഷിയും ചുരുട്ടും വേണം. എന്തു ചെയ്യും? ജെന്നി അസ്വസ്ഥയായി. പനി കൂടിക്കൊണ്ടിരിക്കുന്നു. ആകാശം കറുത്തു രാത്രിയായി. മകൻ അബോധാവസ്ഥയിലായി. ജെന്നി മകനെയും കൊണ്ട് ഡോക്ടറെ കാണാനെത്തി. ഡോക്ടർ ക്ഷുഭിതനായി പറഞ്ഞു, ‘നിങ്ങൾ എന്തേ ഇത്രയും നാൾ കാത്തിരുന്നു. കുഞ്ഞ് അപകടനിലയിലാണ്. കുറിച്ചു കൊടുത്ത മരുന്നു പെട്ടെന്ന് വാങ്ങിക്കൊടുക്കാനും നിർദ്ദേശിച്ചു. ജെന്നി നിസ്സഹായയായി. കയ്യിൽ പണമില്ല.

പലരോടും പണം കടം ചോദിച്ചു. ഫലം നിരാശ. എന്ത് ചെയ്യും. വീട്ടിൽ ആകെയുള്ള വിലകൂടിയ സാധനമായ മാർക്‌സിന്റെ കോട്ട് പണയം വയ്ക്കാൻ ചെന്നു. ബ്ലെയ്ഡുകാരൻ പറഞ്ഞു, ‘ഇത് കീറിയ കോട്ടാണ്. പണയമെടുക്കില്ല. എല്ലാ വഴികളും മുട്ടി. നിരാശയിലായ ജെന്നി പൊട്ടിക്കരഞ്ഞുകൊണ്ട് മകനെയും കെട്ടിപ്പിടിച്ചു കിടന്നു. തീക്കട്ടപോലെ പനിയുള്ള മകന്റെ ശരീരം വെളുപ്പിന് മുൻപ് തണുത്ത് മരവിച്ചു. അവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മരണവ്യഥ മാർക്‌സിനെയും ജെന്നിയെയും തളർത്തി. മാർക്‌സ് പറഞ്ഞു, ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനാണ് വിട്ടു പിരിഞ്ഞത്. അവൻ ഒരു ദിവസം എന്നോട്ടു പറഞ്ഞു, ‘അച്ഛാ എനിക്കൊന്ന് കുതിരപ്പുറത്ത് കയറണം’. എന്റെ കയ്യിൽ പണമില്ല. ഞാൻ അവനെ എന്റെ മുതുകത്ത് കയറ്റി സമാധാനിപ്പിച്ചു. കുഞ്ഞിന്റെ മരണം ജെന്നിയെ തളർത്തി. രണ്ടാഴ്ച കിടപ്പിലായിരുന്നു.

ഒടുവിൽ മാർക്‌സ് ജെന്നിയെ സമാധാനിപ്പിച്ചത് മായാത്ത ചിത്രമാണ്. മാർക്‌സ് പറഞ്ഞു, ജെന്നി… നിന്റെ ദുഃഖഭാരം എനിക്കറിയാം. സ്വന്തം മകനെ ശ്രദ്ധിക്കാത്ത ക്രൂരനായ പിതാവിന്റെ സ്ഥാനമാണെനിക്ക്. പക്ഷെ നമുക്ക് ദുഃഖം മനസ്സിലടക്കാനല്ലെ കഴിയുകയുള്ളു. ജെന്നി, നമ്മുടെ മകന്റെ വേർപാട് നമ്മളെ കടുത്ത ദുഃഖത്തിലാഴ്ത്തി. അതും മനസിൽവച്ച് നമുക്ക് ദുഃഖിച്ചിരുന്നാൽ പോര. നമ്മുടെ ഉത്തരവാദിത്വം ചെയ്തുതീർക്കണം. സ്വന്തം മക്കൾ ഗുരുതരമായ രോഗത്തിൽ കഴിയുമ്പോൾ, അവർക്ക് മരുന്നു വാങ്ങിക്കൊടുക്കാൻ കഴിയാതെ മക്കൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങൾ ലോകമാകെ ഉണ്ട്. അത്തരം മനുഷ്യരുടെ കഷ്ടപ്പാട് മാറ്റാൻ ജെന്നീ, നമ്മൾ ഉണർന്നു പ്രവർത്തിക്കണം. യുഗപ്രഭാവനനായ കാറൾ മാർക്‌സിന്റെ ജീവിതത്തിലെ ദുരിതമയമായ ഒരേട് മാത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.